കോണ്‍ഗ്രസ് ഇടതു വശം ചേര്‍ന്ന് നടക്കുമ്പോള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

കോണ്‍ഗ്രസ് ഇടതു വശം ചേര്‍ന്ന് നടക്കുമ്പോള്‍

പുതിയ ഇടതുപക്ഷമാവാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് തോന്നുന്നു. നെഹ്രുവും ഇടക്കാലത്ത് ഇന്ദിരയും നടന്ന വഴികൾ തിരിച്ചുപിടിക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കമായും ഇതിനെ കാണാം. ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ ചുരുങ്ങിയ വരുമാനമായി നൽകുമെന്ന കോൺഗ്രസ്സിന്റെ വാഗ്ദാനം ഈ തിരഞ്ഞെടുപ്പിലെ കളികൾ മാറ്റി മറിക്കാൻ പോന്നതാണ്. പുൽവാമയുടെ പ്രത്യാഘാതം ചെറുക്കാനും മറികടക്കാനും ഈ ഒരൊറ്റ അജണ്ടകൊണ്ട് കഴിയുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ബി.ഐ.ജി.(ബേസിക് ഇൻകം ഗാരന്റി) അഥവാ ന്യൂൻതം ആയ് യോജന(ന്യായ്) ബി.ജെ.പിയെ ഉലച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല. സംഗതി തട്ടിപ്പാണെന്നും ഇതുപോലെ പലതും കോൺഗ്രസ് ഇതിനു മുമ്പും പറഞ്ഞിട്ടുണ്ടെന്നുമൊക്കെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തട്ടിവിടുന്നുണ്ടെങ്കിലും രാഹുലിന്റെ ഈ ആയുധത്തിന് മൂർച്ച ലേശം കൂടുതലാണെന്നും സൂക്ഷിച്ചു കളിച്ചില്ലെങ്കിൽ കൈമുറിയുമെന്നുമാണ് സംഘപരിവാർ നേതൃത്വം ബി.ജെ.പിക്ക് നൽകിയിട്ടുള്ള ഉപദേശമെന്നാണ് കേൾക്കുന്നത്. ന്യായ് നടപ്പാക്കാനാവുമെന്നാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സിന്റെ ഉപദേശകനായ, പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി പറയുന്നത്. മൂലധനം 21-ാം നൂറ്റാണ്ടിൽ എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവായ പിക്കറ്റി പാരിസ് സ്കൂൾ ഒഫ് ഇക്കണോമിക്സിൽ അദ്ധ്യാപകനാണ്. മസാച്ചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നൊളജി പ്രൊഫസർ അഭിജിത് ബാനർജിയാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സിനെ സഹായിക്കുന്ന മറ്റൊരു സാമ്പത്തിക വിദഗ്ധൻ. പ്രതിവർഷം 72,000 രൂപ വെച്ച് അഞ്ച് കോടി കുടുംബങ്ങൾക്ക് നൽകാൻ 3.6 ലക്ഷം കോടി രൂപ വേണ്ടി വരും. ഇന്ത്യയുടെ ബജറ്റിന്റെ 13% വരുന്ന തുകയാണിത്. 188 ലക്ഷം കോടി രൂപയാണ് നിലവിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം. ഇതിന്റെ രണ്ടു ശതമാനത്തിൽ താഴെയേ ന്യായ് നടപ്പാക്കാൻ ആവശ്യമുള്ളൂ. രണ്ടര ലക്ഷം കോടി രൂപയാണ് ഓരോ വർഷവും ഇന്ത്യ ഭക്ഷ്യ സബ്സിഡിയായി ചെലവഴിക്കുന്നത്. 50,000 കോടി രൂപയോളം ഒരു വർഷം തൊഴിലുറപ്പ് പദ്ധതിക്കായി കൊടുക്കുന്നുണ്ട്. 3.6 ലക്ഷം കോടി രൂപ പുതിയ പദ്ധതിക്കായി കണ്ടെത്തുക എളുപ്പമല്ലെങ്കിലും അസാദ്ധ്യമല്ലെന്നാണ് പിക്കറ്റിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക എന്ന സൂചനയാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നുള്ളത്. പി. ചിദംബരം അദ്ധ്യക്ഷനും ജയറ്ാം രമേഷ് കൺവീനറുമായ കമ്മിറ്റിക്കാണ് കോൺഗ്രസ്സിനുള്ളിൽ ന്യായിന്റെ ചുമതല. പദ്ധതിയുടെ വിശദാംശങ്ങൾ ചിദംബരം നൽകുമെന്ന് രാഹുൽഗാന്ധി പറഞ്ഞത് ഈ പശ്്ചാത്തലത്തിലാണ്. ഒരർത്ഥത്തിൽ കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കുന്ന പരിപടിയാണിത്. ഇന്ത്യയുടെ നവ ലിബറൽ സാമ്പത്തിക നയങ്ങൾക്ക് മൻമോഹൻ സിങ്ങിനൊപ്പം ചുക്കാൻ പിടിച്ച കക്ഷിയാണ് ചിദംബരം. 1997-ൽ ഐക്യ മുന്നണി സർക്കാരിൽ ധനമന്ത്രിയായിരിക്കെ ചിദംബരം അവതരിപ്പിച്ച ബജറ്റാണ് 1992-ലെ മൻമോഹൻ സിങ് ബജറ്റിനും മുമ്പ് കമ്പോള ശക്തികൾക്കായി ഇന്ത്യയുടെ സാമ്പത്തിക മേഖല തുറന്നിട്ടുകൊടുത്തത്. അതിനും വളരെ മുമ്പ് മദിരാശിയിൽ എൻ. റാമുമൊത്ത് റാഡിക്കൽ റിവ്യൂ എന്ന ഇടതുപക്ഷ മാസിക നടത്തിയിരുന്ന പിന്നാമ്പുറവും ചിദംബരത്തിനുണ്ട്. ആ പഴയ മദിരാശിക്കാലം ഇനിയൊരിക്കലും തിരിച്ചുപിടിക്കാനാവില്ലെങ്കിലും കോൺഗ്രസ്സിന്റെ സോഷ്യലിസ്റ്റ് ചരിത്രം പുതുക്കിയെഴുതുന്നതിന്റെ ഭാഗമാവുമ്പോൾ തന്നാലാവുന്ന പ്രായശ്ചിത്തം എന്നും ചിദംബരം ഉള്ളിൽ പറയുന്നുണ്ടാവാം. വിപണിയിലേക്ക്, കമ്പോളത്തിലേക്ക് സ്റ്റേറ്റ് തിരിച്ചുവരുന്നതിന്റെ സൂചന കൂടിയാണിത്. ഇടക്കാലത്ത് തമിഴകത്ത് ജയലളിത ഇത്തരം ചില ഇടപെടലുകൾ നടത്തിയിരുന്നു. അമ്മ ഉപ്പു മുതൽ അമ്മ സിമന്റ് വരെ വിപണിയിലിറക്കിയാണ് ജയലളിത ഈ കളി കളിച്ചത്. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷന്റെ കുറച്ച് ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ അത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കാനും ജയലളിത തയ്യാറായി. നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയിരിക്കും വരും കാലത്തെ ഒരു പ്രധാന ശക്തി എന്നാണ് എല്ലാ തലങ്ങളിൽനിന്നുമുള്ള സൂചന. നിലവിലുള്ള തൊഴിൽ മേഖലകളിലൊക്കെ തന്നെ ഇതിന്റെ പ്രത്യാഘാതം ആഴത്തിലുള്ളതായിരിക്കും. തൊഴിലാളികളുടെ എണ്ണം കുറയുമ്പോൾ അതുകൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കുന്നത് വൻകിട കമ്പനികളായിരിക്കും. തൊഴിലില്ലായ്മ രൂക്ഷമാവുന്ന ഒരു സാഹചര്യത്തിൽ ന്യായ് പോലുള്ള പദ്ധതിയുടെ പ്രസക്തി വളരെ വലുതായിരിക്കും. ലാഭമുണ്ടാക്കുന്ന കമ്പനികൾക്ക് നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിൽ നിന്നൊഴിഞ്ഞു നിൽക്കാനാവില്ല. കുമിഞ്ഞുകൂടുന്ന ലാഭത്തിൽനിന്ന് ഒരു വിഹിതം ഈ കമ്പനികൾ ന്യായ് പോലുള്ള പദ്ധതികൾക്ക് നൽകണമെന്ന് കേന്ദ്ര സർക്കാർ നിലപാടെടുക്കേണ്ടി വരുന്ന കാലം അത്ര വിദൂരമൊന്നുമല്ല. തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് മാന്യമായി ജീവിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്ന പല യൂറോപ്യൻ രാജ്യങ്ങളുമുണ്ട്. നിർമ്മിതബുദ്ധി വ്യാപകമാവുന്നതോടെ ജനങ്ങൾക്ക് തൊഴിലിടങ്ങളിൽ കുറച്ചു സമയം ചെലവിട്ടാൽ മതിയാവും. വിനോദ, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം കിട്ടുമെന്നർത്ഥം. പക്ഷേ, പട്ടിണിയും പരിവട്ടവുമാണെങ്കിൽ ഈ സമയം കൊണ്ട് ഒരു കാര്യവുമുണ്ടാവില്ല. ഇവിടെയാണ് വൻകിട കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധത നിർബ്ബന്ധമാക്കാൻ ഭരണകൂടം ഇടപെടേണ്ടത്. വർഷങ്ങൾക്കുമുമ്പ് ബാങ്ക് ദേശസാൽക്കരണത്തിലൂടെ ഇന്ദിര ഗാന്ധി ഇത്തരമൊരു നീക്കമാണ് നടത്തിയത്. നെഹ്രു കുടുംബത്തിലെ ഇളമുറക്കാരൻ ഈ വഴിക്ക് നടക്കാൻ തുടങ്ങുമ്പോൾ ഇന്ത്യയിലെ ഇടതുപക്ഷം ഇതിനോട് എന്തു നിലപാടാണ് സ്വീകരിക്കുകയെന്നത് കൗതുകകരമായിരിക്കും. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത മേഖലകളിലേക്കാണ് ഇപ്പോൾ കോൺഗ്രസ് നടന്നു കയറുന്നത്. കേരളത്തിൽ മാത്രമായി ഇടതുപക്ഷം ഒതുങ്ങുന്ന ഒരു കാലത്ത് നവ ഇടതുപക്ഷമാവാനുള്ള കോൺഗ്രസ്സിന്റെ ശ്രമം ചിലപ്പോൾ ചരിത്രത്തിന്റെ അനിവാര്യതയുമാവാം. Content Highlights: The Great Indian War 2019, General Election 2019, Battle 2019, Nyuntam Aay Yojana, Rahul Gandhi, P Chidambaram, Left Congress


from mathrubhumi.latestnews.rssfeed https://ift.tt/2TEL0Ye
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages