അലോക് വർമ രാജിവെച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 12, 2019

അലോക് വർമ രാജിവെച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി സി.ബി.ഐ. ഡയറക്ടർപദവിയിൽനിന്ന് പുറത്താക്കിയ അലോക് വർമ, അഗ്നിരക്ഷാസേനാധിപനായുള്ള പുതിയ ചുമതല ഏറ്റെടുത്തില്ല. വെള്ളിയാഴ്ച അദ്ദേഹം ഇന്ത്യൻ പോലീസ് സർവീസിൽനിന്ന് രാജിവെച്ചു. 'കൂട്ടായ ആത്മപരിശോധന'വേണ്ട സമയമാണിതെന്ന് രാജിക്കത്തിൽ വർമ പറഞ്ഞു. ഈമാസം 31-ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അദ്ദേഹത്തെ സി.ബി.ഐ. ഡയറക്ടർസ്ഥാനത്തുനിന്ന് നീക്കിയത്. 'തന്റെ സേവനകാലം 2017 ജനുവരി 31-ന് അവസാനിച്ചതാണ്. സി.ബി.ഐ. ഡയറക്ടർ പദവിയിൽ നിശ്ചിതകാലത്തേക്ക് നിയമിക്കുകയായിരുന്നു. ഈ കാലാവധി ഈമാസം 31-ന് അവസാനിക്കും. അഗ്നിരക്ഷാസേന ഡയറക്ടർ ജനറലായിരിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. അതിനാൽ, വെള്ളിയാഴ്ചമുതൽ വിരമിച്ചതായി പരിഗണിക്കണ'മെന്നാണ് പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് സെക്രട്ടറിക്ക് വർമ അയച്ച രാജിക്കത്തിൽ പറയുന്നത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിർബന്ധിത അവധിയിൽ പോകേണ്ടിവന്ന വർമ, സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് സി.ബി.ഐ. ഡയറക്ടർ പദവിയിൽ തിരിച്ചെത്തി 48 മണിക്കൂർ തികയുംമുമ്പായിരുന്നു പുറത്താക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെട്ട ഉന്നതാധികാരസമിതിയുടേതായിരുന്നു തീരുമാനം. ഖാർഗെ നടപടിയോട് വിയോജിച്ചിരുന്നു. തന്റെ ഭാഗം വിശദീകരിക്കാൻ അവസരം നൽകിയില്ലെന്ന് വർമ പറഞ്ഞു. സ്വാഭാവിക നീതി അട്ടിമറിക്കപ്പെട്ടെന്നും എല്ലാ നടപടിക്രമങ്ങളും തകിടംമറിച്ചാണ് പുറത്താക്കിയതെന്നും വർമ രാജിക്കത്തിൽ ആരോപിച്ചു. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന സി.ബി.ഐ. സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയ മൊഴിയുടെ പേരിലാണ് തനിക്കെതിരേ അന്വേഷണം നടത്തിയതെന്ന് വർമ പറഞ്ഞു. രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐ.യുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ.യ്ക്ക് വ്യാഴാഴ്ച രാത്രി നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. 'ബാഹ്യസമ്മർദങ്ങൾ ഇല്ലാതെവേണം സി.ബി.ഐ. പ്രവർത്തിക്കാൻ. സി.ബി.ഐ.യെ തകർക്കാൻ ശ്രമങ്ങളുണ്ടായപ്പോഴെല്ലാം ഞാൻ അതിന്റെ വിശ്വാസ്യത സൂക്ഷിക്കാൻ ശ്രമിച്ചു. 2018 ഒക്ടോബർ 23-ന് കേന്ദ്രസർക്കാരും സി.വി.സി.യും ഇറക്കിയ ഉത്തരവുകളും ബാഹ്യ ഇടപെടലാണ്. അവയുടെ അധികാരപരിധിയിൽ വരാത്ത ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്' -വർമ പറഞ്ഞു. തനിക്കെതിരേ നിൽക്കുന്ന ഒരൊറ്റ വ്യക്തി ഉന്നയിച്ച വ്യാജവും ബാലിശവുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ മറ്റൊരു പദവിയിലേക്ക് മാറ്റിയതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ അസ്താന നൽകിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സി.വി.സി.ക്ക് കൈമാറിയത്. അസ്താനയുടെ ആരോപണങ്ങളായിരുന്നു കമ്മിഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലേറെയും. സി.വി.സി. റിപ്പോർട്ടിൽ വർമയ്ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാൻ ഉന്നതാധികാരസമിതി തീരുമാനിച്ചത്. Content Highlights:alok verma resigned from ips


from mathrubhumi.latestnews.rssfeed http://bit.ly/2TMOj03
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages