ചാവക്കാട്: ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവിനെയും കാമുകനെയും ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. അകലാട് കാട്ടിലെ പള്ളിക്ക് സമീപം കല്ലുവളപ്പിൽ അലി(54)യെയും പെൺകുട്ടിയുടെ മാതാവായ 33-കാരിയെയുമാണ് ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും മറച്ചുവെച്ചതിനും പ്രേരണക്കുറ്റത്തിനുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, പെൺകുട്ടിയുടെ മാതാവിനെ ചാവക്കാടിനടുത്ത് എടക്കഴിയൂരിലേക്കാണ് വിവാഹം ചെയ്തിട്ടുള്ളത്. വിവാഹത്തിനുശേഷം അലിയുമായി യുവതി അടുപ്പത്തിലായി. ഒമ്പതു വർഷമായി തുടരുന്ന ബന്ധം കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടുകാർ പിടികൂടിയത്. പ്രതിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും തന്നെ പീഡിപ്പിച്ച വിവരമൊന്നും കുട്ടി പറഞ്ഞിരുന്നില്ല. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി സംസാരിച്ചപ്പോഴാണ് രണ്ടു വർഷത്തിലധികമായി പീഡിപ്പിക്കുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. വിവരം പുറത്തു പറയരുതെന്നും ആരെങ്കിലും അറിഞ്ഞാൽ നമ്മൾ രണ്ടുപേരെയും ഇയാൾ കൊല്ലുമെന്നും മാതാവ് പറഞ്ഞിരുന്നതായും കുട്ടി മൊഴിനൽകി. അകലാട് പച്ചക്കറിക്കട നടത്തുന്ന അലി യുവതിയുടെയും മകളുടേതുമായി 15 പവൻ സ്വർണാഭരണങ്ങളും ഭീഷണിപ്പെടുത്തി തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആഭരണങ്ങൾ അകലാട്ടുള്ള ഒരു സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. രണ്ടു വിവാഹങ്ങളിലായി അലിക്ക് അഞ്ചു മക്കളുമുണ്ട്. എസ്.ഐ. മാരായ കെ.ജി. ജയപ്രദീപ്, കെ.വി. മാധവൻ, എ.എസ്.ഐ. അനിൽ മാത്യു, വനിതാ സി.പി.ഒ. വീരജ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ട്. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി. പ്രതികളെ വിശദമായി ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് അടുത്ത ദിവസം പോലീസ് കോടതിയിൽ അപേക്ഷ നൽകും.
from mathrubhumi.latestnews.rssfeed http://bit.ly/2RcEuXs
via
IFTTT
No comments:
Post a Comment