മിഷൻ ശക്തി: തകർത്തത് ജനുവരിയിൽ വിക്ഷേപിച്ച മൈക്രോസാറ്റ് ആർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

മിഷൻ ശക്തി: തകർത്തത് ജനുവരിയിൽ വിക്ഷേപിച്ച മൈക്രോസാറ്റ് ആർ

ന്യൂഡൽഹി: ഇന്ത്യ ബുധനാഴ്ച നടത്തിയ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിനായി (മിഷൻ ശക്തി) ഉപയോഗിച്ചത് 2019 ജനുവരി 24 -ന് വിക്ഷേപിച്ച മൈക്രോസാറ്റ് ആർ എന്ന ഉപഗ്രഹമാണെന്ന് റിപ്പോർട്ട്. ഐ.എസ്.ആർ.ഒ.യുടെ സി 44 ദൗത്യത്തിൽ വിക്ഷേപിച്ച, ഡി.ആർ.ഡി.ഒ. നിർമിച്ച സൈനിക ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തെക്കുറിച്ച് വിവരങ്ങൾ പരമാവധി രഹസ്യമാക്കിവെച്ചിരിക്കുയായിരുന്നു. വിക്ഷേപണ സമയത്ത് ഐ.എസ്.ആർ.ഒ.യും ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. കലാംസാറ്റ് വി-2 എന്ന കുട്ടികളുടെ ഉപഗ്രഹം മാത്രമാണ് ഇതിനൊപ്പം വിക്ഷേപിച്ചിരുന്നത്. 760 കിലോ ഭാരം വരുന്ന മൈക്രോസാറ്റ് ആർ എന്ന ഉപഗ്രഹത്തിന് ഇമേജിങ് സാറ്റലൈറ്റ് എന്നുമാത്രമാണ് ഐ.എസ്.ആർ.ഒ. അന്നു പറഞ്ഞിരുന്നത്. 274 കിലോമീറ്റർ ഉയരത്തിലാണ് ഇത് വിന്യസിച്ചത്. സാധാരണ ഉപഗ്രഹം വിക്ഷേപിച്ചാൽ ഭ്രമണപഥം ഉയർത്തുന്നതുൾപ്പെടെ പുതിയ വിവരങ്ങൾ ഐ.എസ്.ആർ.ഒ. വെബ്സൈറ്റിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും മൈക്രോസാറ്റ് ആറിന്റെ കാര്യത്തിൽ അതും ഉണ്ടായിട്ടില്ല. ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലാണ് ഇന്ത്യ പരീക്ഷണം നടത്തിയിട്ടുള്ളത്. ബഹിരാകാശ മാലിന്യം പരമാവധി കുറയ്ക്കുന്നതിനാണ് ഇതെന്നാണ് വിശദീകരണം. അമേരിക്കയിലെ ഹാർവാഡ് സ്മിത്സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞനായ ജൊനാഥൻ മക്ഡവലിന്റെ നിരീക്ഷണവും ഇതുശരിവെക്കുന്നു. സ്പേസ് ഡോട്ട് കോം എന്ന വെബ്സൈറ്റിനു നൽകിയ വിവരത്തിൽ മൈക്രോസാറ്റ് ആർ ആണ് ഇന്ത്യ തകർത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പരീക്ഷണസമയത്ത് ഈ ഉപഗ്രഹം ബംഗാൾ ഉൾക്കടലിനു മുകളിലായിരുന്നു. ഇന്ത്യ ഉപയോഗിച്ച മിസൈലിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മണിക്കൂറിൽ 29,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതാണ് ഈ ഉപഗ്രഹം. ഇതിൽ അതിവേഗത്തിൽ മറ്റൊരു വസ്തു വന്നിടിക്കുമ്പോഴുണ്ടാകുന്ന ആഘാതം സ്ഫോടകവസ്തുക്കൾ വഹിക്കുന്നതിനെക്കാൾ വലുതായിരിക്കും. അതുകൊണ്ടുതന്നെ ഇതിൽ ബോംബ് ഘടിപ്പിക്കേണ്ടതില്ല. കൂട്ടിയിടി ഉണ്ടാക്കിയ ആഘാതത്തിൽ ഉപഗ്രഹം ചെറുകഷണങ്ങളായി മാറിയിട്ടുണ്ടാകും. ഇത് ഏതാനും ആഴ്ചകൾക്കകം ഭൂമിയുടെ അന്തരീക്ഷത്തിൽ പതിച്ച് എരിഞ്ഞടങ്ങാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. എത്ര കഷണങ്ങൾ പുതുതായി ഉണ്ടായി എന്നതറിയാൻ ഏതാനും ദിവസം വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. 2007-ൽ ചൈന നടത്തിയ പരീക്ഷണം ഏറെ ഉയരത്തിലായിരുന്നു. അന്ന് ഒട്ടേറെ ബഹിരാകാശ മാലിന്യം സൃഷ്ടിക്കപ്പെട്ടു. 2008-ൽ അമേരിക്ക 'ബേൺഡ് ഫ്രോസ്റ്റ്' എന്ന പരീക്ഷണം നടത്തിയ സമാന ഉയരത്തിലാണ് ഇന്ത്യയും മിഷൻ ശക്തി നടപ്പാക്കിയത്. content highlights:Mission Shakti: India Likely Destroyed Microsat R


from mathrubhumi.latestnews.rssfeed https://ift.tt/2TItmCO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages