കല്ലാമൂലക്കാര്‍ക്കു മതമല്ല വലുത്, മനുഷ്യത്വം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

കല്ലാമൂലക്കാര്‍ക്കു മതമല്ല വലുത്, മനുഷ്യത്വം

കാളികാവ്: കണ്ടുപഠിക്കാനേറേയുണ്ട് കല്ലാമൂല ഗ്രാമത്തിൽ. കറുപ്പന്റെ മകൻ ദിബേഷിന് ചികിത്സാസഹായമൊരുക്കി കല്ലാമൂല മഹല്ല് കമ്മിറ്റി വാർത്തയായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ നബിദിനഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കിയും സമ്മേളനമൊരുക്കിയും മരുതങ്ങാട് അയ്യപ്പക്ഷേത്രകമ്മിറ്റി മറ്റൊരു മാതൃകയായിരിക്കുന്നു. മതമല്ല മനുഷ്യനും അവരുടെ പ്രശ്നങ്ങളുമാണ് പ്രധാനമെന്ന് ഒരിക്കൽക്കൂടി ഈ ഗ്രാമം തെളിയിക്കുകയാണ്.ദിബേഷിന്റെ ചികിത്സാസഹായം കണ്ടെത്താൻ മതപ്രഭാഷണവും പ്രാർഥനാസദസ്സുമാണ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചത്. ഇതിന് വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. ഒട്ടേറെപ്പേർ ദിബേഷിനെ സഹായിക്കാൻ മുന്നോട്ടുവന്നു. കാരുണ്യപ്രവാചകനായ മുഹമ്മദ് നബി എല്ലാവരുടെയും പ്രവാചകനാണെന്നും അദ്ദേഹത്തിന്റെ പിറന്നാളാഘോഷം എല്ലാവരുടെയും ആഘോഷമാണെന്നും ഉദ്ഘാഷിക്കുന്നതായിരുന്നു അമ്പലക്കമ്മിറ്റിയുടെ പ്രവർത്തനം. ശബരിമല തീർഥാടനത്തിന് തയ്യാറെടുത്ത് നിൽക്കുന്ന ക്ഷേത്ര രക്ഷാധികാരി സേതു തന്നെ നബിദിനറാലിക്ക് സ്വീകരണം ഒരുക്കാൻ മുൻപന്തിയിൽനിന്നു. ചൊവ്വാഴ്ച നടന്ന കല്ലാമൂലയിലെ നബിദിനറാലിയിൽ പ്രവാചക പ്രകീർത്തനങ്ങളുമായി നടന്നുനീങ്ങിയ റാലിയിലുള്ളവർക്ക് മരുതങ്ങാട് അയ്യപ്പക്ഷേത്രക്കമ്മിറ്റി സ്വീകരണം ഒരുക്കി. വെറും മധുരം നൽകൽ മാത്രമല്ല, റാലിയെ ആശിർവാദിക്കാനും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ മുന്നിട്ടിറങ്ങി. സ്വീകരണം ഒരുക്കിയ ക്ഷേത്രക്കമ്മിറ്റിക്ക് നന്ദിയറിയിച്ച് മദ്രസയിലെ പ്രഥമാധ്യാപകൻ പി. ജമാലുദ്ദീൻ മുസ്‌ലിയാർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു. മനുഷ്യസ്നേഹത്തിനു മുമ്പിൽ മതങ്ങൾക്ക് അതിർവരമ്പുകൾ സൃഷ്ടിക്കാനാവില്ലെന്ന് നാടിന് തെളിയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കല്ലാമൂല പ്രദേശവാസികൾ. ക്ഷേത്രക്കമ്മിറ്റി രക്ഷാധികാരി കേളുനായർ പടിയിലെ സേതു, പ്രസിഡന്റ് രാമചന്ദ്രൻ, ഭാരവാഹികളായ രാജീവൻ നായർ, കുഞ്ഞുട്ടൻ വള്ളിപ്പൂള, കൽപ്പകച്ചേരി കുട്ടൻ, രാജപ്പൻ നായർ എന്നിവർ സ്വീകരണത്തിന് നേതൃത്വംനൽകി. മഹല്ല് ഭാരവാഹി, കെ കുഞ്ഞാണി, മജീദ് മുസ്‌ലിയാർ എന്നിവർ നബിദിനറാലിക്ക് നേതൃത്വംനൽകി.


from mathrubhumi.latestnews.rssfeed https://ift.tt/2qX6SCf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages