59 മിനിറ്റിൽ വായ്പ: പദ്ധതിയല്ല, ഓൺലൈൻ സംവിധാനം മാത്രം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, December 25, 2018

59 മിനിറ്റിൽ വായ്പ: പദ്ധതിയല്ല, ഓൺലൈൻ സംവിധാനം മാത്രം

കൊച്ചി: ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് ദീപാവലി സമ്മാനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് '59 മിനിറ്റിൽ വായ്പ'. ബാങ്കിൽ പോകാതെ തന്നെ അപേക്ഷകന്റെ അക്കൗണ്ടിൽ 59 മിനിറ്റിനുള്ളിൽ ഒരു കോടി രൂപ വരെ വായ്പ ലഭിക്കുമെന്നതായിരുന്നു പ്രഖ്യാപനം. പ്രധാനമന്ത്രി 12 ഇനം പദ്ധതി പ്രഖ്യാപിച്ചതിൽ ആദ്യത്തെ പദ്ധതിയും ഇതുതന്നെയായിരുന്നു. എന്നാൽ ഇത് വായ്പാ പദ്ധതിയല്ല, ഒരു ഓൺലൈൻ സംവിധാനം മാത്രം. ഓൾ കേരള ജി.എസ്.ടി. പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്് ജേക്കബ് സന്തോഷ് സമർപ്പിച്ച വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കാര്യങ്ങൾ വ്യക്തമായത്. ജി.എസ്.ടി. പോർട്ടലിൽ ഒന്ന് വിരലമർത്തിയാൽ ഒരു കടലാസ് പോലും അയയ്ക്കാതെ ഉടനടി വായ്പ സാധ്യമാകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പോർട്ടൽ വഴി ശ്രമിച്ചപ്പോൾ 'സിഡ്ബി'യുടെ പോർട്ടലിലേക്ക് പോകും. അവിടെ ഉപഭോക്താവ് ഒരു ഐ.ഡി. ഉണ്ടാക്കുകയും പേര്, ഫോൺ നമ്പർ, ആധാർ, ബാങ്ക് തുടങ്ങിയ വിവരങ്ങൾ നൽകുകയും ചെയ്യണം. പിന്നീട് ബാങ്കിന്റെ പ്രതിനിധി ആവശ്യക്കാരനുമായി ബന്ധപ്പെടും. അവർക്കു വേണ്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടും. തുടർന്ന് ബാങ്കിന്റെ നടപടിക്രമം അനുസരിച്ച് വായ്പ കൊടുക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കും. ഒരു കോടി രൂപ വരെ വായ്പ നൽകുമ്പോൾ പ്രോസസിങ് ചാർജ് എന്ന നിലയിൽ 1,180 രൂപ ഉപഭോക്താവിൽനിന്ന് ഈടാക്കുന്നുണ്ട്. അപേക്ഷിച്ച ഓരോരുത്തരുടെ അക്കൗണ്ടിൽ നിന്നും ഇത്തരത്തിൽ 1,180 രൂപ പിടിച്ചിട്ടും വാഗ്ദാനം െചയ്ത സമയത്തിനുള്ളിൽ ലോൺ ലഭിച്ചതുമില്ല. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് ഇതെപ്പറ്റി അറിയില്ലെന്നാണ് മറുപടി. ലോൺ വേണമെന്നുണ്ടെങ്കിൽ പഴയ പ്രകാരം ബാങ്കിൽ നേരിട്ടു ചെന്ന് ലോണിനായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി അപേക്ഷിക്കാം. പദ്ധതി പ്രകാരം എസ്.ബി.ഐ., പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങി 21 ബാങ്കുകളാണ് വായ്പ നൽകാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ സിഡ്ബിയും ഉൾപ്പെടും. എന്നാൽ അപേക്ഷയെല്ലാം തന്നെ സിഡ്ബിയിലേക്കാണ് പോകുന്നത്. എന്നാൽ, സിഡ്ബി ഇതിനായി 'കാപിറ്റൽ വേൾഡ്' എന്ന കൺസൾട്ടിങ് സ്ഥാപനത്തിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അപേക്ഷകരുടെ ക്രെഡിറ്റ് പരിശോധന നടത്തുന്നതിന് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ കാപിറ്റൽ വേൾഡിന്റെ കൈവശമുണ്ടെന്നാണ് സിഡ്ബി പറയുന്നത്. എന്നാൽ ഈ സ്ഥാപനത്തിനെതിരേ ചിലർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ പദ്ധതി നടപ്പിലാക്കാൻ സിഡ്ബിയും ധനമന്ത്രാലയവും തമ്മിൽ എന്തെങ്കിലും കരാർ ഉണ്ടോ എന്നതിനും ഇല്ല എന്നാണ് മറുപടി ലഭിച്ചത്. ഏറ്റവും സുരക്ഷിതമായി കരുതുന്ന ജി.എസ്.ടി. ശൃംഖലയിൽ നിന്ന് പുറമെ നിന്നൊരു സംവിധാനത്തിന് വിവരങ്ങൾ കൈമാറുന്നത് ഓരോ ജി.എസ്.ടി. നികുതിദാതാവിന്റെയും സ്വകാര്യതയുടെ ലംഘനമാണെന്ന് ജേക്കബ് സന്തോഷ് പറയുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2Cz03xj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages