തിരുവനന്തപുരം: രാജസ്ഥാനി നാടോടിനൃത്തത്തിലെ സുന്ദരമായൊരു ചുവട് ആദ്യം മുന്നിലെത്തി. തൊട്ടുപിന്നാലെ, ഈ ചുവടിനെ ബോളിവുഡ് സിനിമ എങ്ങനെ മോശമാക്കി എന്നും കാണികൾ കണ്ടു. മല്ലികാ സാരാഭായി എന്ന അതുല്യപ്രതിഭയുടെ സോദാഹരണ പ്രഭാഷണം കലയും രാഷ്ട്രീയവും നിലപാടുകളും തുറന്നുകാട്ടിയ വേദിയായി. ഗുരുഗോപിനാഥ് നടനഗ്രാമമായിരുന്നു വേദി. 'കണ്ടില്ലേ, ഉദ്ദേശ്യം അല്പമൊന്നു മാറിയപ്പോൾ നല്ലൊരു ചുവട് 'വൾഗർ' ആയി മാറിയത്'- അവർ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. നടനത്തിൽ വേറിട്ട വഴിവെട്ടിയ മല്ലികാ സാരാഭായി നൃത്തവിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടി നൽകിയതിനൊപ്പം തന്റെ കലാസങ്കല്പങ്ങളും സ്വപ്നങ്ങളുമൊക്കെ അവർക്കായി പങ്കുവെച്ചു. പരമ്പരാഗത അടിത്തറയിൽ നിൽക്കുമ്പോഴും കലയിലൂടെ എന്തു പറയാനാകും എന്നതാണ് തന്റെ തിരച്ചിൽ. അതിനാലാണ് ഇംഗ്ലണ്ടിലുള്ള മകനും നെതർലാൻഡിലുള്ള കാമുകിക്കുമിടയിലെ വിരഹത്തിന് കൃഷ്ണ-രാധാ സങ്കല്പത്തിൽ വരികളെഴുതാൻ തനിക്കു കഴിയുന്നത്. ഇതൊരിക്കലും ഭരതനാട്യത്തെ അധിക്ഷേപിക്കലല്ല. മോശമായി ചിത്രീകരിക്കാതെ നമ്മുടെ കലകളെ കൂടുതൽ പേരിൽ എത്തിക്കുകയാണ് വേണ്ടത്. ഇന്നലെകളിലെ 'സമകാലിക' രൂപങ്ങളാണ് ഇന്ന് 'പരമ്പരാഗതം' ആയി മാറുന്നത്. ഇവിടെ പഠനത്തിനെത്തുന്ന ആയിരത്തിൽ ഒരാൾ മാത്രമേ നർത്തകിയാകാൻ തീരുമാനിച്ചിട്ടുണ്ടാവൂ. മറ്റുള്ളവർ രക്ഷാകർത്തക്കളുടെയോ അധ്യാപകരുടെയോ ഒക്കെ സമ്മർദത്തിനു വഴങ്ങി നൃത്തപഠനം നടത്തുന്നവരാണ്. തനിക്ക് നൃത്തം ഒരു ബാറ്ററി റീച്ചാർജിങ് ആണ്. മാറ്റം എന്ന 'റിസ്ക്' എടുക്കാൻ പലർക്കും വയ്യ. ശബരിമല സ്ത്രീപ്രവേശനത്തിൽത്തന്നെ അതു കാണാം. ആർത്തവരക്തം അശുദ്ധമെങ്കിൽ ഈ ലോകംതന്നെ അശുദ്ധമാണ്. സ്റ്റെം സെൽ ഉൾപ്പെടെയുള്ള മെഡിക്കൽ ആവശ്യങ്ങൾക്ക് ആർത്തവരക്തം ശേഖരിക്കുന്ന രാജ്യങ്ങൾ വരെയുണ്ട്. സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങളിലെത്തിയ സ്ത്രീകൾ വരെ പറയുന്നത് 'തങ്ങളുടെ ഭർത്താവ് അല്ലെങ്കിൽ അച്ഛൻ അനുവദിച്ചു' എന്നാണ്. ഇതു ശരിയല്ല. തന്റെ പ്രശസ്തമായ 'വിസിലിങ് പ്രിൻസസ്' എന്ന നൃത്തയിനത്തിലെ അവസാന ഭാഗം അവതരിപ്പിച്ചുകൊണ്ടാണ് അവർ പരിപാടി അവസാനിപ്പിച്ചത്. ഗുരുഗോപിനാഥ് ദേശീയ നൃത്തമ്യൂസിയം അക്കാദമികതലത്തിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര പ്രശസ്ത നർത്തകരുമായി സംവാദം, ശില്പശാല എന്നിവ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. നടനഗ്രാമം സെക്രട്ടറി സുദർശനൻ കുന്നത്തുകാൽ, വൈസ് ചെയർമാൻ കെ.സി.വിക്രമൻ, ഡോ. വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2FwmR4n
via
IFTTT
No comments:
Post a Comment