സിറോ മലബാർ സഭയിൽ നടന്നത് അസാധാരണ സംഭവങ്ങൾ; ഞെട്ടലിൽ വിശ്വാസികൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 22, 2019

സിറോ മലബാർ സഭയിൽ നടന്നത് അസാധാരണ സംഭവങ്ങൾ; ഞെട്ടലിൽ വിശ്വാസികൾ

കൊച്ചി: കർദിനാളിനെതിരായ വ്യാജരേഖ കേസിന്റെ തുടർ ചലനങ്ങൾ കണ്ട് ഞെട്ടലിലാണ് സിറോ മലബാർ സഭാ വിശ്വാസികൾ. ഒരു അതിരൂപതയിൽ നടന്ന കാര്യമാണെങ്കിലും സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട്ട വിഷയമായതിനാൽ എല്ലാവരെയും ബാധിക്കുന്ന കാര്യം. മാർ ആലഞ്ചേരിയെ പരോക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ നേരത്തെ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അതിരൂപതയുടെ ഭൂമിയിടപാട് വിഷയം കത്തിനിന്ന കാലത്തായിരുന്നു ഇത്. പരസ്യ പ്രതിഷേധവുമുണ്ടായി. കർദിനാളിനെതിരേ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ തുടർ നടപടികൾ ഒരുപടി കൂടി മുന്നോട്ടുപോയി. സഭാംഗമായ ഒരു യുവാവ് അറസ്റ്റിലായതിനു പിന്നാലെ അതിരൂപതയിൽ നടന്ന പത്രസമ്മേളനം ഒരുപാട് പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഭൂമിയിടപാട് കേസിനു ശേഷം അതിരൂപതയെ നയിക്കാൻ വത്തിക്കാൻ നിയോഗിക്കപ്പെട്ട അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് പത്രസമ്മേളനത്തിന് എത്തിയത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സഭാ കാര്യങ്ങൾ തീരുമാനിക്കുന്ന അഞ്ചംഗ സ്ഥിരം സിനഡ് അംഗമാണ് അദ്ദേഹം. പത്രസമ്മേളനത്തിൽ രണ്ട് സഹായ മെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മാർ ജോസ് പുത്തൻവീട്ടിലും ഉണ്ടായിരുന്നു. സഭാധ്യക്ഷനെതിരേ മെത്രാൻമാർ നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും പത്രസമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ള വൈദികരുടെ പരോക്ഷ വിമർശനം മാർ ആലഞ്ചേരിക്കെതിരേയായിരുന്നു. അത് പത്രക്കുറിപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു. മെത്രാൻമാരുടെ സാന്നിധ്യത്തിലുണ്ടായ ഈ വിമർശനമാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചത്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുന്നതിന് തീരുമാനിച്ചത് സിനഡ് ആയിരിക്കെ അതിലെ അംഗമായ മാർ മനത്തോടത്ത് അതിനെതിരേ രംഗത്തുവന്നുവെന്നാണ് കർദിനാൾ അനുകൂലികൾ ആരോപിക്കുന്നത്. എന്നാൽ, സിനഡ് നൽകിയ പരാതിയിൽ മാർ മനത്തോടത്തിനെ പ്രതിചേർക്കുന്ന സാഹചര്യം സൃഷ്ടിച്ചത് ആരാണെന്ന് എതിർപക്ഷം ചോദിക്കുന്നു. വൈദികർ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായാൽ അതീവ ഗുരുതര സ്ഥിതിവിശേഷമാവും ഉണ്ടാവുക. ഭൂമിയിടപാട് കേസോടെ കർദിനാളിനെ അനുകൂലിക്കുന്നവരുടെ കണ്ണിലെ കരടാണ് മാർ എടയന്ത്രത്ത്. മാർ മനത്തോടത്തിനെയും ഇപ്പോൾ അവർ ശത്രുപക്ഷത്തു നിർത്തുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണങ്ങൾ കാണിക്കുന്നത്. സഭയിലേത് അസാധാരണ സാഹചര്യമാണെന്ന് മീഡിയ കമ്മിഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി 'മാതൃഭൂമി'യോട് പ്രതികരിച്ചു. 'അതിനാൽ തിരക്കിട്ട് പ്രതികരണത്തിനില്ല. വിഷയം പഠിച്ചുവരികയാണ്. സാവകാശമുള്ള കൂടിയാലോചനകൾക്കു ശേഷം പ്രതികരിക്കു'മെന്ന് അദ്ദേഹം പറഞ്ഞു. വൈദികരായ തേലക്കാട്ടും ടോണിയും ഗൂഢാലോചന നടത്തിയെന്ന് പോലീസ് കൊച്ചി: സിറോ മലബാർ സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ മുരിങ്ങൂർ സാൻജോ നഗർ പള്ളി വികാരി ഫാ.ടോണി (ആന്റണി) കല്ലൂക്കാരനെ നാലാം പ്രതിയാക്കി കേസിൽ ഉൾപ്പെടുത്തി. ഒന്നാം പ്രതി പോൾ തേലക്കാട്ടും ഫാ. ടോണി കല്ലൂക്കാരനും ഗൂഢാലോചന നടത്തി മൂന്നാം പ്രതി കോന്തുരുത്തി വളവിൽ വീട്ടിൽ ആദിത്യ (24) യെ ഉപയോഗിച്ച് വ്യാജരേഖ ചമച്ചുവെന്നാണ് പോലീസ് പറയുന്നത്. റിമാൻഡിൽ കഴിയുന്ന ആദിത്യയെ മൂന്നു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങളുള്ളത്. ആദിത്യയുടെ കുടുംബത്തിന്റെ കോന്തുരുത്തിയിലുള്ള ശ്രേഷ്ഠ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിലെ കംപ്യൂട്ടറിൽ മാർ ആലഞ്ചേരിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ന്യൂജനറേഷൻ ബാങ്കിലുള്ള അക്കൗണ്ടിൽനിന്ന് 2016 സെപ്റ്റംബർ 21-ന് ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 8,93,400 രൂപ അയച്ചുവെന്നും 2016 ഒക്ടോബർ 12-ന് ഇതേ അക്കൗണ്ടിൽനിന്ന് ഒരു ഹോട്ടലിന് 16 ലക്ഷം രൂപ കൈമാറിയെന്നും രേഖകളുണ്ടാക്കി. 2017 ജൂലായ് ഏഴിന് ഈ അക്കൗണ്ടിൽനിന്ന് 85,000 രൂപ ഒരു ഹോട്ടലിന് കൈമാറിയെന്നും ഒരു ഹോട്ടലിന്റെ വെക്കേഷൻ ക്ലബ്ബിൽ മാർ ആലഞ്ചേരിക്ക് അംഗത്വമുണ്ടെന്നും ഒരു ഷോപ്പിങ് മാളിൽ 15 പേർ പങ്കെടുത്ത മീറ്റിങ് നടത്തിയെന്നും രേഖകളുണ്ടാക്കിയെന്ന് പോലീസ് പറയുന്നു. ഈ രേഖകൾ 2018 ഓഗസ്റ്റ് 20 മുതൽ വിവിധ തീയതികളിൽ ഫാ. ടോണി കല്ലൂക്കാരൻ പരിചയപ്പെടുത്തിക്കൊടുത്ത ഫാ. പോൾ തേലക്കാട്ടിന് ആദിത്യ ഇ-മെയിൽ അയച്ചുകൊടുത്തു. ഇതിന്റെ പകർപ്പ് ഫാ. ടോണിക്കും മെയിലിൽ അയച്ചു. ഈ വർഷം ജനുവരി ഏഴ് മുതൽ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ നടന്ന സിനഡിൽ സമർപ്പിച്ച് മാർ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പ്രതികൾ ശ്രമിച്ചത്. രണ്ടാം പ്രതിയാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത്. അന്വേഷണോദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്.പി. കെ.എ. വിദ്യാധരനാണ് കസ്റ്റഡി അപേക്ഷ നൽകിയത്. ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാവിലെ പത്തരയ്ക്കാണെന്ന് ഇതിൽ പറയുന്നു. വ്യാജരേഖകൾ ഉണ്ടാക്കിയ കംപ്യൂട്ടർ പ്രതിയുടെ സാന്നിധ്യത്തിൽ സൈബർ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണും കസ്റ്റഡിയിലാണെന്ന് അപേക്ഷയിൽ പറയുന്നു. ആദിത്യയുടെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ ചമച്ച കേസിൽ അറസ്റ്റിലായ കോന്തുരുത്തി സ്വദേശി ആദിത്യയുടെ ജാമ്യാപേക്ഷയിൽ കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച വാദം കേൾക്കും. മൂന്നു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യവും ബുധനാഴ്ച പരിഗണിക്കും. തനിക്ക് മർദനമേറ്റെന്ന് ചൊവ്വാഴ്ച കേസ് പരിഗണിക്കവെ ആദിത്യ കോടതിയെ അറിയിച്ചു. തിരിച്ചുചെന്നാൽ കൊന്നുകളയുമെന്നാണ് പോലീസുകാരുടെ ഭീഷണിയെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് ആദിത്യയെ കോടതി വൈദ്യ പരിശോധനയ്ക്കായി അയച്ചു. വൈകുന്നേരം 4.45-ന് തിരിച്ചുവന്ന ശേഷം ആദിത്യ മജിസ്ട്രേറ്റിന് മൊഴി നൽകുകയായിരുന്നു. തുടർന്ന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. യുവാവിന്റെ ഇടവകക്കാരും സുഹൃത്തുക്കളും കോടതിയിലെത്തിയിരുന്നു. വൈദികന്റെ താമസസ്ഥലത്തുനിന്ന് ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു കൊരട്ടി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വൈദികന്റെ താമസസ്ഥലത്ത് നടന്ന റെയ്ഡിൽ ഹാർഡ് ഡിസ്കുകൾ പിടിച്ചെടുത്തു. മുരിങ്ങൂർ സാഞ്ചോ നഗർ പള്ളിയിലെ വികാരി ഫാ. ആന്റണി കല്ലൂക്കാരന്റെ താമസസ്ഥലത്തും മതബോധന ക്ലാസ് നടക്കുന്ന കെട്ടിടത്തിലുമാണ് തിങ്കളാഴ്ച വൈകീട്ടുമുതൽ ചൊവ്വാഴ്ച ഉച്ചവരെ റെയ്ഡ് നടന്നത്. ആലുവയിൽനിന്നെത്തിയ പ്രത്യേക അന്വേഷണസംഘമാണ് പരിശോധന നടത്തിയത്. പള്ളിയിലെ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അടക്കം ഫോറൻസിക് പരിശോധനയ്ക്ക് കൈമാറും. കർദിനാളിനെതിരായി തയ്യാറാക്കിയെന്നു പറയുന്ന വ്യാജരേഖകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ആദിത്യൻ തയ്യാറാക്കിയതായി പറയുന്ന വ്യാജരേഖകൾ ഇ മെയിൽ വഴി വൈദികന് ലഭിച്ചിട്ടുണ്ടോ എന്നും ഇരുവരും തമ്മിൽ ഇ മെയിൽ സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടോയെന്നും പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ട രേഖകൾ ഹാർഡ് ഡിസ്കിലുള്ളതിനാൽ ഇത് കൊണ്ടുപോകരുതെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും അന്വേഷണോദ്യോഗസ്ഥർ സമ്മതിച്ചില്ല. അറസ്റ്റ് ഭീഷണിയെത്തുടർന്ന് പള്ളിയിൽനിന്നു വിട്ടുനിൽക്കുന്ന ഫാ. ആന്റണി കല്ലൂക്കാരനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ശക്തമാക്കിയിട്ടുണ്ട്. വൈദികൻ മുൻകൂർജാമ്യത്തിനായി ശ്രമിക്കുന്നതായി വിവരമുണ്ട്. കേസിൽ നാലാംപ്രതിയാക്കിയിട്ടുള്ള ഫാ. ആന്റണി ജാമ്യം ലഭിക്കാത്തപക്ഷം കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. സൈബർ ക്രൈം വിഭാഗം സി.ഐ. ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. content highlights:syro malabar church, cardinal george alanchery, paul thelakkattu


from mathrubhumi.latestnews.rssfeed http://bit.ly/2Jx1qBg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages