പിണറായി വിജയന്‍: വി എസിന്റെ നിഴലില്‍ നിന്ന് പുറത്തേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

പിണറായി വിജയന്‍: വി എസിന്റെ നിഴലില്‍ നിന്ന് പുറത്തേക്ക്

മെയ്ക്കോവർ എന്നു പറഞ്ഞാൽ ഇതാണ്. മൂന്നുകൊല്ലം മുമ്പ് ആദ്യമായി മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോൾ മുന്നോട്ടുള്ള യാത്ര പിണറായി വിജയന് തീരെ സുഗമമായിരുന്നില്ല. വി എസ് അച്യുതാനന്ദൻ എന്ന വലിയ നേതാവിന്റെ നിഴൽ പിണറായിയുടെ മേൽ നെടു നീളത്തിൽ കിടപ്പുണ്ടായിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനും എതിരാളികൾ പിണറായിയെ വി എസിനെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. സെൻകുമാറിനെ മാറ്റി ബെഹ്റയെ പോലീസ് തലപ്പത്തേക്ക് കൊണ്ടുവന്നപ്പോഴും ജേക്കബ് തോമസിനെ വിജിലൻസ് മേധാവിയാക്കിയപ്പോഴും പിണറായി കേട്ട പഴികൾക്ക് കണക്കില്ല. പല വിമർശനങ്ങളും വെറുതെയായിരുന്നില്ല. ഉപദേശക വൃന്ദത്തിന്റെ ബാഹുല്യവും അബദ്ധങ്ങളും തിരിഞ്ഞുകൊത്തിയപ്പോൾ പിണറായി വിജയൻ ഒരു പരാജയമാവുകയാണെന്ന ആരോപണങ്ങൾക്ക് ശക്തിയേറുകയും ചെയ്തു. കഴിഞ്ഞ വർഷം തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോടെയാണ് പിണറായിയുടെ മെയ്ക്കോവറിലെ നിർണ്ണായക ഘട്ടം തുടങ്ങുന്നതെന്ന് പറയാം. അതിനും മുമ്പ് ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയതയുടെ കൊട്ടിക്കയറലായിരുന്നു. സമ്മേളന വേദിയിൽ നിന്നിറങ്ങിപ്പോയ വി എസ് അന്നുയർത്തിയ വെല്ലുവിളി നിസ്സാരമായിരുന്നില്ല. പക്ഷേ, തൃശ്ശൂരിലെത്തിയപ്പോഴേക്കും കഥ മാറി. പാർട്ടിയിൽ നിന്ന് വിഭാഗീയത പൂർണ്ണമായും അപ്രത്യക്ഷമായെന്ന് തറപ്പിച്ചു പറയാൻ കോടിയേരിക്കായി. പാർട്ടിക്ക് ഒരു ശബ്ദമേയുള്ളുവെന്ന് കോടിയേരി പറഞ്ഞപ്പോൾ ആ ശബ്ദം ആരുടേതാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു. ഉപദേശികൾ നിലനിൽക്കെ തന്നെ സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ആലോചിക്കാൻ തുടങ്ങിയതാണ് പിണറായിയുടെ മെയ്ക്കോവറിന് പിന്നിലെ മുഖ്യ ഘടകമെന്നാണ് പാർട്ടിയിലും സർക്കാരിലും പിണറായിയെ സാകൂതം നിരീക്ഷിക്കുന്നവർ പറയുന്നത്. ഇടക്കാലത്ത് കാനം രാജേന്ദ്രനും സിപിഐയും കളം വിട്ട് കളിക്കുന്ന അവസ്ഥയുണ്ടായിരുന്നു. കെ എം മാണിയുടെ കേരള കോൺഗ്രസിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനെ വിജയകരമായി ചെറുക്കുന്നതിന് കാനത്തിനാവുകയും ചെയ്തു. ഒരർത്ഥത്തിൽ അന്ന് സിപിഐയും കാനവും കളിച്ച കളി പിണറായിക്ക് അനുകൂലമാവുകയായിരുന്നു. ചെങ്ങന്നൂരിലാണ് അതിന്റെ പ്രതിഫലനമുണ്ടായത്. കോൺഗ്രസിന്റെ ഈ കോട്ടയിൽ നിന്ന് സജി ച്ചെറിയാൻ നിയമസഭയിലേക്കെത്തിയത് പിണറായിക്ക് നൽകിയ രാഷ്ട്രീയ മൂലധനം ചില്ലറയായിരുന്നില്ല. ഓഖി ചുഴലിക്കൊടുങ്കാറ്റിൽ ഉലഞ്ഞുപോയ പ്രതിച്ഛായ ഒരു പരിധി വരെ വീണ്ടെുക്കാൻ പിണറായിയെ സഹായിച്ചത് ചെങ്ങന്നൂരിൽ സിപിഎം നേടിയ നിർണ്ണായക വിജയമാണ്. കോൺഗ്രസ് മൃദു ഹിന്ദുത്വം പിന്തുടരുകയാണെന്ന നിശിത വിമർശമുയർത്തിയാണ് പിണറായി ചെങ്ങന്നൂർ പിടിച്ചത്. അങ്ങിനെയിരിക്കെയാണ് പ്രളയം വന്നത്. പിണറായി എന്ന മുഖ്യമന്ത്രിയെ കേരളം കണ്ടത് പ്രളയത്തിലാണ്. നലം തികഞ്ഞ ഭരണതന്ത്രജ്ഞനെപ്പോലെ പിണറായി പ്രളയകാലത്ത് കേരളത്തെ നയിച്ചു. ഒരു പ്രതിസന്ധി എങ്ങിനെയാണ് ഒരു നേതാവിനെ സൃഷ്ടിക്കുന്നതെന്നും അന്ന് കേരളം കണ്ടു. സിഎം എന്നാൽ ക്രൈസിസ് മാനേജർ ആണെന്നാണ് പിണറായിയെ ചൂണ്ടിക്കാട്ടി കൊൽക്കത്തയിൽ നിന്നിറങ്ങുന്ന ടെലിഗ്രാഫ് ദിനപ്പത്രം ആ ദിനങ്ങളിൽ എഴുതിയത്. പക്ഷേ, കേന്ദ്രം ഇടങ്കോലിട്ടതോടെ പ്രളയം ഒരവസരമാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയുണ്ടായി. ഗൾഫിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഫണ്ട് സമാഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പാളി. നവകേരള നിർമ്മാണം ഇഴയാൻ തുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയുണ്ടായത്. പ്രളയാനന്തര കേരളത്തിൽ ഒരു സർക്കാരിന് നേരിടാവുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്. ഏത് ഭരണാധികാരിയുടെയും ഉറക്കംകെടുത്തുന്ന പ്രതിസന്ധിയാണ് പിണറായിക്ക് മുന്നിൽ ഉടലെടുത്തത്. സമസ്ത വിഭവങ്ങളുമായി ബിജെപിയും സംഘപരിവാറും തയ്യാറെടുത്തപ്പോൾ പ്രതിസന്ധിയുടെ ആഴവും പരപ്പുമേറി. സർക്കാരിനെതിരെ പോർമുഖത്ത് എൻ എസ് എസ് നിലയുറപ്പിച്ചതോടെ പത്മവ്യൂഹത്തിലേക്കാണോ പിണറായിയുടെ യാത്രയെന്ന സംശയമുയർന്നു. പക്ഷേ, മരുന്നും മന്ത്രവുമെന്ന പോലെ വനിതാ മതിൽ ഉയർന്നു. വനിതാ മതിൽ ഒരാശയവും പ്രതീകവുമായിരുന്നു. കെട്ടുകഥയ്ക്കുള്ളിലെ പ്രഹേളിക പോലെ സർക്കാരിനെയും ഇടതുപക്ഷത്തെയും കുഴക്കിയ ഒരു സമസ്യയ്ക്ക് ഗ്രീക്ക് പുരാണത്തിൽ ഈഡിപ്പസ് നൽകിയതുപോലൊരു മറുപടി അതിലുണ്ടായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ആർജ്ജവമില്ലെന്ന ആരോപണം കടുത്ത എതിരാളികൾ പോലും ഇനിയിപ്പോൾ പിണറായിക്കെതിരെ ഉന്നയിക്കില്ല. ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും നിലപാട് പ്രധാനമാണ്. ഒരു ദേശത്തിന്റെയും ജനതയുടെയും ഭാവന പിടിച്ചെടുക്കാൻ നിലപാടുകൾക്കാവും. പ്രളയത്തിലും ശബരിമലയിലും പിണറായിയെ പിണറായിയാക്കിയത് നിലപാടുകളാണ്. പാർട്ടിക്കും സർക്കാരിനും ഒരു നിലപാടുണ്ടെന്ന് വ്യക്തമാക്കാനും ആ നിലപാടിൽ ഉറച്ചു നിൽക്കാനും പിണറായിക്കായി. അപ്പുറത്ത് രമേശ് ചെന്നിത്തലയ്ക്കും ശ്രീധരൻപിള്ളയ്ക്കും വിനയായത് നിലപാടുകളിൽ ഉടലെടുത്ത വിള്ളലുകളാണ്. ശബരിമല വിഷയത്തിൽ രണ്ടുപേരാണ് നിലപാടുകൾകൊണ്ട് ശ്രദ്ധേയരായത്. മുഖ്യമന്ത്രി പിണറായി വിജയനും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരും. ഇടതുപക്ഷം ഇന്നിപ്പോൾ ഏറ്റവും ശക്തമായി ആക്രമിക്കുന്നത് എൻ എസ് എസ്സിനെയാണെന്നത് വെറുതെയല്ല. വി എസിന്റെ ആ നിഴൽ ഇന്നിപ്പോൾ പിണറായിക്ക് മേലില്ല. വി.എസിന്റേതൊരു അഖില കേരള പ്രതിച്ഛായയാണ്. ഈ പരിസരത്തിലേക്കാണ് പിണറായി എത്തിക്കൊണ്ടിരിക്കുന്നത്. 1980 കളിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ വി എസ്സിന്റെ പ്രതിച്ഛായ വരട്ടുവാദത്തിന്റെയും വെട്ടിനിരത്തലിന്റെയും ആശാൻ എന്നതായിരുന്നു. അവിടെ നിന്നാണ് വി എസ് കേരളത്തിന്റെ നായകസ്ഥാനത്തേക്ക് വളർന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ ലഭിച്ച അവസരങ്ങളായിരുന്നു ഈ പരിണാമത്തിൽ വി എസിനെ സഹായിച്ചത്. പിണറായിയുടെ കാര്യത്തിൽ ഇത്തരം സാവകാശങ്ങളുണ്ടായിരുന്നില്ലെന്ന് മറക്കരുത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നേതാവാര് എന്ന ചോദ്യത്തിന് പിണറായി എന്നല്ലാതെ ഇപ്പോൾ മറ്റൊരു ഉത്തരമില്ല. പാർട്ടി ഒന്നടങ്കം പിണറായിക്കൊപ്പമാണ്. പാർട്ടിക്കുള്ളിലെ തീവ്രനിലപാടുകാരും പാർട്ടിക്കുപുറത്തുള്ള ഇടതുപക്ഷ സഹയാത്രികരും പിണറായിയെ നേതാവായി അംഗീകരിച്ചിരിക്കുന്നു. പിണറായിയുടെ ഈ വളർച്ച കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഉമ്മൻചാണ്ടിയെ തിരിച്ചുകൊണ്ടുവരണം എന്ന മുദ്രാവാക്യം പതുക്കെയാണെങ്കിലും ഉയർന്നു തുടങ്ങിയിരിക്കുന്നത്. പക്ഷേ, നിലവിൽ കേരളത്തിലുടലെടുത്തിട്ടുള്ള രാഷ്ട്രീയ പരിസരത്തിൽ ഈ മുദ്രാവാക്യം യാഥാർത്ഥ്യമാക്കുക കോൺഗ്രസിന് എളുപ്പമല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആത്യന്തികമായി വ്യക്തിന്ദ്രേീകൃതം തന്നെയാണ്. നരേന്ദ്ര മോദിയായാലും മമത ബാനർജിയായാലും കെ ചന്ദ്രശേഖര റാവുവായാലും നേതാക്കൾക്കു ചുറ്റും തന്നെയാണ് അതിന്റെ കറക്കം. ജയലളിതയെപ്പോലൊരു നേതാവില്ലാത്തതാണ് തമിഴകത്ത് എഐഎഡിഎംകെ നേരിടുന്ന പ്രതിസന്ധി. വി എസ് സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതോടെ കേരളത്തിൽ ഇടതുപക്ഷം ഒരു ക്രൗഡ്പുള്ളറുടെ അഭാവം വല്ലാതെ നേരിട്ടിരുന്നു. അതിപ്പോൾ പഴങ്കഥയാണ്. കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാവായി പിണറായി വിജയൻ പരിണമിക്കുമ്പോൾ പ്രളയാനന്തര കേരളത്തിൽ സിപിഎം അനുഭവിക്കുന്ന സ്വാസ്ഥ്യവും സമാധാനവും ഒന്നു വേറെ തന്നെയാണ്. Content Highlights: Pinarayi Vijayans makeover, CPM


from mathrubhumi.latestnews.rssfeed http://bit.ly/2C9QS4S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages