ബംഗാളിൽ ഗുരുതരമായ എന്തൊക്കെയോ നടക്കുന്നെന്ന് സുപ്രീംകോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

ബംഗാളിൽ ഗുരുതരമായ എന്തൊക്കെയോ നടക്കുന്നെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:ബംഗാളിൽ വളരെ ഗുരുതരമായ എന്തൊക്കെയോ നടക്കുന്നതായി തോന്നുന്നെന്ന് സുപ്രീംകോടതി. കൊൽക്കത്ത വിമാനത്താവളത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ ലഗേജ് പരിശോധിച്ചതിന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കു നേരെ അതിക്രമമുണ്ടായെന്ന് ആരോപിക്കുന്ന പരാതി പരിഗണിക്കാമെന്ന് സമ്മതിച്ചാണ് കോടതി വെള്ളിയാഴ്ച ഇങ്ങനെ നിരീക്ഷിച്ചത്. ഈ വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ എം.പി.യുമായ അഭിഷേക് ബാനർജിയുടെ ഭാര്യ റുജിറ നറൂല ബാനർജിയുൾപ്പെടെ രണ്ടുസ്ത്രീകളുടെ ലഗേജ് പരിശോധിക്കാൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് ആരോപണം. പിന്നാലെ വിമാനത്താവള പോലീസെത്തി ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യാൻ ശ്രമിച്ചെന്നും ഹർജിയിൽ പറയുന്നു. മാർച്ച് 16-ന് പുലർച്ചെയായിരുന്നു സംഭവം. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ, വിമാനത്താവള പോലീസ് ഇൻസ്പെക്ടർ ഇൻചാർജിന് മാർച്ച് 22-ന് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മേത്ത പറഞ്ഞു. കൊൽക്കത്തയിൽ പൂർണമായ അരാജകത്വമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസിനുവേണ്ടി കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡ് അംഗമായ രാജ്കുമാർ ബർത്വാലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബംഗാൾ സർക്കാരിന് നോട്ടീസയച്ചതിനെ എതിർത്ത മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഘവി, ബർത്വാലിനു ഹർജി നൽകാനുള്ള അവകാശമില്ലെന്ന് വാദിച്ചു. പരാതിക്കാരന്റെ അവകാശത്തെക്കുറിച്ച് അറിയില്ലെന്നും എന്നാൽ, ബംഗാളിൽ നടക്കുന്നകാര്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും കോടതി പ്രതികരിച്ചു. ആവശ്യമെങ്കിൽ സ്വമേധയാ കേസെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോടതിക്കു കഴിയുമെന്ന് ബെഞ്ച് പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2IvyOHt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages