ആർ.എസ്.പി: ചന്ദ്രചൂഡൻ ഒഴിയും, അസീസ് തുടരും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

ആർ.എസ്.പി: ചന്ദ്രചൂഡൻ ഒഴിയും, അസീസ് തുടരും

തിരുവനന്തപുരം: ആർ.എസ്.പി. സംസ്ഥാന, ദേശീയ സമ്മേളനം തുടങ്ങാനിരിക്കെ, സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി. എന്നാൽ, ദേശീയ നേതൃത്വത്തിൽ മാറ്റത്തിനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയായി എ.എ. അസീസ് തുടരും. ദേശീയ ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡൻ ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞേക്കും. ബംഗാളിൽനിന്നുള്ള ക്ഷിതി ഗോസ്വാമി, മനോജ് ഭട്ടാചാര്യ എന്നവരിൽ ആരെങ്കിലുമാകും പുതിയ ജനറൽ സെക്രട്ടറി. സംസ്ഥാന സമ്മേളനം വ്യാഴം മുതൽ ശനിവരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഡൽഹിയിലാണ് ദേശീയ സമ്മേളനം. സംസ്ഥാന സമ്മേളനത്തിൽ 705 പ്രതിനിധികൾ പങ്കെടുക്കും. ഇവരിൽനിന്ന് സമ്മേളനം 75 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. മുൻ സമ്മേളനകാലത്ത് ആർ.എസ്.പി.കളുടെ യോജിപ്പിന്റെ കാലമായിരുന്നതിനാൽ 91 അംഗ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ഇക്കുറി അംഗസംഖ്യ കുറയ്ക്കാനാണ് തീരുമാനം. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ജില്ലാ സമ്മേളനങ്ങളെല്ലാം പൂർത്തിയായി. വിശാല ഇടത് ഐക്യത്തിന്റെ പേരിൽ ആർ.എസ്.പി. ഇടതുമുന്നണിയിലേക്ക് വരണമെന്ന ചർച്ച സാധാരണ സമ്മേളനകാലത്ത് ഉയരാറുണ്ടെങ്കിലും ഇപ്രാവശ്യം അത്തരം ചർച്ചയ്ക്ക് പ്രസക്തിയില്ല. യു.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന സമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി പങ്കെടുക്കുന്നതും ഈ നിലപാടിന്റെ പ്രതിഫലനമാണ്. ദേശീയ സമ്മേളനത്തിൽ ഈയാവശ്യം ബംഗാൾ ഘടകം ഉയർത്തും. ദേശീയതലത്തിൽ ആർ.എസ്.പി. ഇടതു സഖ്യത്തിലാണ്. മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ തക്ക കൂട്ടുകെട്ട് അതത് സംസ്ഥാന ഘടകങ്ങൾക്ക് സ്വീകരിക്കാമെന്ന പ്രമേയം കഴിഞ്ഞവട്ടം പാർട്ടി പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ യു.ഡി.എഫിൽ തുടരാൻ തടസ്സമില്ലെന്ന ന്യായമാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് ആർ.എസ്.പി.ക്കു തന്നെയെന്ന ധാരണയാണ് യു.ഡി.എഫിലുള്ളത്. പാർട്ടിക്ക് ആകെയുള്ള എം.പി. സ്ഥാനം എൻ.കെ. പ്രേമചന്ദ്രന്റെതാണ്. അത് ബലികഴിച്ചുള്ള രാഷ്ട്രീയ പരീക്ഷണത്തിന് തത്കാലം ആർ.എസ്.പി. മുതിരില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2qYPs84
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages