പനാജി: പാതിരാത്രിയിലെ നാടകീയ നീക്കങ്ങളിലൂടെ 40 അംഗ ഗോവ നിയമസഭയിൽ ബിജെപി എംഎൽഎമാരുടെ എണ്ണം 12-ൽ നിന്ന് 14 ആയി. മൂന്ന് അംഗങ്ങളുള്ള മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) യുടെ രണ്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് ബിജെപിയുടെ അംഗ സംഖ്യ ഉയർന്നത്. ബിജെപിയുടെ സഖ്യ കക്ഷികൂടിയാണ് എംജിപി. എംഎൽഎമാരായ മനോഹർ അജ്ഗോൻകർ, ദീപക് പവസ്കർ എന്നിവർ ബുധനാഴ്ച പുലർച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കറെ സന്ദർശിച്ച് തങ്ങളുടെ പാർട്ടി ബിജെപിയിൽ ലയിക്കുകയാണെന്ന് അറിയിച്ച് കത്ത് നൽകുകയായിരുന്നു. എംജിപിയുടെ മൂന്നാമത്തെ എംഎൽഎ സുദിൻ ധവലികർ കത്തിൽ ഒപ്പിട്ടിരുന്നില്ല. ബിജെപി നേതൃത്വം നൽകുന്ന ഗോവ സർക്കാരിൽ സുദിൻ ധവലികർ ഉപമുഖ്യമന്ത്രിയും മനോഹർ അജ്ഗോൻകർ ടൂറിസം മന്ത്രിയുമാണ്. ചട്ടപ്രകാരം ഒരു നിയമസഭാ കക്ഷിയുടെ മൂന്നിൽ രണ്ട് എംഎൽഎമാർ മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ ബാക്കിയുള്ള എംഎൽഎമാർ സ്വാഭാവികമായും ലയനത്തിന്റെ ഭാഗമാകും. എന്നാൽ അഭിപ്രായ ഭിന്നതയെ തുടർന്ന് എംജിപി (ടു) എന്ന മറ്റൊരു വിഭാഗം രൂപീകരിച്ചതിന് ശേഷമാണ് രണ്ട് എംഎൽഎമാർ ബിജെപിയിൽ ലയിച്ചതെന്നാണ് സൂചന. ഉപമുഖ്യമന്ത്രിയായ സുദിൻ ധവലികർ എംജിപിയിൽ തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ. അർധരാത്രി നടന്ന രാഷ്ട്രീയ നാടകത്തിലൂടെ ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനും ഇപ്പോൾ തുല്യ അംഗങ്ങളായി. കോൺഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റകക്ഷി. മനോഹർ പരീക്കറുടെ മരണത്തിന് ശേഷം സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ചരടുവലികൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ബിജെപി നാടകീയ നീക്കങ്ങൾ നടത്തുന്നത്. മനോഹർ പരീക്കറുടെ മരണത്തിന് ശേഷം പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിൽ ബിജെപി പുതിയ സർക്കാർ രൂപീകരിച്ചപ്പോൾ പിന്തുണ പിൻവലിക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നാണ് സുദിൻ ധവലികർക്ക് ഉപമുഖ്യമന്ത്രി പദം നൽകിയിരുന്നത്. അദ്ദേഹത്തിന്റെ പാർട്ടിയിലെ രണ്ട് എംഎൽഎമാരെ കൂടാരത്തിലെത്തിച്ച് ഇതിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ ബിജെപി. ധവലികർക്ക് ഉപമുഖ്യമന്ത്രി പദവും നഷ്ടപ്പെട്ടേക്കും. പകരം ദീപക് പവസ്കറിന് മന്ത്രിപദം നൽകും. ഇതിനിടെ ധവലികർ ഇന്ന് ഉച്ചയ്ക്ക് പാർട്ടി സെൻട്രൽ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. പാർട്ടിയുടെ ഭാവി നീക്കങ്ങൾ ഈ യോഗത്തിലുണ്ടാകും. എംജിപിയെ കൂടാതെ ഗോവ ഫോർവാർഡ് പാർട്ടിയുടേയും സ്വതന്ത്രൻമാരുടേയും പിന്തുണയോടെയാണ് ബിജെപി ഗോവയിൽ സർക്കാർ ഭരിക്കുന്നത്. Content Highlights:Goa BJP Now Has 14 Legislators After 2 Ally Lawmakers Join Party
from mathrubhumi.latestnews.rssfeed https://ift.tt/2FyCNzD
via
IFTTT
No comments:
Post a Comment