അദ്വാനിയുടെയും ഇ.എം.എസിന്റെയും സ്ഥാനാര്‍ഥി... - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

അദ്വാനിയുടെയും ഇ.എം.എസിന്റെയും സ്ഥാനാര്‍ഥി...

വർഷം 1977.അടിയന്തരാവസ്ഥയുടെ കരിമ്പടത്തിനുള്ളിൽ ഭയന്നുകിടന്ന ഇരുപത്തിയൊന്ന് മാസങ്ങൾക്ക് ശേഷം ,വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ രാജ്യം മോചനവാതിലായി കണ്ട കാലം. അന്ന് ജനതാപാർട്ടി നേതാവായിരുന്ന എൽ.കെ.അദ്വാനി ഡൽഹിയിലെ പ്രമുഖ പത്രപ്രവർത്തകനായ ബി.ജി.വർഗ്ഗീസിനോട് പറഞ്ഞു :കേരളത്തിൽ നിന്ന് താങ്കൾ ലോക്സഭയിലേക്ക് മത്സരിക്കണം.താങ്കളെപ്പോലെയുള്ളവരെ ലോക്സഭയിൽ ആവശ്യമുണ്ട് .പറഞ്ഞു കേട്ട വാക്കുകളിൽ ഒരു താൽപര്യവും കാട്ടാതെയിരുന്ന ബി.ജി.വർഗ്ഗീസിനോട് അദ്വാനി അഭ്യർഥന ആവർത്തിച്ചു.കേരളത്തിൽ പോയി ഇ.എം.എസിനെ കാണൂ.അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കും.. ഇ.എം.എസിനെ കാണാൻ അദ്വാനി ആവശ്യപ്പെടുന്ന രാഷ്ട്രീയകാലാവസ്ഥ സമകാലിക രാഷ്ട്രീയത്തിൽ അചിന്ത്യം.എന്നാൽ എഴുപതുകളുടെ പകുതിയിൽ അതായിരുന്നു ഇന്ത്യൻ രാഷ്ട്രീയം.അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധം അലയടിച്ച കാലം. ജനതാപാർട്ടിയുടെ ഭാഗമായി മാറിയ ജനസംഘിന്റെ നേതാവായിരുന്നു അദ്വാനി അന്ന് .ഇന്നത്തെ ബി.ജെ.പിയുടെ ആദ്യരൂപമായിരുന്നു ജനസംഘ ്. ഇ.എം.എസ്.കേരളത്തിലെ സി.പി.എം.നേതാവ്.പ്രതിപക്ഷ പാർട്ടികളെ അണിനിരത്തിയ ജനതാപാർട്ടിയെ അന്ന് സി.പി.എം.പിന്തുണക്കുന്നുണ്ടായിരുന്നു.ബി.ജി.വർഗ്ഗീസ് ഇന്ത്യയിൽ നട്ടെല്ലുള്ള പത്രപ്രവർത്തനത്തിന് അടിത്തറയിട്ടവരിൽ പ്രമുഖൻ.മൂന്ന് പേരെയും തമ്മിൽ ബന്ധിപ്പിച്ചത് ഒരേയൊരു ഘടകം-ഇന്ദിരാഗാന്ധിയോടുള്ള എതിർപ്പ് അല്ലെങ്കിൽ അടിയന്തരാവസ്ഥയോടുള്ള വിരോധം.അന്നത്തെ തിളച്ചു മറിയുന്ന രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയെന്ന പൊതുശത്രുവിനെതിരെ രാജ്യത്തെ വിമതശബ്ദങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും കൈകോർക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു ബി.ജി.വർഗ്ഗീസിനപ്പോലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ സ്ഥാനാർഥികളായി വരണമെന്ന് പ്രതിപക്ഷ നേതൃത്വം തീരുമാനിച്ചത്. ഇന്ദിരാഗാന്ധിയുടെയും അടിയന്തരാവസ്ഥയുടെയും നിശിതവിമർശകനായിരുന്ന ബി.ജി.വർഗ്ഗീസിന് സ്ഥാനാർഥിയാകാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ താൽപര്യമുണ്ടായിരുന്നില്ല.തന്റെ എഴുത്തും എഴുത്തിൽ സ്വീകരിക്കുന്ന നിലപാടുകളുമാണ് തന്റെ രാഷ്ട്രീയമെന്ന് വിശ്വസിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.മാത്രമല്ല,കേരളത്തിൽ പോയി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എളുപ്പവുമായിരുന്നില്ല.തിരുവല്ലയിലാണ് വേരുകളെങ്കിലും ബർമയിൽ ജനിച്ച് ഉത്തർപ്രദേശിലും ഡൽഹിയിലും കേംബ്രിഡ്ജിലും പഠിച്ച് ഡൽഹി തട്ടകമാക്കിയ ബൂബ്ളി ജോർജ്ജ് വർഗ്ഗീസ് എന്ന ബി.ജി.വർഗ്ഗീസിന് മലയാളം സംസാരിക്കാൻ പോലുമറിയില്ല.മലയാളികളെ അടുത്തറിയില്ല. എന്നാൽ,സ്ഥാനാർഥിയാകണമെന്ന് ആവശ്യപ്പെട്ട് പല കോണുകളിൽ നിന്ന് സമ്മർദ്ദമേറിയപ്പോൾ ബി.ജി.വർഗ്ഗീസ് പ്രതിസന്ധിയിലായി.ഒരു തീരുമാനം അടിയന്തരമായി എടുക്കണം.മലയാളിജീവിതമില്ലാത്ത വി.കെ.കൃഷ്ണമേനോൻ 1971 ൽ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച കഥയൊക്കെ സുഹൃത്തുക്കൾ ഓർമിപ്പിച്ചു.പക്ഷെ,സുഹൃത്തുക്കളുടെ വാക്കുകളിൽ തീരുമാനമെടുക്കാനാവാതെ ബി.ജി.വർഗ്ഗീസ് കുഴങ്ങി.എന്നാൽ,ഉടൻ കൊച്ചിയിൽ എത്താനും പാർട്ടി നേതാക്കളെ കാണാനും പ്രാദേശിക തലത്തിൽ അഭിപ്രായം തേടിയിട്ട് സ്ഥാനാർഥിത്വ കാര്യത്തിൽ തീരുമാനമെടുക്കാനും ജനതാനേതാക്കൾ വർഗ്ഗീസിനോട് നിർദേശിച്ചു.അങ്ങനെ ബി.ജി.വർഗ്ഗീസ് കൊച്ചിയിൽ എത്തി. ഓർമകളുടെ തിരയടികൾ... പതിനഞ്ച് വർഷം മുമ്പ്,അതായത് 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രമുഖരുടെ തിരഞ്ഞെടുപ്പ് ഓർമകൾ മാതൃഭൂമിയുടെ തിരഞ്ഞെടുപ്പ് പേജിനായി ശേഖരിക്കാൻ ബി.ജി.വർഗ്ഗീസിനെ കണ്ടപ്പോഴാണ് അദ്ദഹം 1977 ലെ തിരഞ്ഞെടുപ്പ് അനുഭവങ്ങൾ ഈ ലേഖകനോട് പങ്കുവച്ചത്-ചാണക്യപുരിയിലെ സെന്റർ ഫോർ പോളിസി റിസർച്ച് എന്ന സന്നദ്ധ സംഘടനയുടെ ഓഫീസിൽ വച്ച്.ഒരു ഉഷ്ണകാല ഉച്ചയിൽ. അദ്വാനിയുടെ നിർദേശപ്രകാരം കൊച്ചിയിൽ ചെന്ന് ബി.ജി.വർഗ്ഗീസ് ഇ.എം.എസിനെ കണ്ടു.അടിയന്തരാവസ്ഥക്കെതിരായ പോരാട്ടമാണിത്.അതിനാൽ താങ്കളെപ്പോലെയുള്ളവർ മത്സരരംഗത്തുണ്ടായിരിക്കണമെന്നാണ് മുന്നണി ആഗ്രഹിക്കുന്നത്.-രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഇ.എം.എസ് പറഞ്ഞു.കയ്യിൽ പണമില്ല,ഭാഷയറിയില്ല,മത്സരപരിചയമില്ല തുടങ്ങിയ പരിമിതികൾ അറിയിച്ചപ്പോൾ ഉടനെയെത്തി ഇ.എം.എസിന്റെ മറുപടി : പണമുണ്ടാകും.ജനങ്ങളും ഞങ്ങളുടെ പാർട്ടിയും സമാഹരിക്കും. തിരുവനന്തപുരം,തൃശൂർ,മാവേലിക്കര,കോഴിക്കോട് എന്നീ മണ്ഡലങ്ങളിലൊന്നാണ് തിരഞ്ഞെടുക്കേണ്ടത്.എവിടെയാണ് വീടെന്ന് ഇ.എം.എസ് ചോദിച്ചു.തിരുവല്ലയിലാണെന്ന് മറുപടി പറഞ്ഞു.എന്നാൽ തിരുവല്ല ഉൾക്കൊള്ളുന്ന മാവേലിക്കര മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹം നിർദേശിച്ചു.അങ്ങനെ ബി.ജി.വർഗ്ഗീസ് മാവേലിക്കരയിൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി.കോൺഗ്രസ് സ്ഥാനാർഥി ബി.കെ.നായരായിരുന്നു മുഖ്യ എതിരാളി.അന്നത്തെ എസ്.ആർ.പി എന്ന പാർട്ടിയുടെ പ്രതിനിധി കെ.ഗോപാലകൃഷ്ണനും സ്വതന്ത്രസ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്നു. അത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പും ഉണ്ടായിരുന്നു.ഏഴ് നിയമസഭാ മണ്ഡലങ്ങളായിരുന്നു അന്ന് മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ.നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം : 3,കേരളാകോൺഗ്രസ് (ബാലകൃഷ്ണപിള്ള വിഭാഗം) : 3,ജനതാപാർട്ടി : 1 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനം. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിച്ചു.തിരുവല്ലയിലെ കുടുംബവീട്ടിലായിരുന്നു ബി.ജി.വർഗ്ഗീസിന്റെ താമസം.കുടുംബാംഗങ്ങൾക്കും വർഗ്ഗീസിന്റെ വരവിൽ സന്തോഷം.കല്യാണത്തിനും ആഘോഷങ്ങൾക്കുമായിരുന്നു മുമ്പ് കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുകൂടുക പതിവ്.എന്നാൽ തന്റെ സ്ഥാനാർഥിത്വം മൂലം തിരുവല്ലയിലെ കുടുംബവീട്ടിൽ എല്ലാ കുടുംബാംഗങ്ങളും പതിവായി ഒത്തുകൂടാൻ തുടങ്ങിയെന്ന് വർഗ്ഗീസ് ചെറുചിരിയോടെ പറഞ്ഞു.തിരഞ്ഞെടുപ്പ് ചെലവുകൾക്കായി പണം വേണം. തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പണം കണ്ടെത്താനായി ഡൽഹിയിലെ സുഹൃത്തുക്കൾ ദേശിയ തലത്തിൽ ഒരു സമിതിക്ക് രൂപം കൊടുത്തു.വമ്പൻ പ്രതികരണമായിരുന്നു.അറുപതിനായിരം രൂപയോളം പിരിഞ്ഞു കിട്ടി.അന്നത്തെ ചെലവ് പരിധി മുപ്പത്തിഅയ്യായിരം രൂപയായിരുന്നു.മുപ്പത്തിഅയ്യായിരം രൂപ മാത്രമേ ഞാൻ ചെലവാക്കിയുള്ളു.ബാക്കിയുണ്ടായിരുന്ന പണം കൊണ്ട് ഡൽഹിയിൽ പത്രസ്വാതന്ത്ര്യത്തിനായി മീഡിയാ ഫൗണ്ടേഷൻ സ്ഥാപിച്ചെന്ന് വർഗ്ഗീസ്. എല്ലാ മണ്ഡലങ്ങളിലും വ്യാപകമായ പ്രചരണം നടത്തി.സൈക്കിളായിരുന്നു തിരഞ്ഞെടുപ്പ് ചിഹ്നം.പ്രചരണ പ്രവർത്തനങ്ങൾക്ക് ശേഷം എല്ലാ ദിവസവും രാത്രി തിരുവല്ലയിലെ കുടുംബവീട്ടിലേക്ക് മടങ്ങുകയായിരുന്നു പതിവ്.മുണ്ടും കുർത്തയുമായിരുന്നു വേഷം.പക്ഷെ,പ്രചരണത്തിൽ പലപ്പോഴും ഭാഷ തടസ്സമായെന്ന് ബി.ജി.വർഗ്ഗീസ്.പ്രസംഗത്തിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ വാചകങ്ങൾ മലയാളത്തിൽ പറയും.ബാക്കി ഇംഗ്ലീഷിൽ .സ്ഥാനാർഥിയുടെ ഒപ്പം എപ്പോഴുമുള്ള പരിഭാഷകൻ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും.രാവിലെ 9 മണി മുതൽ അടുത്ത ദിവസം പുലർച്ചെ ഒരു മണിവരെ പ്രചരണവും പ്രസംഗവും .ദിവസവും 10 മുതൽ 25 വരെ യോഗങ്ങളിൽ പങ്കെടുത്തു.ജനങ്ങൾ സ്ഥാനാർഥിയെ കാണാനും പ്രസംഗം കേൾക്കാനും കടകൾക്ക് മുന്നിലും റോഡിറമ്പിലും മൈതാനങ്ങളിലും തടിച്ചുകൂടും.അന്ന് സ്വീകരണയോഗങ്ങൾക്ക് ഉത്സാഹം കാട്ടിയ പ്രാദേശിക പ്രവർത്തകൻ ബഷീറിനെയും ബി.ജി.ഓർമിച്ചു. കേരളത്തിൽ ഏശിയില്ല... തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു.ദേശീയ തലത്തിൽ കോൺഗ്രസിന്റെ വൻമരങ്ങളെ കടപുഴക്കി ജനതാകൊടുങ്കാറ്റ് വീശിയടിച്ചപ്പോൾ, കേരളത്തിൽ കോൺഗ്രസ് എല്ലാ സീറ്റുകളും നേടി വൻ വിജയം സ്വന്തമാക്കി ! ദക്ഷിണേന്ത്യയിൽ വീശിയ കോൺഗ്രസ് അനുകൂല തരംഗത്തിൽ വർഗ്ഗീസ് അടക്കം പ്രതിപക്ഷത്തിന്റെ എല്ലാ സ്ഥാനാർഥികളും പരാജയപ്പെട്ടു.കോൺഗ്രസ് സ്ഥാനാർഥി ബി.കെ.നായർ തിരഞ്ഞെടുക്കപ്പെട്ടു.ബി.കെ.നായർ (കോൺഗ്രസ് )ക്ക് 2,38,169 വോട്ടുകളും ബി.ജി.വർഗ്ഗീസി(സ്വതന്ത്രൻ)ന് 1,81,617 വോട്ടുകളും കെ.ഗോപാലകൃഷ്ണന് (എസ്.ആർ.പി ) 24,450 വോട്ടുകളും ലഭിച്ചു. വടക്കേ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിനെ നടുക്കി.വടക്കേ ഇന്ത്യയിലെ കോൺഗ്രസ് വിരുദ്ധ കൊടുങ്കാറ്റിൽ ഇന്ദിരാഗാന്ധി,സഞ്ജയ് ഗാന്ധി, തുടങ്ങി എല്ലാ നേതാക്കളും പരാജയപ്പെട്ടു. ഞാൻ തോറ്റെങ്കിലും ഇന്ദിരാഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും കിട്ടിയ വോട്ടുകളെക്കാൾ കുടുതൽ വോട്ട് എനിക്ക് എന്റെ മണ്ഡലത്തിൽ കിട്ടിയെന്ന് ചെറുചിരിയോടെ ബി.ജി.വർഗ്ഗീസ്.ഇന്ദിര തോറ്റതോടെ കേരളത്തിലെ കോൺഗ്രസുകാർ വിജയാഹ്ലാദപ്രകടനങ്ങൾ റദ്ദാക്കി. അടിയന്തരാവസ്ഥക്കെതിരെ ജനവികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പായിട്ടും പ്രതിപക്ഷ പാർട്ടികളുടെ ദക്ഷിണേന്ത്യയിലെ പരാജയത്തിന് നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് വർഗ്ഗീസ് ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയുടെ ദുരിതങ്ങൾ നേരിട്ടനുഭവിച്ച ഉത്തരേന്ത്യക്കാർ കോൺഗ്രസിനെ തറപറ്റിച്ചു.ഇന്ദിരയും കോൺഗ്രസും തിരിച്ചു വന്നാൽ,ദുരിതം ഇരട്ടിക്കുമെന്ന് അവർ ഭയന്നു.എന്നാൽ,അടിയന്തരാവസ്ഥയുടെ രൂക്ഷത അത്ര നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കോൺഗ്രസിനെ പിന്തുണച്ചു.പത്രങ്ങൾക്ക് ഏർപ്പെടുത്തിയ കടുത്ത സെൻസർ ഷിപ്പ് മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അടിയന്തരാവസ്ഥയുടെ യഥാർഥമുഖം അറിയാൻ കഴിഞ്ഞില്ല.നിർബന്ധിത വന്ധ്യംകരണം നടത്തിയതിനെക്കുറിച്ചൊക്കെ ഞാൻ പ്രസംഗിച്ചിട്ട് ആരും വിശ്വസിച്ചില്ല.പത്രങ്ങളായിരുന്നു അന്നത്തെ ഏക വാർത്താ മാർഗ്ഗം.അതിലൂടെ വാർത്തകൾ ലഭിക്കുന്നില്ല.പിന്നെ ജനങ്ങൾ എങ്ങനെ സത്യം അറിയും ? -ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും വിരുദ്ധ പ്രതികരണങ്ങളെക്കുറിച്ച് വർഗ്ഗീസ് വിശദീകരിക്കുന്നു. മലയാളം സംസാരിക്കാനറിയാത്ത,ഇംഗ്ലീഷ് സംസാരിക്കുന്ന സ്ഥാനാർഥിയെക്കുറിച്ചുള്ള എതിർ ക്യാംപിന്റെ പ്രചരണങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളായിരുന്നുവെന്ന് വർഗ്ഗീസ് ചൂണ്ടിക്കാട്ടി. പുറത്തു നിന്ന് വന്ന സ്ഥാനാർഥി സി.ഐ.എ ഏജന്റാണെന്നായിരുന്നു പ്രധാന പ്രചരണം !വിദേശ ടി.വി.ചാനലുകളിലും ദേശീയ മാധ്യമങ്ങളിലും എനിക്ക് ലഭിച്ച കവറേജ് അവർ തെളിവായി ചൂണ്ടിക്കാട്ടി-ബി.ജി.വർഗ്ഗീസ് പറഞ്ഞു. അഭിമുഖം അവസാനിക്കാറായപ്പോൾ,പെട്ടെന്നൊരു ചോദ്യം മനസ്സിൽ നിന്ന് പുറത്തു ചാടി.വീണ്ടും മത്സരിക്കാൻ താൽപര്യമുണ്ടോ ?ഉത്തരം വേഗമെത്തി. എനിക്ക് താൽപര്യമില്ല.അപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മത്സരിച്ചെന്ന് മാത്രം.ലോക്സഭയിലേക്ക് പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ,രാജ്യസഭയിലേക്ക് വരാൻ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി എന്നോട് ആവശ്യപ്പെട്ടു.എന്നാൽ ലോക്സഭയിലേക്ക് പരാജയപ്പെട്ട ഒരാൾ പിൻവാതിലിലൂടെ രാജ്യസഭയിലേക്ക് വരുന്നത് ശരിയല്ലെന്നായിരുന്നു എന്റെ മറുപടി.അല്ലെങ്കിൽ തന്നെ പത്ര പ്രവർത്തനമാണ് എന്റെ മേഖല.രാഷ്ട്രീയമല്ല.പത്രപ്രവർത്തകൻ എന്ന നിലയിൽ രാഷ്ട്രീയം പഠിക്കും.പരിശോധിക്കും,വിലയിരുത്തും.അതുകൊണ്ട് മത്സരിക്കണമെന്നില്ലല്ലോ. ? Content Highlights:bg varghese shares his election experience


from mathrubhumi.latestnews.rssfeed https://ift.tt/2YuMqIl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages