കണ്ണൂർ: ചക്കരക്കല്ലിലെ വിവാദമായ മാലമോഷണക്കേസിൽ യഥാർഥ പ്രതി പിടിയിലായി. മാഹി അഴിയൂർ സ്വദേശി ശരത്തിനെ (45) കഴിഞ്ഞ ദിവസം കണ്ണൂർ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. ചക്കരക്കല്ലിലെ വീട്ടമ്മയായ രാഖിയുടെ സ്വർണമാല മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. സി.സി.ടി.വി. ദൃശ്യത്തിലെ സാമ്യത കാരണം ഈ കേസിൽ ആളുമാറി കതിരൂർ പുല്യോട് സ്വദേശിയും പ്രവാസിയുമായ താജുദ്ദീനെ ചക്കരക്കൽ എസ്.ഐ. ബിജു അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 54 ദിവസം റിമാൻഡിലുമായി. താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവം വിവാദമായതോടെ പോലീസിനെതിരേ പ്രതിഷേധവും ഉയർന്നു. തുടർന്നുള്ള അന്വേഷണത്തിൽ താജുദ്ദീൻ നിരപരാധിയാണെന്ന് പോലീസിന് ബോധ്യപ്പെട്ടു. ഇതേത്തുടർന്ന് ചക്കരക്കൽ എസ്.ഐ. ബിജുവിനെ കണ്ണൂർ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കണ്ണൂർ ഡിവൈ.എസ്.പി. പി.പി. സദാനന്ദനായിരുന്നു കേസിന്റെ ചുമതല. ഒരു ഓൺലൈൻ തട്ടിപ്പ് കേസിൽ പ്രതിയായി കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇപ്പോൾ കസ്റ്റഡിയിലായ അഴിയൂർ സ്വദേശി ശരത്. മോഷണക്കേസിൽ യഥാർഥ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പോലീസ് കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സി.സി.ടി.വി.യിൽ കണ്ട വ്യക്തിക്ക് താജുദ്ദീനോട് വളരെ സാമ്യമുണ്ട്. ഇതുതന്നെയാണ് ചക്കരക്കൽ പോലീസിന് പിഴച്ചതും. വിശദമായ പരിശോധനയിൽ പ്രതിയുടെ കൈയിൽ സ്റ്റീൽ വളയുണ്ടെന്നും മുഖത്ത് അഞ്ച് മുറിപ്പാടുകൾ ഉണ്ടെന്നും കണ്ടെത്തി. ഈ ചിത്രം സംസ്ഥാനത്തെ എല്ലാ ക്രൈം സ്ക്വാഡുകൾക്കും അയച്ചുകൊടുത്തു. അപ്പോഴാണ് പ്രതി കോഴിക്കോട് ജയിലിൽ മറ്റൊരു കേസിൽ റിമാൻഡിലുണ്ടെന്ന വിവരം കിട്ടിയത്. ചോദ്യംചെയ്യലിൽ ശരത് കുറ്റം സമ്മതിച്ചു. കളവുമുതൽ വിറ്റ സ്ഥലവും പറഞ്ഞുകൊടുത്തു. കവർച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടർ മാഹിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. സി.സി.ടി.വി. ചിത്രത്തിലെ സാമ്യമാണ് നിരപരാധിയെ അറസ്റ്റുചെയ്യാനിടയാക്കിയതെങ്കിൽ അതേ സി.സി.ടി.വി. ദൃശ്യത്തിന്റെ സൂക്ഷ്മപരിശോധനയിലാണ് യഥാർഥ പ്രതി പിടിയിലായതും. മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ഓഗസ്റ്റ് 11-നാണ് ചക്കരക്കല്ല് പോലീസ് അറസ്റ്റുചെയ്തത്. Content Highlights:kannur chakkarakkallu gold chain theft case; police arrested the accused
from mathrubhumi.latestnews.rssfeed https://ift.tt/2FzFh4c
via
IFTTT
No comments:
Post a Comment