അര്‍ധ സെഞ്ചുറിയുമായി മായങ്കും പൂജാരയും; മെല്‍ബണില്‍ ആദ്യ ദിനം ഇന്ത്യയ്ക്കു സ്വന്തം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, December 26, 2018

അര്‍ധ സെഞ്ചുറിയുമായി മായങ്കും പൂജാരയും; മെല്‍ബണില്‍ ആദ്യ ദിനം ഇന്ത്യയ്ക്കു സ്വന്തം

മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് ഇന്ത്യ. 68 റൺസുമായി ചേതേശ്വർ പൂജാരയും 47 റൺസുമായി വിരാട് കോലിയുമാണ് ക്രീസിൽ. ഇരുവരും ചേർന്ന കൂട്ടുകെട്ട് ഇതുവരെ 92 റൺസ് ഇന്ത്യൻ സ്കോറിലേക്ക് ചേർത്തിട്ടുണ്ട്. അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗർവാളിന്റെ ഇന്നിങ്സായിരുന്നു ആദ്യ ദിനത്തിലെ പ്രത്യേകത. അരങ്ങേറ്റക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ കളിച്ച മായങ്ക് 161 പന്തുകളിൽ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്സുമടക്കം 76 റൺസെടുത്തു. പാറ്റ് കമ്മിൻസിന്റെ പന്തിന്റെ ബൗൺസ് മനസിലാക്കുന്നതിൽ പിഴച്ച മായങ്ക് വിക്കറ്റ് കീപ്പർ ടിം പെയ്നിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഈ പരമ്പരയിൽ ഒരു ഇന്ത്യൻ ഓപ്പണർ നേടുന്ന ആദ്യ അർധ സെഞ്ചുറിയായിരുന്നു മായങ്കിന്റേത്. വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന നേട്ടം സ്വന്തമാക്കിയ ശേഷമാണ് മായങ്ക് മടങ്ങിയത്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295-ാമത്തെ കളിക്കാരനാണ് മായങ്ക് അഗർവാൾ. എട്ടു റൺസെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ ആരോൺ ഫിഞ്ച് പിടിച്ചാണ് വിഹാരി പുറത്തായത്. മായങ്കിനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 40 റൺസ് ചേർത്ത ശേഷമാണ് വിഹാരി പുറത്തായത്. പിന്നാലെ ഒത്തു ചേർന്ന പൂജാര-മായങ്ക് സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ഇന്ത്യൻ സ്കോർബോർഡിൽ ചേർത്തു. സ്കോർ 123-ൽ നിൽക്കെ മായങ്ക് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോലി പൂജാരയ്ക്കൊപ്പം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. മെൽബണിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ബാറ്റിങ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന കെ.എൽ. രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തിയതോടെ ഹനുമ വിഹാരിയും അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗർവാളുമാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക്. മായങ്ക് തുടക്കം മുതൽ തന്നെ റൺസ് സ്കോർ ചെയ്യാനാരംഭിച്ചെങ്കിലും ഏറെ ശ്രദ്ധയോടെയാണ് വിഹാരി തുടങ്ങിയത്. സ്റ്റാർക്കിന്റെയും കമ്മിൻസിന്റെയും ഹേസൽവുഡിന്റെയും ഷോർട്ട് പിച്ച് പന്തുകൾ പലപ്പോഴും വിഹാരിയെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ കമ്മിൻസിന്റെ ഒരു ബൗൺസറിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് വിഹാരി പുറത്താകുന്നത്. ഗ്ലൗവിൽ തട്ടിയ പന്ത് സ്ലിപ്പിൽ ഫിഞ്ചിന്റെ കൈകളിലെത്തുകയായിരുന്നു. 66 പന്തുകൾ നേരിട്ടാണ് വിഹാരി എട്ടു റൺസെടുത്തത്. ഇന്ത്യൻ നിരയിൽ മായങ്കിന് പുറമെ, ജഡേജയും രോഹിത് ശർമയും തിരിച്ചെത്തി. അതേസമയം ഓസീസ് നിരയിൽ പീറ്റർ ഹാൻഡ്സ്കോമ്പിനു പകരം മിച്ചൽ മാർഷ് ടീമിലെത്തി. എല്ലാ വർഷവും ക്രിസ്മസ് പിറ്റേന്നു മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റുകളിൽ എതിരാളികളെ തകർത്തെറിഞ്ഞതിന്റെ ചരിത്രമാണ് ഓസീസിന്റേത്. നാലു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയതോടെ മെൽബണിലെ മൂന്നാം ടെസ്റ്റിൽ ഉശിരൻ പോരാട്ടം പ്രതീക്ഷിക്കാം. ചരിത്രം കുറിച്ച് ആർച്ചി ഷില്ലെർ മത്സരത്തിൽ ടോസിനായി ഏഴു വയസുകാരനായ ആർച്ചി ഷില്ലെറും എത്തിയിരുന്നു. ഓസീസ് ടീമിന്റെ ഉപനായകനായി ക്യാപ്റ്റൻ ടിം പെയ്നിനൊപ്പമാണ് ഷില്ലെർ എത്തിയത്. ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞ് ഷില്ലെറുടെ മോഹങ്ങൾ തല്ലിക്കെടുത്തിയത് അപൂർവമായ ഹൃദ്രോഗമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് കുഞ്ഞു ഷില്ലെറുടെ ഹൃദയത്തിന് വലിയ തകരാറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുന്നത്. ഓപ്പൺ ഹാർട്ട് സർജറിക്ക് അടക്കം വിധേയനായ ഈ ഏഴു വയസുകാരൻ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ ഷില്ലെറുടെ ക്രിക്കറ്റ് സ്നേഹം അറിഞ്ഞ ഓസീസ് കോച്ച് അവന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ഷില്ലെറെ ടീമിനൊപ്പം കൂട്ടുകയുമായിരുന്നു. സ്പിന്നർ നഥാൻ ലിയോണിന്റെ കടുത്ത ആരാധകനാണ് ലെഗ് സ്പിന്നർ കൂടിയായ ഷില്ലെർ. നേരത്തെ ഓസീസ് ടീമിനൊപ്പം പരിശീലിക്കാനും ഷില്ലെർക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെ ഓസീസിനെ നയിക്കാനാണ് തനിക്ക് താൽപ്പര്യമെന്നും ഷില്ലെർ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോൾ സാധിച്ചുകൊടുക്കുന്നത്. Content Highlights: india vs australia boxing day test day one


from mathrubhumi.latestnews.rssfeed http://bit.ly/2ELpON6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages