ഈ കുടുംബത്തിന് വീട് പാലമാണ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

ഈ കുടുംബത്തിന് വീട് പാലമാണ്

മങ്കൊമ്പ്: വിനോദ് എന്ന അച്ഛന് ഉറക്കമില്ല... നാടും നഗരവും ഉറങ്ങുമ്പോൾ ഈ അച്ഛൻ രണ്ട് പെൺമക്കളടങ്ങിയ കുടുംബത്തിന് കാവലിരിക്കും. കാരണം, ഈ അഞ്ചംഗ കുടുംബത്തിന്റെ വീടിന്റെ മേൽക്കൂര ഒരു പാലമാണ്. ഒരു ഭാഗത്ത് ടാർപ്പായ വലിച്ചുകെട്ടി ഭിത്തിയാക്കിരിക്കുന്നു. മറുഭാഗം പായയും തുണിയും ഉപയോഗിച്ചു മറച്ചിരിക്കുന്നു. പാലത്തിന്റെ താഴെയുള്ള ബീമാണ് വീടിന്റെ അടുക്കള. ഇവിടെ എങ്ങനെ ഒരു അച്ഛന് മനസ്സമാധാനത്തോടെ ഉറങ്ങാനാകും? പുളിങ്കുന്ന് ബിജുഭവനത്തിൽ വിനോദ്, ഭാര്യ, മൂന്ന് മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബമാണ് എ.സി. റോഡിലെ നെടുമുടി പാലത്തിന്റെ അടിഭാഗം വീടാക്കിയിരിക്കുന്നത്. പ്രളയത്തിനുശേഷം ഇവർ ഇവിടെയാണ് താമസം. അതിനുമുമ്പ് വാടകവീട്ടിലായിരുന്നു. സാമ്പത്തിക പ്രയാസമാണ്, പാലം വീടാക്കാൻ നിർബന്ധിതമാക്കിയത്. പാലത്തിന് നൂറുമീറ്റർ അകലെ നെടുമുടി പോലീസ് സ്റ്റേഷനുണ്ട്. ആരെങ്കിലും ഉപദ്രവിക്കാൻ വന്നാൽ സ്റ്റേഷനിൽ ഓടിക്കയറാമെന്ന പ്രതീക്ഷയിലാണ് ഭാര്യ വള്ളിയമ്മയും മക്കളും ഇവിടെ അന്തിയുറങ്ങുന്നത്. മൂത്തത് രണ്ട് പെൺമക്കൾ. അഭിരാമി, അപർണ. ഇളയവൻ അഭിമന്യു. നാലുവർഷം മുമ്പ് വിനോദിന് കുടുംബവിഹിതമായി മൂന്നരലക്ഷം രൂപ ലഭിച്ചിരുന്നു. പെങ്ങളുടെ കല്യാണനടത്തിപ്പിനുശേഷം ബാക്കിവന്നത് ഒന്നര ലക്ഷം. മീൻവിറ്റും കൂലിപ്പണി ചെയ്തുമാണ് വിനോദ് ജീവിച്ചിരുന്നത്. സ്വന്തമായി ഒരു വണ്ടി വാങ്ങി മീൻവിൽപ്പന നടത്തണമെന്നായിരുന്നു ആഗ്രഹം. വണ്ടി വാങ്ങുന്നതിന് മുമ്പായി ഒരു സുഹൃത്തിന്റെ കാറെടുത്ത് ഡ്രൈവിങ് പഠിച്ചു. പഠനത്തിനിടയിൽ വണ്ടി വെള്ളത്തിൽ വീണു. 1.20 ലക്ഷം നഷ്ടപരിഹാരമായി നൽകി. ബാക്കി തുകയുമായി കണ്ടങ്കരിയിലെത്തി വാടകയ്ക്ക് വീടെടുത്തു. പ്രളയശേഷം പണി കുറഞ്ഞതോടെ വാടക കൊടുക്കാൻ നിവൃത്തിയില്ലാതായി. തുടർന്ന്, പെൺമക്കളെ പുളിങ്കുന്ന് സെയ്ന്റ് ജോസഫ് ബാലഭവനിലേക്ക് മാറ്റി. പഠനം അവിടുത്തെ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂളിലും. മാർച്ചിൽ സ്കൂൾ അടച്ചു. ഇപ്പോഴും ചില അത്യാവശ്യ ഘട്ടങ്ങളിൽ പെൺമക്കളെ ബാലഭവനിൽ കൊണ്ടാക്കും. എത്രനാൾ ഇത് തുടരാനാകുമെന്ന് വിനോദിന് അറിയില്ല. ഇത്തവണ വോട്ടുചെയ്യാൻ ചെന്നപ്പോഴാണ് തന്റെ പേര് വോട്ടർപ്പട്ടികയിലില്ലെന്ന് വിനോദ് അറിയുന്നത്. റേഷൻ കാർഡുണ്ട്. എന്നാൽ, കാർഡ് പുതുക്കിനൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനാൽ സൗജന്യ റേഷനും കിട്ടാതായി. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും കാര്യമുണ്ടായില്ലെന്ന് വിനോദ് പറയുന്നു. കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങിയതോടെ വിനോദ് നെല്ലെടുപ്പിനായി പോകുമായിരുന്നു. ഒരാഴ്ച മുമ്പ്, സൂക്ഷിച്ചിരുന്ന നാലായിരം രൂപ മോഷണം പോയി. ചിലരുടെ സഹായം കൊണ്ടാണ് ഇപ്പോൾ ഒരു നേരമെങ്കിലും ആഹാരം കൃത്യമായി കഴിക്കുന്നത്. അടച്ചുറപ്പില്ലാത്ത സ്ഥലത്ത് കഴിയുന്ന മക്കളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി ദൂരെ പണിക്ക് പോകാനും കഴിയുന്നില്ല. രണ്ടുദിവസമായി നേരം വൈകിയാൽ നല്ല മഴക്കാറുണ്ട്. കാലവർഷമെത്തിയാൽ താമസസ്ഥലത്ത് വെള്ളം കയറും. പിന്നെ മക്കളുമായി എങ്ങോട്ട് പോകും? വിനോദിന് ഉത്തരമില്ല. Content Highlights:A Family Sleeping Under a Bridge in Nedumudi


from mathrubhumi.latestnews.rssfeed http://bit.ly/2W8JJun
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages