രാഷ്ട്രീയ കാര്‍ണിവലില്‍ വിജയമാര്‍ക്ക് ? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

രാഷ്ട്രീയ കാര്‍ണിവലില്‍ വിജയമാര്‍ക്ക് ?

ചരിത്രം എത്ര പുനർ വായനക്ക് വിധേയമാക്കിയാലും ,സായുധ യുദ്ധങ്ങളിൽ വിജയപരാജയങ്ങൾ അടയാളപ്പെടുത്തുക എളുപ്പമാണ്.തോറ്റവരെയും വിജയിച്ചവരെയും നിർണയിക്കുന്നതിൽ ആശയക്കുഴപ്പമില്ല. നാശനഷ്ടങ്ങളുടെ വസ്തുവിവര കണക്കെടുത്താൽ തന്നെ ചരിത്ര വിദ്യാർഥികൾക്ക് ഉത്തരം ലഭിക്കും.എന്നാൽ ആശയയുദ്ധങ്ങളിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. തോറ്റവരെയും ജയിച്ചവരെയും വിരൽ തൊട്ട് മാറ്റി നിർത്തുക പ്രയാസം.തിരഞ്ഞെടുപ്പ് ഒഴികെയുള്ള രാഷ്ട്രീയ യുദ്ധങ്ങളിലും സ്ഥിതി ഏറെക്കുറെ അങ്ങനെ തന്നെ.വിജയികളെയും പരാജിതരെയും കണ്ടെത്തുക വിഷമകരം. തിരഞ്ഞെടുപ്പിൽ വാഴ്ചയും വീഴ്ചയും നിശ്ചയിക്കാൻ വോട്ടെടുപ്പ് ഉണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനപ്പുറമുള്ള രാഷ്ട്രീയപ്രക്രിയകളിൽ അമൂർത്തമായ വിജയപരാജയങ്ങളെ വ്യാഖ്യാനങ്ങളുടെ അളവ് പാത്രങ്ങൾ കൊണ്ട് അളക്കുക മാത്രമാണ് ഏകവഴി. ബംഗാളിൽ നിന്നെത്തിയ ചില വാർത്തകളുടെ പരിസരത്ത് നിന്നാണ് ഇത്തരം ചിന്തകൾ ഉയരുന്നത്.മൂന്ന് ദിവസങ്ങളിലായി ബംഗാളിൽ അരങ്ങേറിയ രാഷ്ട്രീയ യുദ്ധത്തിൽ വിജയിച്ചതാരാണ് ? മൂന്നാം ദിവസം ഉച്ചക്ക് ശേഷം വിജയം അവകാശപ്പെട്ട് ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ഒരു പോലെ രംഗത്തെത്തിയപ്പോൾ,യഥാർഥ വിജയം ആർക്കാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് യുദ്ധത്തിൽ അതാർക്കാണ് ഗുണകരമാവുകയെന്നുമാണ് ജനങ്ങൾക്കിടയിൽ ചോദ്യമുയർന്നത്. എന്നാൽ,വ്യാഖ്യാനങ്ങൾക്കതീതമെന്ന് കരുതി മാറ്റി വയ്ക്കാതെ ഇക്കുറി ഇതിൽ തീർപ്പ് കൽപിക്കാമെന്നതാണ് പ്രധാന സവിശേഷത.ഡൽഹിയിലും ബംഗാളിലുമായി കഴിഞ്ഞ ദിവസങ്ങളിൽ കൊടിയേറിയ രാഷ്ട്രീയ കാർണിവലിലെ കാറ്റനക്കം നോക്കിയാൽ പറയാം,രാഷ്ട്രീയ വിജയം തൽക്കാലം മമതാ ബാനർജിക്കൊപ്പമാണ്-ആ വിജയത്തിന്റെ ധാർമികത ചർച്ച ചെയ്യപ്പെടേണ്ടതാണെന്നിരിക്കെ തന്നെ. ബി.ജെ.പി, കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി നരേന്ദ്രമോദി, സി.ബി.ഐ എന്നിവർ ഒരു ഭാഗത്തും ,ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇടതുപാർട്ടികൾ ഒഴികെയുള്ള പ്രതിപക്ഷ നിരയും മറുഭാഗത്തുമായി നിലയുറപ്പിച്ച പോരാട്ടം മമതയുടെ രാഷ്ട്രീയ വിജയത്തിലാണ് കലാശിച്ചത് എന്നതാണ് ബംഗാൾ നൽകുന്ന പാഠം. എന്നാൽ,മമത ജയിച്ചപ്പോൾ പരാജയപ്പെട്ടത് മോദിയും ബി.ജെ.പിയും മാത്രമല്ല എന്നതാണ് ഈ വിജയത്തിന്റെ രാഷ്ട്രീയം. മമതയുടെ വിജയത്തിൽ കോൺഗ്രസ് ക്ഷീണിക്കുകയും ഇടതുപാർട്ടികൾക്ക് കോട്ടം തട്ടുകയും ചെയ്തു എന്ന് കൂടി പറയുമ്പോഴാണ് ചിത്രം പൂർണമാകുന്നത്. രാഷ്ട്രീയത്തിനപ്പുറം ധാർമികതയുടെയോ നൈതികതയുടെയോ അടിത്തറ മമതയുടെ നീക്കങ്ങൾക്ക് ഇല്ലെന്ന് സമ്മതിച്ചു കൊണ്ടു വേണം,ഈ രാഷ്ട്രീയവിജയത്തിന്റെ മാറ്റളക്കേണ്ടത്. വിജയത്തിന്റെ ധാർമികത രണ്ട് നേട്ടങ്ങളാണ് മൂന്ന് ദിവസം കൊണ്ട് രാഷ്ട്രീയത്തിൽ നിന്ന് മമതാ ബാനർജി വലവീശിയെടുത്തത്-മമതയ്ക്കും തൃണമൂൽ കോൺഗ്രസിനും മാത്രം ഗുണമായി മാറുന്ന നേട്ടങ്ങൾ. അവിടെ ജനങ്ങളോ ബംഗാൾ എന്ന സംസ്ഥാനമോ ചിത്രത്തിൽ ഇല്ല എന്നതാണ് വസ്തുത. ശാരദാ ചിട്ടി ഫണ്ട്,റോസ് വാലി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതി ചേർക്കപ്പെട്ട മമതയുടെ വിശ്വസ്തരായ തൃണമൂൽ നേതാക്കളെ രക്ഷിച്ചെടുക്കാൻ താൽക്കാലികമായി മമതയ്ക്ക് കഴിഞ്ഞു എന്നതാണ് മമത സ്വന്തമാക്കിയ ഒന്നാമത്തെ നേട്ടം. 2013 മുതൽ രാഷ്ട്രീയപരമായ കളങ്കം വാരിയെറിഞ്ഞ ഈ കേസുകളിൽ മമതയുടെ അടുപ്പക്കാരായ നേതാക്കൾക്ക് നേരെയാണ് അന്വേഷണ സംഘങ്ങളുടെ റഡാർ. തെളിവുകൾ നശിപ്പിച്ച് കുറ്റകൃത്യത്തിൽ പങ്കാളിയായെന്ന ആരോപണം പോലീസ് കമ്മീഷണർ രാജീവ്കുമാറിന് നേരെയും ഉണ്ട്. ഏത് നിമിഷവും ഇവർ അറസ്റ്റ് ചെയ്യപ്പെടാമെന്ന ഭീഷണിയിലാണ് കഴിഞ്ഞ നാലരവർഷം കടന്നു പോയത്. എന്നാൽ നാലര വർഷവും ഒന്നും സംഭവിച്ചില്ല. നാലര വർഷം കഴിഞ്ഞ് മോദി സർക്കാർ കേസ് പൊടി തട്ടിയെടുത്തപ്പോൾ,രാഷ്ട്രീയപ്രേരിതമെന്ന ആരോപണമുയർത്തി തെരുവ് സമരം സംഘടിപ്പിച്ച് അനുയായികളെ സംരക്ഷിക്കാൻ കഴിഞ്ഞു എന്നതാണ് മമതയുടെ ഒന്നാം നേട്ടം.തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.ബി.ഐ.എന്ന അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് തന്നെ വേട്ടയാടാൻ മോദിയും ബി.ജെ.പിയും ശ്രമിക്കുന്നു എന്ന ആരോപണമുന്നയിച്ച് വിശ്വസനീയമായ രീതിയിൽ കഥ തിരിക്കാൻ സമർഥയായ മമതയ്ക്ക് കഴിഞ്ഞു എന്നതാണ് ഈ നേട്ടത്തിന്റെ രാഷ്ട്രീയം. കേസന്വേഷണവുമായി എത്തിയ അന്വേഷണ ഏജൻസിയെ അവരുടെ ചുമതലയിൽ നിന്ന് കേട്ടുകേൾവിയില്ലാത്ത വിധം തടയുകയും ഭരണഘടനയുമായി ബന്ധപ്പെട്ട അസാധാരണ സ്ഥിതി വിശേഷമുണ്ടാക്കുകയും ചെയ്തെന്നുള്ള വസ്തുത ഈ ആരവത്തിൽ മറയ്ക്കാനും മമതയ്ക്ക് കഴിഞ്ഞു ! രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിന്റെ വാതിൽക്കൽ എത്തി നിൽക്കെ,രാജ്യശ്രദ്ധയുടെ മുൻ നിരയിലേക്ക് മമത എന്ന നേതാവിനെ സ്വയം കൊണ്ടു പോയി പ്രതിഷ്ഠിക്കാൻ, ഈ വിഷയത്തെ മമത ചാതുര്യത്തോടെ ഉപയോഗിച്ചു എന്നതാണ് ബംഗാൾ സംഭവം തൃണമൂൽ കോൺഗ്രസിന് നൽകിയ രണ്ടാം നേട്ടം.മോദിക്കെതിരെ പ്രതിപക്ഷനിര കൈകോർക്കുന്ന ഈ ഘട്ടത്തിൽ നേതൃസ്ഥാനത്തേക്ക് സ്വയം അവരോധിതയാവുകയും തിരഞ്ഞെടുപ്പിന് ശേഷം ഒരു പ്രധാനമന്ത്രി സ്ഥാനാർഥിയെ തേടി പ്രതിപക്ഷം അലയേണ്ടതില്ലെന്നുള്ള അപ്രഖ്യാപിത പ്രഖ്യാപനവുമാണ് മമത ഇതിലൂടെ നടത്തിയത്. അതുകൊണ്ടാണ് കഴിഞ്ഞ മാസം കൊൽക്കത്തയിൽ താൻ മുൻ കയ്യെടുത്ത് സംഘടിപ്പിച്ച പ്രതിപക്ഷ കൂട്ടായ്മയാണ് മോദിയെ ചൊടിപ്പിച്ചതെന്നും അതിന്റ തുടർച്ചയാണ് സി.ബി.ഐ.യുടെ നീക്കമെന്നും മൂന്ന് ദിവസം നീണ്ട തെരുവ് സമരത്തിലുടനീളം മമത ആവർത്തിച്ചത്. പ്രതിപക്ഷ സംഗമം മോദിയെ ഭയപ്പെടുത്തിയെന്നും അതിന് മുൻകയ്യെടുത്ത തന്നെ വേട്ടയാടുകയാണെന്നും മമത ഓരാ നിമിഷവും ഉരുവിട്ടു കൊണ്ടിരുന്നു. ഇതോടെ ഇരപരിവേഷവും മമതയ്ക്ക് മേൽ ചാർത്തപ്പെട്ടു. തിരഞ്ഞൈടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ സി.ബി.ഐ അന്വേഷണമെന്ന നീക്കം ആവിഷ്കരിച്ച കേന്ദ്ര സർക്കാരിന്റെ അതിബുദ്ധിയും മമതക്ക് അനുഗ്രഹമായി. ഇത് മൂലം മമതയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന തോന്നൽ ബംഗാളിന് പുറത്തും സ്വീകരിക്കപ്പെട്ടു. ഇതോടെ, പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്തേക്ക് മമത ആഗ്രഹിച്ച പ്രകാരം എത്താനുള്ള ദൂരം കുറഞ്ഞു.തെരുവ് സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കാനും മോദിയോട് നേരിട്ടേറ്റുമുട്ടാൻ ശേഷിയുള്ള നേതാവെന്ന പ്രതിച്ഛായ നിർമിച്ചെടുക്കാനും ഒരളവു വരെ മമതക്ക് കഴിഞ്ഞു.ഇടതു നേതാക്കൾ ഒഴികെയുള്ള പ്രതിപക്ഷ നേതാക്കൾ മമതക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവസാന ദിവസം ചന്ദ്രബാബുനായിഡു സമര വേദിയിൽ നേരിട്ട് എത്തുകയും ചെയ്തു. മമതയുടെ സമർഥമായ ഈ നീക്കം രാഹുൽ ഗാന്ധിയുടെ പ്രഭാവത്തിന് തെല്ല് ക്ഷീണമുണ്ടാക്കി എന്നതാണ് ഇതിനോട് ചേർത്തു വായിക്കേണ്ട മറ്റൊരു രാഷ്ടീയം. ബംഗാൾ രാഷ്ട്രീയത്തിൽ തെരുവ് സമരമുണ്ടാക്കിയ ചലനങ്ങൾ വോട്ടായി മാറുകയും മമതക്ക് അംഗബലം കൂടുകയും ചെയ്താൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനുള്ള രാഹുൽ ഗാന്ധിയുടെ അവകാശവാദം ഏകപക്ഷീയമാവുകയില്ല ! ദേശീയ തലസ്ഥാനത്തേക്ക് മമത സമരമുഖം മാറ്റുന്നതിന് ലക്ഷ്യം വേറൊന്നല്ല. വിഷയം അവിടെ തീരുന്നില്ല,ഇടതുപാർട്ടികൾക്ക് ഉണർവ് നൽകി ഏറെ നാളുകൾക്ക് ശേഷം വൻ പ്രവർത്തകപങ്കാളിത്തത്തോടെ സി.പി.എം റാലി സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മമത തെരുവ് സമരവുമായി രംഗത്തെത്തിയത്. സി.പി.എം റാലിക്ക് ദേശീയ മാധ്യമങ്ങളും പ്രാധാന്യം നൽകിയിരുന്നു.മമത സത്യഗ്രഹമിരുന്നതോടെ,റാലിയിൽ നിന്ന് കണ്ണുകൾ മെട്രോ ചാനലിലേക്ക് കൂടുമാറി.ബി.ജെ.പിയും തൃണമൂലും ചേർന്നുള്ള നാടകമാണിതെല്ലാമെന്ന് സി.പി.എം.ആക്ഷേപം ഉയർത്തുകയും ചെയ്തു. റാലിയിൽ തീരുന്നതല്ല,രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളെങ്കിലും താൽക്കാലിക ക്ഷീണം മമതയുണ്ടാക്കിയെന്ന് വ്യക്തം. നീക്കം പിഴച്ചു ബംഗാളിന്റെ കവാടം കടക്കാൻ അക്ഷീണം യത്നിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയപിഴവാണ് പുതിയ സംഭവ വികാസങ്ങളിൽ മമതക്ക് അനുകൂലമായി മാറിയത്.മമത ഈ പിഴവുകൾ സമർഥമായി ഉപയോഗിച്ചു എന്ന് പറയുകയാവും ശരി. ബി.ജെ.പിക്ക് ആസൂത്രണത്തിൽ പിഴവ് പറ്റി ! ഇടതുപാർട്ടികൾ ക്ഷീണിച്ച ബംഗാളിൽ ടി.എം.സിയും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള യുദ്ധമാണ് അടുത്തി തിരഞ്ഞെടുപ്പുൽ അമിത് ഷായും നരേന്ദ്രമോദിയും ആഗ്രഹിക്കുന്നത്.അതിനായി കഴിഞ്ഞ നാലര വർഷമായി പുറമെ ബി.ജെ.പിയും അകമേ ആർ.എസ്.എസും ബംഗാളിൽ മണ്ണൊരുക്കം നടത്തുകയാണ്.ബംഗാൾ ലക്ഷ്യമാക്കി അടുത്തിടെ മോദിയും ഷായും യോഗിയും അടിക്കടി നീങ്ങുന്നത് ഈ രാഷ്ട്രീയപദ്ധതിയുടെ ഭാഗമായാണ്. മമതക്കും ടി.എം.സി നേതാക്കൾക്കുമെതിരെ കഴിഞ്ഞ ഒരു മാസമായി കനത്ത പ്രചരണമാണ് ബി.ജെ.പി ആവിഷ്കരിക്കുന്നത്. വർഗ്ഗീയ ധ്രുവീകരണമടക്കമുള്ള മാർഗ്ഗങ്ങളും ബി.ജെ.പി തേടുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം നാൽപത് അംഗ സി.ബി.ഐ സംഘം കൊൽക്കത്തയിൽ പോലീസ് കമ്മീഷണറുടെ വീട് ലക്ഷ്യമാക്കി നീങ്ങിയത് എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപം. എന്നാൽ,സി.ബി.ഐ സംഘത്തെ നിയോഗിക്കാൻ കേന്ദ്ര സർക്കാർ കണ്ടത്തിയ സമയമാണ് നിർണായകം.സുപ്രീംകോടതി നിർദേശപ്രകാരമാണ് സി.ബി.ഐ പോയതെന്ന് വാദിച്ചാലും വിഷയം ബാക്കി നിൽക്കുന്നു.നാലര വർഷമായി ശാരദാ ചിട്ടി ഫണ്ട് കേസിലും റോസ് വാലി ഇടപാടിലും കാര്യമായ ഒരു നടപടികളുമില്ലാതെ ,തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് അന്വേഷണവുമായി ഇറങ്ങിയത് രാഷ്ട്രീയപരമായെങ്കിലും ബി.ജെ.പിക്ക് പറ്റിയ പിഴവാണ്.സി.ബി.ഐ യെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം നിലനിൽക്കെയായിരുന്നു ഈ നീക്കം. എന്തു കൊണ്ടാണ് നാലര വർഷം സർക്കാർ മമതയെ വെറുതെ വിട്ടത് ?ഇതിനുത്തരം സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെന്ന പഴയ നിർവചനമാണ്.രാഷ്ട്രീയത്തിൽ എന്തും സഭവിക്കാം.എവിടേക്കും തിരിയാം.ഇന്നത്തെ ശത്രു നാളത്തെ മിത്രവും ഇന്നത്തെ മിത്രം നാളത്തെ ശത്രുവുമാകാം.ബി.ജെ.പിയോ എൻ.ഡി.എ.യോ മമതയ്ക്ക് തൊട്ടുകൂടാനാവാത്ത പാർട്ടിയോ മുന്നണിയോ അല്ലെന്ന ഭൂതകാലമുണ്ട് .മമതാ ബാനർജിയും ടി.എം.സി.യും നേരത്തെ എൻ.ഡി.എ.യുടെ ഭാഗമായിരുന്നു. വാജ്പേയി സർക്കാരിൽ റെയിൽവെ മന്ത്രിയായിരുന്നു മമത. മാത്രമല്ല,പാർലമെന്റിനുള്ളിൽ മമതയുടെ പാർട്ടിയുടെ അംഗബലവും ബി.ജെ.പിക്ക് ആകർഷണമായിരുന്നു. ലോക്സഭയിൽ 38 അംഗങ്ങളും രാജ്യസഭയിൽ 13 അംഗങ്ങളുമാണ് ടി.എം.സിക്കുള്ളത്.സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ഏത് പിന്തുണയും ബി.ജെ.പിക്ക് തുണയാണ്. മോദി സർക്കാരിന്റെ തുടക്കകാലങ്ങളിൽ സഭയ്ക്കുള്ളിൽ ടി.എം.സി സഹായം നീട്ടാൻ മടിച്ചിട്ടുമില്ല. ഏ.ഐ.ഡി.എം.കെ,ടി.ആർ.എസ്,ബി.ജെ.ഡി തുടങ്ങിയ പാർട്ടികളും തരാതരം പോലെ സർക്കാരിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകിയിട്ടുണ്ട്. ഈ പിന്തണകളിൽ ചിലതെങ്കിലും അടുത്ത തിരഞ്ഞെടുപ്പിലേക്ക് കൊണ്ടു പോകാൻ കഴിയുമോയെന്നും ബി.ജെ.പി ചിന്തിച്ചിരുന്നു. അനിവാര്യമായ ഈ സാഹചര്യം മുൻ നിർത്തിയാണ് മോദി സർക്കാർ ശാരദാ ചിട്ടിഫണ്ട് കേസിനും ആരോപണങ്ങൾക്കും നേരെ കണ്ണടച്ചതെന്നു വേണം കരുതാൻ-മറ്റൊരു കാരണം ഇനിയും പുറത്തു വരാത്ത കാലം വരെ. ബന്ധങ്ങളിൽഉലച്ചിൽ അധികാരത്തിലിരിക്കുന്ന കേന്ദ്ര സർക്കാരുകൾ വാതോരാതെ ആവർത്തിക്കുന്ന വാചകമടികളിലൊന്നാണ് കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ കൈക്കൊണ്ട നടപടികൾ. ഇത്തരം പ്രചരണങ്ങൾ നടത്തിക്കൊണ്ട് തന്നെ സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളിൽ രാഷ്ട്രീയം കലർത്തുന്ന പതിവാണ് പലപ്പോഴും കേന്ദ്ര സർക്കാരുകൾ സ്വീകരിക്കാറുള്ളത്. പദ്ധതികൾ അനുവദിക്കുന്നതിലെ വിവേചനം,കേന്ദ്ര വിഹിതത്തിലും ബജറ്റ് വിഹിതത്തിലും വെട്ടിക്കുറവ്,വികസന സമീപനത്തിലെ പക്ഷപാതിത്വം തുടങ്ങിയ ആവലാതികൾ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയത്തിന് വിരുദ്ധമായ രാഷ്ട്രീയം പേറുന്ന സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ ഉയർത്താറുണ്ട്. ആദ്യ കേന്ദ്ര സർക്കാരിന്റെ കാലം മുതൽ ഉയർത്തിയിട്ടുമുണ്ട്. ഭരണഘടനയുടെ മുന്നൂറ്റി അമ്പത്തിയാറാം വകുപ്പ് ഉപയോഗിച്ചും ദുരുപയോഗിച്ചും സംസ്ഥാന സർക്കാരുകളെ പിഴുതെറിഞ്ഞ ചരിത്രത്തിനും ദീർഘകാലമുണ്ട്. കേരളത്തിലെ ഇ.എം.എസ് സർക്കാർ അടക്കമുള്ള വിവിധ സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയപരമായ എതിർപ്പുകൾക്ക് ഇരയായി പിരി്ച്ചുവിടപ്പെട്ടത് ചരിത്ര പുസ്തകം. അധികാരവും അധികാര ലംഘനവും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെയും രാഷ്ട്രീയ പാരമ്പര്യത്തെയും പരിചയപ്പെടുത്തിയത് സ്വാഭാവികമായും കോൺഗ്രസാണ് . രാജ്യം സ്വാതന്ത്ര്യം നേടിയ കാലം മുതൽ ദീർഘകാലത്തിൽ ഭരണത്തിലിരുന്ന രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ ഭരണവും ഭരണഭ്രംശങ്ങളും പിൽക്കാലത്തിന് മുന്നിൽ അവതരിപ്പിച്ചത് കോൺഗ്രസാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് നിർമിച്ച ചട്ട വട്ടങ്ങളിൽ നിന്ന് പുറത്തു കടക്കാൻ ഇത്തരത്തിൽ അരങ്ങേറുന്ന പ്രവണതകൾക്ക് എളുപ്പമല്ല. താൽപര്യവുമില്ല. .കോൺഗ്രസിനെതിരെ ജനവികാരമുയർത്തി അധികാരത്തിൽ വന്ന ജനതാ സർക്കാരും ഇതിൽ വ്യത്യസ്തമായില്ല എന്നതാണ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തമാശ. ഇന്ദിരാഗാന്ധി സർക്കാർ 1966 മുതൽ 1977 വരെ 39 പ്രാവശ്യം വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. എന്നാൽ ഇന്ദിരയുടെ ഭരണദുർവിനിയോഗത്തിനെതിരെ ആക്ഷേപമുയർത്തി അധികാരത്തിൽ വന്ന ജനതാ സർക്കാർ ഹ്രസ്വകാലയളവിനുള്ളിൽ 9 വട്ടം ഈ വകുപ്പ് ഉപയോഗിച്ച് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ പിരിച്ചു വിട്ടു ! ഏത് വിഷയമെടുക്കുമ്പോഴും കോൺഗ്രസാണ് മുൻ മാതൃകയെന്ന് ചൂണ്ടിക്കാട്ടി പിന്നീടുള്ള രാഷ്ട്രീയ കക്ഷികൾക്ക് പറഞ്ഞൊഴിയാനും ഇത് സഹായകരമാകുന്നു.ഉത്തരാഖണ്ഡ്,അരുണാചൽ ഭരണം പിടിക്കാൻ ബി.ജെ.പി മറുവഴി ശ്രമിച്ചപ്പോൾ ഉയർത്തിയ മറുവാദം നേരത്തെ കോൺഗ്രസ് ഇതുപോലെ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു. എന്നാൽ അധികാരഭ്രംശത്തിനും ജനാധിപത്യ ലംഘനത്തിനും ഇത് മറയാകുമെങ്കിലും ചെയ്തികൾക്ക് ന്യായീകരണമല്ല. സംസ്ഥാന രാഷ്ട്രീയത്തെ ഭയപ്പെടുത്താൻ കേന്ദ്ര രാഷ്ട്രീയം ഇപ്പോഴും വീശുന്ന വടി മുന്നൂറ്റി അമ്പത്തിയാറാം വകുപ്പാണ്. സാധാരണ അന്തരീക്ഷം നിലനിർത്താനായി ഏത് സംസ്ഥാനത്തും ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് ബംഗാളിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ പരാമർശിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞത് ഇതിലേക്കുള്ള സൂചനയാണ്. തിരഞ്ഞെടുപ്പ് അടുത്തതിനാൽ അതിലേയ്ക്ക് കാര്യങ്ങൾ നീളില്ലെങ്കിലും ബംഗാൾതർക്കം കേന്ദ്ര-സംസ്ഥാന ബന്ധത്തിൽ മറ്റൊരു ഉലച്ചിലാണ്. കുറ്റകൃത്യങ്ങൾ അന്വേഷിക്കാനെത്തുന്ന അന്വേഷണ സംഘത്തെ,നീതി പരിപാലിക്കാൻ ബാധ്യതയുള്ള ഒരു ഭരണകൂടം ആൾബലമുയർത്തി തെരുവിൽ തടയാൻ ശ്രമിക്കുമ്പോൾ ആ ഉലച്ചിലിന് ആക്കം കൂടുന്നുണ്ട്.


from mathrubhumi.latestnews.rssfeed http://bit.ly/2DibGI3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages