കോടതിയിൽ പതറാതെ നീനു; അച്ഛനും ചേട്ടനുമെതിരേ മൊഴി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

കോടതിയിൽ പതറാതെ നീനു; അച്ഛനും ചേട്ടനുമെതിരേ മൊഴി

കോട്ടയം: കെവിന്റേതു ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കുംവിധം ഭാര്യ നീനുവിന്റെ മൊഴി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കെവിൻവധവുമായി ബന്ധപ്പെട്ട വിസ്താരവേളയിലാണ് നീനു ഇക്കാര്യം അറിയിച്ചത്. 'രജിസ്റ്റർവിവാഹം കഴിച്ചെന്നു വീട്ടിലറിയിച്ചതിനു പിറ്റേന്ന് ഗാന്ധിനഗർ പോലീസ്സ്റ്റേഷനിൽ പപ്പയുടെ മുന്നിൽവെച്ച്, ആരുടെകൂടെ പോകണമെന്ന് എസ്.ഐ. ചോദിച്ചു. കെവിൻചേട്ടന്റെകൂടെ പോകണമെന്നു പറഞ്ഞപ്പോൾ പപ്പ എന്നോട് 'നീ എന്തുകണ്ടിട്ടാണ് ഇറങ്ങിപ്പോകുന്നത്. അവൻ താഴ്ന്ന ജാതിക്കാരനാണ്. അവനെ കല്യാണം കഴിച്ചാൽ അഭിമാനം പോകും. എന്റെ പൊന്നുമോൾ അവന്റെകൂടെ സുഖിച്ചു ജീവിക്കുമെന്നു കരുതേണ്ട' എന്നു പറഞ്ഞു.' കേസിലെ അഞ്ചാംസാക്ഷിയായ നീനു അല്പംപോലും പതറാതെ വ്യക്തതയോടെയാണ് കോടതിയിൽ സംസാരിച്ചത്. അച്ഛനും അഞ്ചാംപ്രതിയുമായ ചാക്കോയ്ക്കെതിരേ പോലീസിനു നൽകിയ മൊഴി നീനു കോടതിയിലും ആവർത്തിക്കുകയായിരുന്നു. 'എസ്.ഐ. ഷിബു കെവിന്റെ കഴുത്തിനുപിടിച്ചു തള്ളി. ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് പപ്പയും ആവർത്തിച്ചുപറഞ്ഞു. പിന്നീട് പപ്പയോടൊപ്പം പോകാൻ എസ്.ഐ. ആവശ്യപ്പെട്ടു. തയ്യാറാകാതെവന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നെന്നു നിർബന്ധപൂർവം എഴുതിവാങ്ങി'-നീനു പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയിൽ ഈരാറ്റുപേട്ട മജിസ്േട്രറ്റിനുമുന്നിൽ ഇക്കാര്യമൊക്കെ പറഞ്ഞിരുന്നെന്നും നീനു അറിയിച്ചു. അന്ന് ആരുടെകൂടെ പോകണമെന്ന് മജിസ്േട്രറ്റ് ചോദിച്ചപ്പോൾ, കെവിന്റെ മാതാപിതാക്കൾക്കൊപ്പമെന്നു പറഞ്ഞതനുസരിച്ച് പേകാനനുവദിച്ചു. കെവിന്റെ അച്ഛൻ ജോസഫിനൊപ്പമാണ് നീനു കോടതിയിലെത്തിയത്. കോടതിയിലുണ്ടായിരുന്ന പ്രതികളടക്കമുള്ള തന്റെ ബന്ധുക്കളെ നീനു ഗൗനിച്ചതുമില്ല. കെവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇപ്പോഴുമെന്നും അത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും നീനു വ്യക്തമാക്കി. 'എന്റെ പപ്പയും ചേട്ടനുംകാരണം മകനെ നഷ്ടപ്പെട്ട അച്ഛനെയും അമ്മയെയും നോക്കാൻ എനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് ഞാനിവിടെ നിൽക്കുന്നത്. അവരെ ഞാൻ സംരക്ഷിക്കും'. ഇതു പറഞ്ഞപ്പോൾമാത്രം കെവിന്റെ ഓർമകളിൽ നീനു പൊട്ടിക്കരഞ്ഞു. അമ്മയുടെ സഹോദരീപുത്രനും പ്രതികളിലൊരാളുമായ നിയാസ് ഭീഷണിപ്പെടുത്തിയെന്നും നീനുവിന്റെ മൊഴിയിലുണ്ട്. 'ഒന്നിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് ഫോണിൽ ഭീഷണിപ്പെടുത്തി. കെവിന്റെ ബന്ധുവായ അനീഷിന്റെ വീട്ടിൽ എത്തിയപ്പോഴാണിത്. ഈസമയം അമ്മ രഹനയുമുണ്ടായിരുന്നു. അമ്മയും ഇടയ്ക്ക് ഫോണിൽ ദേഷ്യപ്പെട്ടു സംസാരിെച്ചന്നാണ് ഓർമ'-നീനു പറഞ്ഞു. തട്ടിക്കൊണ്ടുപോകുന്നതിനു തലേന്ന് രാത്രി 11.30 മുതൽ വെളുപ്പിനെ 1.30 വരെ കെവിനോട് ഫോണിൽ സംസാരിച്ചിരുന്നു. 'രാവിലെ വിളിച്ചുണർത്തണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് വെളുപ്പിനെ അഞ്ചേമുക്കാൽമുതൽ വിളിച്ചു; േഫാണെടുത്തില്ല. ബന്ധു അനീഷിനെയും കിട്ടിയില്ല. അപ്പോൾ അനീഷിന്റെ സഹോദരിയെ വിളിച്ചപ്പോഴാണ്, രാത്രിയിൽ എന്റെ വീട്ടിൽനിന്ന് ആരൊക്കെയോ എത്തി അവരെ തട്ടിക്കൊണ്ടുപോയകാര്യം അറിയുന്നത്.' പ്രോസിക്യൂഷൻ വിസ്താരത്തിനുശേഷം പ്രതിഭാഗം വക്കീലും നീനുവിനെ വിസ്തരിച്ചു. മുന്പ് പോലീസിനു കൊടുത്ത മൊഴികളിലൊന്നും, കെവിൻ താഴ്ന്ന ജാതിക്കാരനാണെന്നു നീനു പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വിസ്തരിച്ചപ്പോൾ, തന്നോടു ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് നീനു മൊഴി നൽകി. കെവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ പുനലൂർ തഹസിൽദാർ ജയൻ എം.ചെറിയാൻ, മൃതദേഹം പുറത്തെടുത്ത അഗ്നിരക്ഷാ ജീവനക്കാരൻ ഷിബു എന്നിവരെയും വിസ്തരിച്ചു. മൃതദേഹം കണ്ടിടത്ത് അരയ്ക്കൊപ്പമേ വെള്ളമുണ്ടായിരുന്നുള്ളൂവെന്ന് ഇരുവരും മൊഴി നൽകി. മുങ്ങിമരിക്കാനിടയില്ല. വസ്ത്രമടക്കമുള്ള തെളിവുകൾ ശേഖരിക്കാൻ അഗ്നിരക്ഷാസേന, ശരീരം കണ്ടതിന്റെ 200 മീറ്റർ ചുറ്റളവിലെ വെള്ളത്തിൽ പരിശോധന നടത്തിയിരുന്നു. ഇവിടെയെല്ലാം ഇതേ അളവിലാണ് വെള്ളമുണ്ടായിരുന്നത്. കെവിൻ മുങ്ങിമരിച്ചെന്ന പ്രതിഭാഗംവാദത്തെ ദുർബലപ്പെടുത്തുന്നതും മുക്കിക്കൊന്നെന്ന പ്രോസിക്യൂഷൻവാദം ശക്തിപ്പെടുത്തുന്നതുമാണിത്. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര നിവാസിയായ ശാന്തമ്മയെ വിസ്തരിച്ചു. സംഭവം നടന്നെന്നുപറയുന്ന സ്ഥലത്ത് അന്നേദിവസം പുലർച്ചെ മൂന്നുകാറും യുവാക്കളെയും കണ്ടെന്ന് ഇവർ പറഞ്ഞു. ഭർത്താവിനൊപ്പം പള്ളിയിൽ പോകുകയായിരുന്നു ശാന്തമ്മ. കെവിന്റെ അച്ഛൻ ജോസഫിനൊപ്പമാണ് നീനു രാവിലെ കോടതിയിലെത്തിയത്. വെള്ളിയാഴ്ചയും വിസ്താരം തുടരും. ദുരഭിമാനക്കൊല വിഭാഗത്തിൽ ഉൾപ്പെടുത്തിയ കേസിന്റെ വിചാരണ ജൂൺ ആറിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതിനിർദേശമുണ്ട്. ഇതനുസരിച്ചാണ് വിസ്താരം നേരത്തേയാക്കിയത്. Content Highlights:neenu-kevin murder case


from mathrubhumi.latestnews.rssfeed http://bit.ly/2GRFw8e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages