അടിയന്തരാവസ്ഥയുടെ നായകൻ ജയപ്രകാശ്നാരായൺ എന്ന ജെപിയായിരുന്നു. അന്ന് ജെപിക്കൊപ്പം ഇന്ത്യയെ ഒന്നാകെ ആവേശത്തിലാഴ്ത്തിയ മറ്റൊരു നേതാവുണ്ടായിരുന്നെങ്കിൽ അത് ജോർജ് ഫെർണാണ്ടസ് ആയിരുന്നു. Photo courtesy: Twitter/@narendramodi അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഒരു മുഖമുണ്ടായിരുന്നെങ്കിൽ അത് ഫെർണാണ്ടസിന്റേതായിരുന്നു. ചങ്ങലയിട്ട കൈകൾ ഉയർത്തിപ്പിടിച്ച് കൂസലേതുമില്ലാതെ നടന്നുനീങ്ങുന്ന ഫെർണാണ്ടസിന്റെ ചിത്രം പോലെ സ്വതന്ത്ര ഇന്ത്യയിൽ ജനാധിപത്യ വിശ്വാസികളെ പ്രോജ്വലിപ്പിച്ചിട്ടുള്ള മറ്റൊരു ദൃശ്യമില്ല. 1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ആകാശവാണിക്ക് മുന്നിൽ കാതോർത്തിരിക്കുമ്പോൾ ഒരാളുടെ ജയം അറിയാനായിരുന്നു ഏറ്റവും കൂടുതൽ ആകാംക്ഷ. മുസാഫർപൂരിൽ നിന്നും വൻഭൂരിപക്ഷത്തിന് ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന വാർത്ത പോലെ അന്ന് മനസ്സ് നിറച്ച മറ്റൊരു വാർത്തയുണ്ടായിരുന്നില്ല. ജയിലിൽ കിടന്നുകൊണ്ടാണ് ഫെർണാണ്ടസ് അന്ന് മത്സരിച്ചത്. ഒരിക്കൽപോലും മുസാഫർപൂരിൽ അന്ന് പ്രചാരണത്തിനെത്താൻ ഫെർണാണ്ടസിനായിരുന്നില്ല. പക്ഷേ, ജനാധിപത്യ ഇന്ത്യ ഒന്നടങ്കം ഫെർണാണ്ടസിനു പിന്നിലുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ ധാർഷ്ട്യത്തിനും അവിവേകത്തിനുമേറ്റ കനത്ത പ്രഹരമായിരുന്നു മുസാഫർപൂരിലെ ജനവിധി. അതിനുംമുമ്പ് 1967 ൽ ഫെർണാണ്ടസ് ചരിത്രം സൃഷ്ടിച്ചിരുന്നു. കോൺഗ്രസ് സിൻഡിക്കേറ്റിലെ പ്രബലൻ എസ്. കെ. പാട്ടീലിനെ മുംബൈ സൗത്തിൽ ഫെർണാണ്ടസ് വീഴ്ത്തിയത് ഇന്ത്യൻ രാഷ്ട്രീയം കണ്ട വമ്പൻ അട്ടിമറികളിൽ ഒന്നായിരുന്നു. ഫെർണാണ്ടസ് അന്ന് മുംബൈയിൽ ശക്തനായ ട്രെയ്ഡ് യൂണിയൻ നേതാവായിരുന്നു. ബാൽ താക്കറേയ്ക്കും മുമ്പ് ഇന്ത്യൻ വാണിജ്യ തലസ്ഥാനത്തെ സ്തംഭിപ്പിക്കാൻ കഴിവുണ്ടായിരുന്ന നേതാവ്. റെയിൽവേയിലായാലും മുംബൈ മുനിസിപ്പൽ കോർപറേഷനിലായാലും തൊഴിലാളികൾക്ക് പ്രിയങ്കരനായ നേതാവായിരുന്നു ഫെർണാണ്ടസ്. ബറോഡ ഡൈനാമിറ്റ് കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തിയാണ് ഇന്ദിരയുടെ പോലീസ് ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്തത്. ജനാധിപത്യത്തെ രക്ഷിക്കാൻ ഏതറ്റവും വരെ പോകുമെന്നായിരുന്നു ബറോഡ ഡൈനാമിറ്റ് കേസിനെക്കുറിച്ച് ഫെർണാണ്ടസ് പറഞ്ഞത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിലെത്തിയ മൊറാർജി മന്ത്രിസഭയിൽ വ്യവസായ വകുപ്പാണ് ഫെർണാണ്ടസ് കൈകാര്യം ചെയ്തത്. കൊക്കക്കോള നിരോധിച്ചുകൊണ്ട് ഫെർണാണ്ടസ് അന്ന് നടത്തിയ നീക്കം ആഗോള വാർത്തയായിരുന്നു. തംപ്സ് അപ് എന്ന ഇന്ത്യൻ ബ്രാന്റിന്റെ പിറവിക്ക് വഴിയൊരുക്കിയത് ഫെർണാണ്ടസിന്റെ ഈ തീരുമാനമായിരുന്നു. മൊറാർജി സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തെ ഏറ്റവും തീവ്രമായി പാർലമെന്റിൽ നേരിട്ടത് ഫെർണാണ്ടസായിരുന്നു. പക്ഷേ, തൊട്ടടുത്ത ദിവസം മൊറാർജിയുടെ എതിർ ക്യാമ്പിലേക്ക് ഫെർണാണ്ടസ് നീങ്ങിയത് എതിരാളികളെപ്പോലും അമ്പരപ്പിച്ചു. കൊങ്കൺറെയിൽവേയാണ് ഫെർണാണ്ടിസന്റെ മികവിനുള്ള വലിയൊരു സാക്ഷിപത്രം. ഫെർണാണ്ടസിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ് കൊങ്കൺറെയിൽവേ യാഥാർത്ഥ്യമായത്. ഇന്നിപ്പോൾ കൊങ്കൺപാതയിലൂടെ സഞ്ചരിക്കുന്നവർ ഓർത്താലുമില്ലെങ്കിലും ഫെർണാണ്ടസിന്റെ കൈയ്യൊപ്പ് ആ വഴിത്താരയിലുടനീളമുണ്ട്. ഫെർണാണ്ടസ് ജനതോവായിരുന്നു. വെള്ളത്തിൽ മീനെന്നപോലെ ഫെർണാണ്ടസ് ആൾക്കൂട്ടങ്ങളിൽ ഉൾച്ചേർന്നു നിന്നു. വ്യക്തിപ്രഭാവത്തിലാണ് ആൾക്കൂട്ടങ്ങൾ ആകർഷിക്കപ്പെടുന്നത്. മുംബൈയിലും ബിഹാറിലും ബാംഗ്ളൂരിലും ഒരു പോലെ ജനക്കൂട്ടത്തെ ആകർഷിക്കാൻ ഫെർണാണ്ടസിനാവുമായിരുന്നു. പക്ഷേ, രാഷ്ട്രീയം ആൾക്കൂട്ടം മാത്രമല്ലെന്നും സുസജ്ജമായ സംഘടനാസംവിധാനമില്ലെങ്കിൽ അതിജീവനം എളുപ്പമല്ലെന്നുമുള്ള തിരിച്ചറിവ് ഫെർണാണ്ടസിന് എവിവൈച്ചോ കൈമോശം വന്നുപോയി. ലാലുവിനും നിതീഷിനും വോട്ട് ബാങ്കുകളുണ്ടായിരുന്നു, ഫെർണാണ്ടസിന് അതുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമതാ പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങുമെത്താതെ പോയി. തങ്ങളേക്കാൾ വലിയ ഒരു നേതാവിനെ ആവശ്യമില്ല എന്ന ബോദ്ധ്യത്തിൽ നിതീഷും ലാലുവും ഫെർണാണ്ടസിനെ തന്ത്രപൂർവ്വം കൈയ്യൊഴിയുകയും ചെയ്തു. ബിജെപിയുമായുള്ള സഖ്യം ഫെർണാണ്ടസിന് പറ്റിയ മാരകമായ അബദ്ധമായിരുന്നു. അതിജീവനത്തിന് ഫെർണാണ്ടസിന് മുന്നിൽ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല എന്ന് നിരീക്ഷിക്കുന്നവരുണ്ട്. പക്ഷേ, ഗുജറാത്ത് കൂട്ടക്കൊലയെ അടക്കം ന്യായീകരിക്കേണ്ട ഗതികേടിലേക്കാണ് ഫെർണാണ്ടസ് അതോടെ എത്തിയത്. വാജ്പേയി സർക്കാരിൽ ഫെർണാണ്ടസ് പ്രബലനായിരുന്നുവെന്നതിൽ സംശയമില്ല. പക്ഷേ, യവനപുരാണങ്ങളിലെ ദുരന്തനായകനിലേക്കുള്ള ഫെർണാണ്ടസിന്റെ പതനത്തിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു. 2009 ൽ മുസാഫർപൂരിൽ മത്സരിച്ച് തോറ്റതായിരിക്കണം ഫെർണാണ്ടസിനെ വല്ലാതെ തളർത്തിയത്. ശരദ് യാദവിന്റെ സഹായത്തോടെ രാജ്യസഭയിലേക്കെത്താനായെങ്കിലും മുസാഫർപൂരിലെ തോൽവിയേൽപിച്ച മുറിവ് ഫെർണാണ്ടസിന് താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു.ഒരു പക്ഷേ, ഔഷധം പോലെയായിരിക്കണം ഓർമ്മക്കുറവ് ഫെർണാണ്ടസിനെത്തേടിയെത്തിയത്. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾ അകന്നുപോകും മുമ്പ് തന്നെ മറവിയുടെ ചതുപ്പുകൾ ഒരർത്ഥത്തിൽ ഫെർണാണ്ടസിനെ രക്ഷിച്ചെടുക്കുകയായിരുന്നു. ചരിത്രം ഫെർണാണ്ടസിനെ വിലയിരുത്തുന്നത് മാർദവമാർന്ന കൈകൾകൊണ്ടാവണമെന്നില്ല. പക്ഷേ, 70കളിലേയും 80കളിലേയും തലമുറകൾക്ക് ഫെർണാണ്ടസ് ഇന്നും നായകൻ തന്നെയാണ് , വീണുപോയ ദുരന്തനായകൻ. Content Highlights:George Fernandes: The Tragic Hero, Samatha party
from mathrubhumi.latestnews.rssfeed http://bit.ly/2SjGOAJ
via
IFTTT
No comments:
Post a Comment