തൃശ്ശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

തൃശ്ശൂര്‍ 'എടുത്തി'ല്ലെങ്കിലും സുരേഷ് ഗോപിയാണ് താരം: വോട്ടില്‍ വര്‍ധന രണ്ട് ലക്ഷം

വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരിൽ പ്രചാരണ രംഗത്തുണ്ടായത്. അവസാന നിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാർത്ഥി പക്ഷേ നേടിയ വോട്ടുകളുടെ എണ്ണം 293822. കൃത്യമായി പറഞ്ഞാൽ 2014ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി ശ്രീശൻ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വർധനവ്. പ്രതാപനാണ് തൃശ്ശൂർ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നത്. 2014ൽ താരതമ്യേന ബിജെപിക്ക് നാട്ടികയിലും പുതുക്കാടും മണലൂരുമാണ് ഏറ്റവും കൂടുകൽ വോട്ടുകൾ ലഭിച്ചത്. ഇവിടങ്ങളിൽ 16000 ത്തിൽ പരം വോട്ടുകളാണ് ബിജെപി നേടിയത്. ബിജെപിക്ക് ഏറ്റവും കുറവു വോട്ട് (12166) ലഭിച്ചത് തൃശ്ശൂർനിയമസഭാ മണ്ഡലത്തിലാണ്. അതേ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും 40000 ത്തോളം വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. കുറവ് വോട്ട് ലഭിച്ച മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂർ. വിജയിയായ ടിഎൻ പ്രതാപന് 415084 വോട്ടും, രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 2014ൽ എൽഡിഎഫിന് 389209 വോട്ടും യുഡിഎഫിന് 350982 വോട്ടും ബിജെപിക്ക് 102681 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടിൽ 64107 വോട്ടുകളുടെയും ബിജെപിക്ക് 191141 വോട്ടിന്റെയും വർധനവുണ്ടായപ്പോൾ എൽഡിഎഫ് വോട്ടുകളിൽ 67753 വോട്ടുകളുടെ കുറവുണ്ടായി. അതായത് എൽഡിഎഫ് വോട്ടുകളിൽ ശക്തമായ വിള്ളലുണ്ടാക്കാൻ സുരേഷ് ഗോപിക്കായി. വിവാദങ്ങളിലൂടെ ഒപ്പത്തിനൊപ്പം തിരുവനന്തപുരത്തിനും പത്തനം തിട്ടയ്ക്കും പുറമെ ബിജെപി പ്രതീക്ഷ വച്ചുപുലർത്തിയ മണ്ഡലം കൂടിയായിരുന്നു തൃശ്ശൂർ.ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളിയെ ആയിരുന്നു തൃശ്ശൂരിലെ ആദ്യ എൻഡിഎ സ്ഥാനാർത്ഥി. ശബരിമല വോട്ടാക്കാമെന്നുള്ള ബിജെപിയുടെ കണക്കുകൂട്ടൽ, തൃശ്ശൂരിൽ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാമെന്ന പ്രതീക്ഷയുമാണ് തുഷാർ തൃശ്ശൂർ തിരഞ്ഞെടുക്കാൻ കാരണം. പക്ഷേ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തൃശ്ശൂരിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെ തന്നെ മാറ്റി മറിച്ചു. രാഹുൽ വയനാട്ടിൽ ലാന്റ് ചെയ്തപ്പോൾ തുഷാർ ചുരം കയറി. സുരേഷ് ഗോപിക്ക് ഡൽഹിയിൽ നിന്ന് നേരിട്ട് തൃശ്ശൂർക്ക് ടിക്കറ്റും കിട്ടി. മോദിയും അമിത് ഷായുമായുള്ള അടുത്ത ബന്ധവും രാജ്യസഭാ എം.പിയെന്ന പ്രവർത്തന പരിചയവും സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തെ എളുപ്പമാക്കി. പിന്നീട് കേരളം കണ്ടത് മറ്റൊരു മണ്ഡലത്തിലും കിട്ടാത്ത വാർത്താപ്രാധാന്യവും ശ്രദ്ധയും ലഭിച്ച തൃശ്ശൂരിനെയാണ്. സുരേഷ് ഗോപി സ്ഥാനാർത്ഥിയായതുമുതൽ തൃശ്ശൂരിന്റെ താരപരിവേഷം കൂടി. ശബരിമലയെപ്പറ്റി ശബ്ദിക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം കാറ്റിൽപറത്തി സുരേഷ് ഗോപി അയ്യന്റെ പേരിൽ വോട്ടു ചോദിച്ചു. സംഭവം വിവാദമായി. അതോടെ കലക്ടർ അനുപമ വിശദീകരണം ചോദിച്ചു. അനുപമയ്ക്കെതിരെ അണികളുടെ രോഷപ്രകടനം, സൈബർ ആക്രമണം, അങ്ങനെ തൃശ്ശൂരും സുരേഷ് ഗോപിയും വാർത്തയിൽ നിറഞ്ഞു നിന്നു. മറ്റൊരു ബിജെപി സ്ഥാനാർത്ഥിക്കും ലഭിക്കാത്ത അത്ര മാധ്യമ ശ്രദ്ധ. പിന്നെ ഗർഭിണിയുടെ വയറിൽ തൊട്ടനുഗ്രഹിച്ചും, പ്രചാരണത്തിനിടെ വീട്ടിൽ കയറി ചോദിച്ച് ഭക്ഷണം വാങ്ങിക്കഴിച്ചും സുരേഷ് ഗോപി വാർത്തകൾ സൃഷ്ടിച്ചു. വളരെ വൈകി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് തൃശ്ശൂരിലേത് എന്നിട്ടും സുരേഷ് ഗോപി ഇരുമുന്നണികൾക്കൊപ്പം ഒപ്പത്തിനൊപ്പമെത്തി എന്നുമാത്രമല്ല. ത്രികോണ മത്സരമെന്ന് മാധ്യമങ്ങളെക്കൊണ്ട് തലക്കെട്ടുവരെ എഴുതിച്ചു. അതും വെറും പതിനേഴു ദിവസം കൊണ്ട്. ഉറച്ച വിജയ പ്രതീക്ഷയിലായിരുന്ന ടി.എൻ പ്രതാപൻ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ തൃശ്ശൂരിൽ നിന്ന് നെഗറ്റീവ് വാർത്തകൾ പ്രതീക്ഷിക്കാമെന്ന് വരെ പറഞ്ഞുവെച്ചു. തന്റെ കോട്ടയായ തീരദേശ മേഖലയിൽ പോലും ഹിന്ദുവോട്ടുകൾ സുരേഷ് ഗോപിക്ക് മറിഞ്ഞു എന്നും പ്രതാപൻ തുറന്നു പറഞ്ഞു. ശബരിമലയെ മുൻ നിർത്തിയാണ് തൃശ്ശൂർ വിധിയെഴുതുന്നതെങ്കിൽ പ്രതാപനു കിട്ടേണ്ട വോട്ടുകൾ സുരേഷ് ഗോപിയ്ക്കാവും വീഴുകയെന്നതായിരുന്നു പ്രവചനങ്ങൾ. ആ സാധ്യതയ്ക്ക് മുകളിലാണ് അയ്യനെ പറ്റി പരാമർശിച്ചും മറ്റും വികാരം വോട്ടാകാനുള്ള സാധ്യതയെ ഒന്നുകൂടി ആളിക്കത്തിച്ചത്. ഒപ്പം സുരേഷ് ഗോപിയുടെ താരപരിവേഷം കൂടിയായപ്പോൾ ബിജെപി വിജയ പ്രതീക്ഷ പങ്കുവെച്ച മണ്ഡലങ്ങളുടെ പട്ടികയിൽ അങ്ങനെ തൃശ്ശൂരുമെത്തി. പ്രചാരവേളയിൽ സുരേഷ് ഗോപിക്ക് ചുറ്റും കണ്ട ആൾകൂട്ടവും ആവേശവും ആ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതായിരുന്നു. നെഗറ്റീവ് പബ്ലിസിറ്റിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് സുരേഷ് ഗോപിയോളം മികച്ചൊരു ഉദാഹരണം ഈ തിരഞ്ഞെടുപ്പിൽ വേറെയുണ്ടാകില്ല. ഒറ്റപ്രസംഗത്തിലൂടെ അവസാന ലാപ്പിൽ നിന്നു പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം ഓടിക്കയറി എതിരാളികളുടെ ആത്മവിശ്വാസം തകർത്ത സുരേഷ് ഗോപി തന്നെയാണ് ബിജെപി സ്ഥാനാർത്ഥികളിലെ താരം. Content Highlight: Suresh Gopi got around 2 lakh votes from Thrissur


from mathrubhumi.latestnews.rssfeed http://bit.ly/2Hz50J3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages