രാഹുലിനും പിണറായിക്കുമിടയില്‍ വനിതാ മതില്‍ പറയുന്നത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

രാഹുലിനും പിണറായിക്കുമിടയില്‍ വനിതാ മതില്‍ പറയുന്നത്

വനിതാ മതിൽ ഒരേ സമയം പ്രതീകവും സൂചകവുമാണ്. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരും സിപിഎമ്മും നടന്നുതുടങ്ങുന്ന പുതിയ വഴിയിലേക്കാണ് വനിതാ മതിൽ തുറക്കുന്നത്. ഒരർത്ഥത്തിൽ ഈ വഴി അത്ര പുതിയതല്ല. അടുത്തിടെയായി രാഹുൽഗാന്ധി നടന്നുകൊണ്ടിരിക്കുന്ന വഴിയാണിത്. സോമനാഥക്ഷേത്ര ദർശനവും കൈലാസ തീർത്ഥയാത്രയും പൂണൂൽധാരിയായ നേതാവിന്റെ പ്രതിച്ഛായയും ഈ വഴിയിലൂടെയുള്ള യാത്രയായിരുന്നു. ഹിന്ദുക്കളെ ബിജെപിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവ് തന്നെയായിരുന്നു ഈ വഴിയുടെ തിരഞ്ഞെടുപ്പിൽ കലാശിച്ചത്. കോൺഗ്രസ് ഹിന്ദുക്കൾക്കെതിരാണ് എന്ന കൃത്യമായ സമീപനത്തിനു പുറത്താണ് ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രായോഗിക തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ഹിന്ദുത്വയിലൂന്നിയ ഈ രാഷ്ട്രീയ നിലപാടുകളിലൂടെ ബിജെപിക്ക് വൻ നേട്ടം കൊയ്യാനായി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടിക്കൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിർണ്ണായക മുന്നേറ്റങ്ങളാണ് ബിജെപി നടത്തിയത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെപ്പോലും നിർത്താതെ ബിജെപി കളിച്ച കളി ഒന്നുവേറെ തന്നെയായിരുന്നു. ഒരു പക്ഷേ, ഈ കളിയായിരിക്കണം കോൺഗ്രസിന്റെ കണ്ണുതുറപ്പിച്ചത്. ന്യൂനപക്ഷ പ്രീണനം അതിരുകടക്കുന്നുണ്ടെന്ന പ്രതീതി മുൻനിർത്തി ബിജെപിയും സംഘപരിവാറും രാഷ്ട്രീയ നേട്ടം കൊയ്യുന്നുണ്ടെന്ന സൂചനകൾ ഉൾക്കൊള്ളിച്ച എ കെ ആന്റണിയുടെ റിപ്പോർട്ട് ഒന്നുകൂടി ആഴത്തിൽ പഠിക്കേണ്ടതായുണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതും ഈ ഘട്ടത്തിലായിരിക്കണം. രാഹുൽഗാന്ധിയുടെ ക്ഷേത്ര സന്ദർശനങ്ങൾക്ക് വ്യാപക പ്രചാരണം നൽകാൻ കോൺഗ്രസ് തുടങ്ങിയത് ഈ പരിസരത്തിലാണ്. കാർഷികമേഖലയിലെ പ്രതിസന്ധികൾക്കെതിരെ ആഞ്ഞടിക്കാനും അംബാനി - അദാനിമാരുമായുള്ള ബിജെപി സർക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തെ രൂക്ഷമായി വിമർശിക്കാനും രാഹുൽഗാന്ധി പ്രത്യേകം മനസ്സിരുത്തുകയും ചെയ്തു. ഗുജറാത്തിൽ ഈ നീക്കങ്ങൾ കോൺഗ്രസിനെ വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചത്തിസ്ഗഡിലും ഈ രാഷ്ട്രീയ നിലപാടുകൾ കോൺഗ്രസിന് വിജയം സമ്മാനിക്കുകയും ചെയ്തു. ഒരർത്ഥത്തിൽ ഇത് നൂൽപാലത്തിലൂടെയുള്ള യാത്രയാണ്. ഹിന്ദുക്കളെ ബിജെപിക്ക് വിട്ടുകൊടുക്കാതിരിക്കുമ്പോൾ തന്നെ ന്യൂനപക്ഷങ്ങളെ എങ്ങിനെയാണ് കൂടെ നിർത്തേണ്ടതെന്ന ധർമ്മസങ്കടവും കോൺഗ്രസിന് നേരിട്ടേ മതിയാവൂ. ശബരിമലയിൽ യുവതീ പ്രവേശത്തെ എതിർക്കുമ്പോൾ തന്നെ മുത്തലാക്ക് ബിൽ രാജ്യസഭയിൽ പാസ്സാക്കാൻ അനുവദിക്കില്ലെന്ന കോൺഗ്രസ് നിലപാട് ഈ ധർമ്മസങ്കടത്തിന്റെ പ്രതിഫലനമാണ്. 15 വർഷങ്ങൾക്കു ശേഷം മദ്ധ്യപ്രദേശിന് ഒരു മുസ്ലിം മന്ത്രിയെ നൽകാൻ കമൽനാഥ് തയ്യാറായതിനെയും ഈ വെളിച്ചത്തിൽ തന്നെയാണ് കാണേണ്ടത്. ഈ ധാരണയിലേക്കാണ് പിണറായി വിജയനും സിപിഎമ്മും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. യാഥാർത്ഥ്യങ്ങളിൽ നിന്നൊളിച്ചോടുകയല്ല അവയെ സധൈര്യം നേരിടുകയാണ് വേണ്ടതെന്ന വിവേകവും പ്രതിഫലനവും ഈ നീക്കത്തിലുണ്ട്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ തുടങ്ങേണ്ടത് എ കെ ജി ഭവനിൽ നിന്നല്ല വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ നിന്നാണെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ. എസ്എൻഡിപിയും ദളിത്സമൂഹവും അണിനിരക്കുന്ന ഒരു പെൺമതിലിനെ നേരിടുകയെന്നത് സംഘപരിവാറിന് ഒരിക്കലും എളുപ്പമാവില്ലെന്ന സാമാന്യബുദ്ധിയുടെ പ്രകാശവും ഇവിടെയുണ്ട്. എൻ എസ് എസ് സഹയാത്രികനായ ബാലകൃഷ്ണപിള്ളയുടെ കേരളകോൺഗ്രസിനെ ഇടതുമുന്നണിയിലേക്കെടുത്തതും ഇക്കഴിഞ്ഞ ദിവസങ്ങളിലാണെന്നത് രാഷ്ട്രീയ നിരിക്ഷകർക്ക് കാണാതിരിക്കാനാവില്ല. മുസ്ലിംലീഗിനെ കൂടെക്കൂട്ടില്ലെന്ന് നാഴികയ്ക്ക് നാൽപതുവട്ടം ആവർത്തിക്കുമ്പോഴും ഇന്ത്യൻ നാഷനൽ ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വീകരിക്കുന്നതിന് ഒരു വിധത്തിലുള്ള മന:പ്രയാസമുണ്ടാകുന്നില്ലെന്നതും ഇതോടൊപ്പം തന്നെ ചേർത്തുവായിക്കേണ്ടതുണ്ട്. വരട്ടുവാദങ്ങളിൽ നിന്ന് സിപിഎം യാഥാർത്ഥ്യത്തിന്റെ ഭൂമികകളിലേക്ക് വരികയാണ്. കണ്ണൂരിൽ പി ജയരാജനും കൂട്ടരും ശ്രികൃഷ്ണജയന്തികൾ ഏറ്റെടുത്ത ചരിത്രത്തിന്റെ തുടർച്ച കൂടിയാണിത്. അമേരിക്കയിൽ പഠനം കഴിഞ്ഞ് ജയപ്രകാശ്നാരായൺ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് മാർക്സിസത്തിന്റെ തിരികൾ ഉള്ളിലേറ്റിക്കൊണ്ടാണ്. പക്ഷേ, ഇന്ത്യയിൽ ഗാന്ധിജിയെ തള്ളിപ്പറഞ്ഞഇടതുപക്ഷ രാഷ്ട്രീയം ജയപ്രകാശിന് ഉൾക്കൊള്ളാനായില്ല. ഗാന്ധിക്കും മാർക്സിനുമിടയിൽ സമന്വയത്തിന്റെ വഴിയാണ് ജയപ്രകാശ് അന്വേഷിച്ചത്. ഈ അന്വേഷണത്തിൽ വഴികാട്ടിയായത് ഒരൊറ്റ ചോദ്യമായിരുന്നെന്ന് ജെപി രേഖപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് മനുഷ്യൻ നന്മ ചെയ്യുന്നത് ? ഈ ചോദ്യമാണ് ജെപിയെ സമ്പൂർണ്ണ വിപ്ലവം എന്ന ആശയത്തിലേക്കെത്തിച്ചത്. ഗാന്ധിയുടെയും മാർക്സിന്റെയും സമന്വയമായിരുന്നു അതിന്റെ കാതൽ. ഇന്ദിരയുടെ ഏകാധിപത്യ വാഴ്ചയുടെ പരിസരത്തിലായിരുന്നു ജെപിയുടെ സമ്പൂർണ്ണവിപ്ലവം ആവിഷ്കരിക്കപ്പെട്ടത്. ഈ ആശയപരിസരത്തിൽ നിന്ന് അംബദ്കറെയും ഒഴിച്ചുനിർത്താനാിവില്ലെന്ന് ഇന്നിപ്പോൾ കോൺഗ്രസും ഇടതുപക്ഷവും തിരിച്ചറിയുകയാണ്. രാഹുൽഗാന്ധിയാണ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ ചെന്നൈയിൽ പ്രഖ്യാപിച്ചപ്പോൾ തൊട്ടുത്ത് തന്നെ പിണറായി വിജയൻ ഉണ്ടായിരുന്നുവെന്നത് ചരിത്രപരമായ യാദൃശ്ചികതയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. content highlights:Vazhipokkan on Sabarimala issue and women wall


from mathrubhumi.latestnews.rssfeed http://bit.ly/2F2Ewzx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages