അട്ടിമറിയുടെ ചരിത്രം ആവര്‍ത്തിക്കുന്നു, ഇന്ന് ഹൈബി, അന്ന് കെ.വി തോമസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 17, 2019

അട്ടിമറിയുടെ ചരിത്രം ആവര്‍ത്തിക്കുന്നു, ഇന്ന് ഹൈബി, അന്ന് കെ.വി തോമസ്

അവസാന റൗണ്ട് അട്ടിമറിയുടെ ചരിത്രം കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ആവർത്തിച്ചപ്പോൾ കെ.വി തോമസ് എന്ന അതികായൻ പട്ടികയ്ക്ക് പുറത്ത്. 2009 ലും ഇതേ പോലെ അവസാന നിമിഷ അട്ടിമറി അരങ്ങേറി. അതും ഇതേ എറണാകുളം സീറ്റിൽ. അന്ന് എൻഎസ്.യുഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഹൈബി ഈഡന്റെ പേരാണ് എറണാകുളം സീറ്റിലേക്ക് കേരളത്തിൽ നിന്ന് ഐ ഗ്രൂപ്പ് നിർദേശിച്ചത്. ഗ്രൂപ്പ് വീതം വെയ്പിൽ ഐ ഗ്രൂപ്പിനായിരുന്നു എറണാകുളം സീറ്റ്. അന്ന് രാഹുൽ ഗാന്ധിയുടെ ബ്രിഗേഡിൽ പെട്ട ഹൈബി സ്ഥാനാർഥിയാകുമെന്ന് എല്ലാവരും ഉറപ്പിച്ചു. ഹൈബി അന്ന് പ്രചാരണം തുടങ്ങുകയും ചെയ്തതാണ്. ഇതേ പോലെ സന്ധ്യാനേരത്ത് ചാനലുകൾ ഹൈബിയുടെ പേര് ബ്രേക്കിങ് ന്യൂസായി നൽകുകയും ചെയ്തു. എന്നാൽ പട്ടിക എഐസിസി പുറത്തിറക്കിയപ്പോൾ ഹൈബി പുറത്തായി. എല്ലാവരേയും ഞെട്ടിച്ച് കെ.വി തോമസ് സ്ഥാനാർഥിത്വം നേടി. അന്ന് കൊച്ചി എംഎൽഎയായിരുന്ന കെ.വി തോമസിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലാണ് സീറ്റ് നേടിക്കൊടുത്തത്. കെ.കരുണാകരന്റെ ശിഷ്യനായിരുന്ന കെ.വി തോമസ് ഐ ഗ്രൂപ്പിന്റെ മുന്നണി പോരാളിയായിരുന്നു. എന്നാൽ കരുണാകരന്റെ പ്രതാപം ക്ഷയിച്ചതോടെ ഗ്രൂപ്പിൽ നിന്ന് ക്രമേണ അകന്നു. കുമ്പളങ്ങി കായലിൽ തിരുത ഉള്ളിടത്തോളം കാലം തോമസ് മാഷിന് ഭയക്കേണ്ട എന്നൊരു ചൊല്ല് തന്നെ കേരള രാഷ്ട്രീയത്തിൽ പറഞ്ഞുകേട്ടിരുന്നു. യുപിഎ രണ്ടാം സർക്കാരിൽ കേന്ദ്രമന്ത്രി പദത്തിലേക്കും തോമസ് നടന്നുകയറിയത് സോണിയയുടെ ആശ്രിതവാത്സല്യത്തിലായിരുന്നു. ഏത് സമയത്തും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ 10 ജൻപഥിൽ പ്രവേശനമുണ്ടായിരുന്ന അപൂർവ്വം നേതാക്കളിൽ ഒരാളായിരുന്നു തോമസ്. ഭക്ഷ്യസുരക്ഷാ ബില്ലുമായി തോമസ് കോൺഗ്രസ് നേതാക്കൾക്ക് പ്രിയപ്പെട്ടവനായി. യുപിഎ പോയി മോദി സർക്കാർ വന്നപ്പോഴും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ എന്ന പദവിയിൽ തോമസ് തുടർന്നു. 10 വർഷം കഴിയുമ്പോൾ കോൺഗ്രസ് രാഷ്ട്രീയം രാഹുൽ ഗാന്ധിയുടെ വഴിയെ നടന്നു തുടങ്ങിയപ്പോൾ തോമസ് മാഷിനും ഹൈക്കമാൻഡിൽ പിടി അയഞ്ഞു തുടങ്ങി. സോണിയയുടെ അടുത്തുള്ള അടുപ്പം രാഹുലിന്റെ അടുത്ത് തോമസിന് നേടാനായില്ല. പി.രാജീവ് എൽഡിഎഫ് സ്ഥാനാർഥിയായതോടെ കെ.വി തോമസ് നിന്നാൽ ജയസാധ്യത കുറവാണെന്ന് കേരളത്തിലെ നേതാക്കൾ ഒന്നടങ്കം രാഹുലിന് മുന്നിൽ വാദിച്ചതോടെ കാര്യങ്ങൾ ഹൈബിക്ക് അനുകൂലമായി. തോമസിനെ വെട്ടിനിരത്തുന്നതിൽ എ-ഐ ഗ്രൂപ്പുകൾ കൈകോർക്കുന്നതും കാണാനായി. പാർട്ടി ഭേദമില്ലാതെ ബന്ധങ്ങൾ വളർത്തിയെടുത്തതും തോമസിന് വിനയായി എന്ന് വേണം കരുതാൻ. ഇതേ പോലെ ഡൽഹി ബന്ധങ്ങളിൽ നേതൃത്വത്തിൽ പിടിമുറുക്കിയ മറ്റൊരാളായിരുന്നു പി.ജെ കുര്യൻ. കൊച്ചിയിൽ നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് നടത്തിയ പ്രസംഗവും കോൺഗ്രസുകാരുടെ കണ്ണിലെ കരടാകാൻ ഇടയായി. സിറ്റിങ് എംപിമാർക്കെല്ലാംസീറ്റ് എന്ന നിലയിലാണ് ഇത്തവണയും സ്ഥാനാർഥി നിർണയം പുരോഗമിച്ചത്. ഒരു ഘട്ടത്തിലും തോമസ് മാഷ് സീറ്റ് പോകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. തിരഞ്ഞെടുപ്പ് സമിതിയിലേക്ക് ലിസ്റ്റ് പോയപ്പോൾ സിറ്റിങ് സീറ്റുകളിൽ എറണാകുളത്ത് മാത്രമായിരുന്നു പാനലുണ്ടായിരുന്നത്. അപ്പോൾ പോലും തോമസിന് പ്രതീക്ഷയുണ്ടായിരുന്നു. കാരണം സോണിയാഗാന്ധിയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ തനിക്ക് പിന്തുണ കിട്ടുമെന്ന് അദ്ദേഹം ഉറപ്പിച്ചു. അവസാനം പട്ടിക പുറത്തുവന്നപ്പോൾ കെ.വി തോമസ് അക്ഷരാർഥത്തിൽ ഞെട്ടി. അദ്ദേഹം തന്നെ വിശേഷിപ്പിച്ചതുപോലെ ഷോക്കിലായി. ഏഴ് തവണ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയായ തോമസ് മാഷ് പറയുന്നത് പോലെ പ്രായം കൂടിയത് എന്റെ തെറ്റല്ലല്ലോ എന്ന് പറയുമ്പോഴും ഇനി ഒരു ബാല്യം ഇല്ല എന്ന് അദ്ദേഹം തിരിച്ചറിയുകയാണ്. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകി പി.ജെ കുര്യൻ എന്ന ഡൽഹി നേതാവിനെ കെട്ടുകെട്ടിച്ചത് ഉമ്മൻ ചാണ്ടിയുടെ തന്ത്രമായിരുന്നു. കുര്യനും ഇതേ പോലെ ഷോക്കിൽ ഉമ്മൻ ചാണ്ടിക്കെതിരായ രോഷം അണപൊട്ടിയൊഴുകി. തോമസും ആകെ രോഷാകുലനമായി പ്രതികരിക്കുന്നതാണ് ഇന്നലെ കണ്ടത്. അദ്ദേഹം ബിജെപിയിലേക്ക് ചാടാനുള്ള സാഹസം കാട്ടുമോ എന്ന് കോൺഗ്രസ് നേതാക്കളും പ്രതീക്ഷിക്കുന്നില്ല. ഹൈക്കമാൻഡ് ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഡൽഹിയിൽ പി.ജെ കുര്യന് പിന്നാലെ കെ.വി തോമസും കോൺഗ്രസ് നേതൃത്വനിരയിൽ നിന്ന് നീക്കപ്പെടുകയാണ്. 10 വർഷം മുമ്പ് താൻ പ്രതീക്ഷിച്ച സീറ്റ് 10 വർഷം കഴിയുമ്പോൾ അന്ന് കിട്ടിയ ആളിൽ നിന്ന് തന്നെ ലഭിക്കുമ്പോൾ ഹൈബി ഈഡന് ഒരുപക്ഷേ ഇത് കാവ്യനീതിയായിരിക്കാം.ഷോക്ഡായി കെ.വി തോമസും. Content Highlights: K V Thomas, Hibi Eden


from mathrubhumi.latestnews.rssfeed https://ift.tt/2TPel6y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages