ഇ വാർത്ത | evartha
മലപ്പുറത്ത് ഇതര മതസ്ഥനെ വിവാഹം കഴിച്ച എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് പിതാവിന്റെ വധഭീഷണി
ഇതര മതസ്ഥനെ വിവാഹം കഴിച്ച എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് വധ ഭീഷണി. വിദേശത്തുള്ള പിതാവ് ഫോണില്‍ സന്ദേശം അയച്ച് ഭീഷണിപ്പെടുത്തിയതായി മലപ്പുറം വേങ്ങര സ്വദേശി നസ്ല പൊലീസില്‍ പരാതി നല്‍കി. തങ്ങളെ കൊല്ലാന്‍ വീട്ടുകാര്‍ കൊട്ടേഷന്‍ കൊടുത്തതായും സംശയമുണ്ടെന്ന് നസ്ല വെളിപ്പെടുത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
നസ്‌ലയുടെ ഭര്‍ത്താവായ വിവേകിന്റെ അച്ഛന്റെ ഫോണിലേയ്ക്കാണു ഭീഷണി സന്ദേശം അയച്ചത്. ദമ്പതികളെയും വിവേകിന്റെ അച്ഛനെയും വകവരുത്തേണ്ടത് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നാണ് സന്ദേശത്തില്‍ പറയുന്നത്. താന്‍ നാട്ടിലെത്തിയാല്‍ ഇതിനായി സമയം കളയില്ലെന്നും, നേരിടാന്‍ തയ്യാറായി ഇരിക്കാനും സന്ദേശത്തിലുണ്ട്. ഇതോടെയാണ് യുവതിയും ഭര്‍ത്താവും പൊലീസിന് പരാതി നല്‍കിയത്.
വിവേകിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കോഴിക്കോടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും വീട്ടുകാര്‍ നേരത്തെ നസ്‌ലയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് വിവേക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നസ്‌ലയുടെ മാതാവ് ബുഷ്റയെയും അമ്മാവന്‍ മുഹമ്മദലിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ സമയത്ത് ഉമ്മയുടെയും അമ്മാവന്റെയും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നതായും നസ്ല വ്യക്തമാക്കി. എന്നാല്‍ ഇതു മാതാപിതാക്കളുടെ താല്‍പര്യമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഗൂഢതാല്‍പര്യങ്ങളുള്ള ചിലര്‍ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കുകയാണെന്നും നസ്ല പറഞ്ഞു.
കഴിഞ്ഞ ജൂലൈ 12 നായിരുന്നു കോഴിക്കോട് വൈരാഗി മഠത്തില്‍വച്ച് നസ്ലയും വിവേകും വിവാഹിതരായത്. എന്നാല്‍ 14ന് നസ്ലയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ ഏര്‍വാഡിയില്‍ താമസിപ്പിച്ചതായി വിവേക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചു ഭര്‍ത്താവിനൊപ്പം പോകാന്‍ നസ്ലയ്ക്ക് കോടതി അനുമതി നല്‍കുകയായിരുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2FyDU5E
via IFTTT

No comments:
Post a Comment