റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 24, 2018

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കി

ന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽനിന്ന് കേരളത്തിന്റെ ഫ്ലോട്ട് പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുൾപ്പെടെയുള്ള നവോത്ഥാനസംഭവങ്ങൾ അടിസ്ഥാനമാക്കിയ ഫ്ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. ഇതിന് അവതരണാനുമതി നിഷേധിച്ചതിനുപിന്നിൽ രാഷ്ട്രീയസമ്മർദമാണെന്നാണ് സൂചന.പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉണ്ടായിരുന്നു. തുടർന്ന്, നാലുഘട്ടങ്ങളിലായുള്ള പരിശോധനയ്ക്കൊടുവിൽ 14 സംസ്ഥാനങ്ങളാണ് പരേഡിന്റെ ഭാഗമാവുക. ഇങ്ങനെ അവസരം കിട്ടിയ സംസ്ഥാനങ്ങൾ 26-ന് ഹാജകാകണമെന്നാവശ്യപ്പെട്ട് പ്രതിരോധസെക്രട്ടറി കത്തുനൽകിയിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് കേരളഹൗസ് റെസിഡന്റ് കമ്മിഷണർ പുനീത് കുമാർ ‘മാതൃഭൂമി’യോട് പറഞ്ഞു. ശബരിമല വിഷയത്തിൽ ‘നവോത്ഥാനം’ പ്രധാന വിഷയമാക്കി കേരള സർക്കാരും സി.പി.എമ്മും പ്രചാരണം നടത്തുന്നതിനിടെയാണ് വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവും പശ്ചാത്തലമാക്കിയുള്ള ഫ്ലോട്ടിന് അനുമതിതേടിയത്. ‘വനിതാ മതില’ടക്കം ഉയർത്തി സി.പി.എം. ബി.ജെ.പി.യെ വെല്ലുവിളിക്കുന്ന സന്ദർഭത്തിൽ, റിപ്പബ്ലിക് ദിന പരേഡിൽ തലസ്ഥാനത്ത് കേരളത്തിന്റെ നവോത്ഥാനഗീതം ഉയരുന്നതിനോട് രാഷ്ട്രീയ എതിർപ്പുകളുണ്ടായിരുന്നു. 2014-ൽ പുരവഞ്ചിയിലൂടെ മികച്ച ദൃശ്യാവിഷ്കാരത്തിനുള്ള സ്വർണമെഡൽ കേരളം നേടിയിരുന്നു. 2015-ലും 2016-ലും തിരഞ്ഞെടുക്കപ്പെട്ടില്ല. 2017-ൽ അഞ്ചാംസ്ഥാനത്തുമെത്തി. ഇത്തവണ എന്തുനിലയിലും ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെ, പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നിൽ വിഷയം ആദ്യം അവതരിപ്പിക്കുന്നതിന്‌ കേരളം പ്രത്യേകപ്രതിനിധിയെവരെ അയച്ചു. ഗാന്ധിജിയുമായി ബന്ധപ്പെട്ടതാണ് വിഷയമെന്നതിനാൽ, അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന വൈക്കം സത്യാഗ്രഹമാണ് തിരഞ്ഞെടുത്തത്. സമിതിക്കുമുമ്പിൽ കേരളം വെച്ച നിർദേശങ്ങളിൽനിന്ന്, ഗാന്ധിജിയും ശ്രീനാരായണഗുരുവും കാണുന്ന ദൃശ്യം ഏറെ ആകർഷണീയമായിതോന്നിയതിനാൽ സമിതിയിലെ കലാകാരന്മാർ അതിൽ കേന്ദ്രീകരിച്ച്‌ മുന്നോട്ടുപോകാൻ ആവശ്യപ്പെട്ടു. ബംഗാളികലാകാരൻ ബാബ ചക്രവർത്തി ഇതനുസരിച്ച് ഫ്ലോട്ട് നിർമിച്ചു. ഫ്ലോട്ടിന്റെ ത്രിമാനദൃശ്യങ്ങളും ചലനവും സംഗീതത്തോടെ ദൃശ്യവത്‌കരിച്ചത്‌ കണ്ടശേഷം സമിതി ചെറിയ ചിലമാറ്റങ്ങൾ നിർദേശിച്ചു. ഇതനുസരിച്ച് അവസാനഘട്ടത്തിലെത്തിയ 19 സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ 20-ന് വീണ്ടും അവതരിപ്പിച്ചു. അന്നവതരിപ്പിച്ച മറ്റുപല ഫ്ലോട്ടുകളെക്കാളും മികച്ച കേരളത്തിന്റെ ഫ്ലോട്ട് തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരിക്കെയാണ് ക്ഷണം ലഭിക്കാതെ വന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2rSmpUf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages