മിഷൻ ശക്തി പ്രഖ്യാപനം: ഉദ്വേഗത്തിന്റെ നിമിഷത്തിൽ രാജ്യം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

മിഷൻ ശക്തി പ്രഖ്യാപനം: ഉദ്വേഗത്തിന്റെ നിമിഷത്തിൽ രാജ്യം

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പ് ചൂടിനിടെ ഒരു സുപ്രധാന സന്ദേശം അറിയിക്കാനുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത ട്വീറ്റ് രാജ്യത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി. രാവിലെ 11.45-നും 12-നുമിടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന മോദിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത് 11.23-നായിരുന്നു. ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്. പ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പടർന്നുപിടിച്ചു. സാമൂഹികമാധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലും ചർച്ചകൾ ചൂടുപിടിച്ചു. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിതലസമിതി യോഗം നടക്കുന്നതിനാൽ രാജ്യസുരക്ഷ സംബന്ധിച്ച പ്രധാന വെളിപ്പെടുത്തലായിരിക്കും എന്നതിനായിരുന്നു മുൻതൂക്കം. ബാലാകോട്ട് വ്യോമാക്രമണത്തിന്റെ തെളിവുകൾ പുറത്തുവിടുമെന്നതായിരുന്നു ഒരു പ്രധാന അഭ്യൂഹം. ആക്രമണത്തിനുശേഷം പ്രധാനമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാത്തതിനാൽ ഇപ്പോൾ അതേക്കുറിച്ച് വിശദീകരിക്കുമെന്നായിരുന്നു അഭ്യൂഹമുയർത്തിയവരുടെ വാദം. വീണ്ടുമൊരു മിന്നലാക്രമണം നടത്തിയിട്ടുണ്ടാവുമെന്നായിരുന്നു മറ്റൊന്ന്. അമേരിക്കൻ കമാൻഡോകൾ പാകിസ്താനിലെ ആബട്ടാബാദിൽ ഉസാമ ബിൻലാദനെ വധിച്ചതിലേക്കും ചർച്ചകൾ കടന്നുചെന്നു. സമാന ഓപ്പറേഷനിലൂടെ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയോ, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയോ വധിച്ചെന്നായിരുന്നു ഊഹാപോഹങ്ങൾ. അപ്പോഴേക്കും ട്വീറ്റിൽ അഭിസംബോധന തുടങ്ങുമെന്ന് അറിയിച്ച സമയം കഴിഞ്ഞുപോയി. ഇതോടെ അഭ്യൂഹങ്ങൾ പുതിയ തലത്തിലേക്ക് കടന്നു. സാമ്പത്തികകുറ്റവാളികളായ വിജയ് മല്യ, നീരവ് മോദി എന്നിവരെ രാജ്യത്തെത്തിച്ചുവെന്നായിരുന്നു പുതിയ ഊഹങ്ങൾ. 2016-ൽ നവംബർ എട്ടിന് രാത്രി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ രണ്ടാംഘട്ടമായിരിക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. നോട്ടുനിരോധനത്തിനുശേഷം രണ്ടാംതവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അതിനാൽ, ഏറ്റവും പ്രാധാന്യമേറിയ വിഷയമായിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു എല്ലാവരുടെയും ഊഹങ്ങൾ. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്ന് ചില അഭ്യൂഹങ്ങളുണ്ടായെങ്കിലും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇതിന്റെ സാധ്യതകൾ ഭൂരിഭാഗംപേരും തള്ളിക്കളഞ്ഞു. അതേസമയം, പ്രതിപക്ഷപാർട്ടികൾ പ്രധാനമന്ത്രിയുടെ വാക്കുകൾക്കായി ഉദ്വേഗത്തോടെ കാത്തിരുന്നു. പെരുമാറ്റച്ചട്ട ലംഘനമായേക്കാവുന്ന എന്തെങ്കിലും കാര്യങ്ങൾ മോദിയിൽനിന്ന് ലഭിച്ചാൽ അതുപയോഗിച്ച് ബി.ജെ.പി.യെ പ്രതിക്കൂട്ടിലാക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. സമയം 12 കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രത്യക്ഷപ്പെടാത്തതോടെ ട്വീറ്റ് വ്യാജമാണെന്നും ചിലർ പ്രചരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തെന്നും ഹാക്കർമാരുടെ വ്യാജസന്ദേശമാണിതെന്നുമായിരുന്നു ചിലരുടെ കണ്ടെത്തൽ. അതേസമയം, സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹങ്ങളെക്കുറിച്ചുള്ള ട്രോളുകളും പ്രത്യക്ഷപ്പെട്ടു. അടുത്ത നോട്ടുനിരോധനം, പെട്രോളിന് വിലകൂട്ടൽ തുടങ്ങിയവയാണ് രാജ്യം കാത്തിരിക്കുന്ന പ്രഖ്യാപനമെന്നായിരുന്നു ട്രോളർമാരുടെ കണ്ടെത്തൽ. മോദിയെ രൂക്ഷമായി പരിഹസിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രംഗത്തെത്തി. പൊതുതിരഞ്ഞെടുപ്പ് ഫലം മോദി പ്രഖ്യാപിക്കാൻ പോവുകയാണെന്നായിരുന്നു ഒമറിന്റെ ട്വീറ്റ്. ഒടുവിൽ ഉദ്വേഗത്തിന്റെ നിമിഷങ്ങൾക്ക് വിരാമമിട്ട് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട മോദി ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് അറിയിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി. ട്വീറ്റ് പുറത്തുവന്ന് ഒരുമണിക്കൂറിനകം 56,000 ലൈക്കുകളും 19,000 റീട്വീറ്റുകളുമാണ് ലഭിച്ചത്. Content Highlights:mission shakthi announcement by prime minister narendra modi


from mathrubhumi.latestnews.rssfeed https://ift.tt/2uuz698
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages