മകളുടെ ജീവനെടുത്തു, പിതാവിനെ ബന്ദിയാക്കിയ മണ്ണ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

മകളുടെ ജീവനെടുത്തു, പിതാവിനെ ബന്ദിയാക്കിയ മണ്ണ്

കാസർകോട്: ശ്രീലങ്കയിൽ പണ്ട് തമിഴ്പുലികൾ തട്ടിക്കൊണ്ടുപോയി 29 ദിവസം ബന്ദിയാക്കിയ മലയാളി മൊഗ്രാൽ പുത്തൂരിലെ പി.എസ്. അബ്ദുള്ള ഹാജിയുടെ മകളാണ് ഈസ്റ്റർദിനത്തിൽ കൊളംബോ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ട റസീന ഖാദർ. പുലികളുടെ കേന്ദ്രമായ ജാഫ്നയിൽനിന്ന് 90 കിലോമീറ്ററോളം അകലെയുള്ള വാവുനിയയിൽ യുണൈറ്റഡ് നാഷണൽ പാർട്ടി നേതാവായിരുന്നു അബ്ദുള്ള ഹാജി. ശ്രീലങ്കയിലെ തമിഴരുടെ മോചനത്തിനായി പോരാടിയിരുന്ന ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ.) എന്ന തമിഴ്പുലികൾ 1989 ഡിസംബർ അവസാനം ഒരു വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ട്രക്കിൽ തോക്കുമായെത്തിയ മൂന്നുപേർ പിടികൂടി കണ്ണുകെട്ടി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കൊടുംകാട്ടിലെ ടെന്റിലാണ് എത്തിച്ചത്. വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടു വീട്ടുകാരെ വിവരമറിയിച്ചു. അബ്ദുള്ള ഹാജിയുടെ പാർട്ടിയായ യു.എൻ.പി.യിലെ പ്രേമദാസയായിരുന്നു അന്ന് ശ്രീലങ്കൻ പ്രസിഡന്റ്. വിദേശകാര്യമന്ത്രി ഷാഹുൽ ഹമീദ്, സ്പീക്കർ എം.എ. മുഹമ്മദ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കൾ. പക്ഷേ, മോചനം ഒട്ടും എളുപ്പമായില്ല. മുഴുവൻ സമയവും വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിയുടെ നടുവിൽ കുളിക്കാതെ 29 ദിവസം അദ്ദേഹം കഴിച്ചുകൂട്ടി. ഒടുവിൽ വീട്ടുകാർ വൻതുക കൊടുത്താണ് മോചിപ്പിച്ചത്. തടവിൽ കഴിഞ്ഞപ്പോൾ മുടങ്ങാതെ നിസ്കരിച്ചിരുന്നുവെന്നും ദൈവത്തിലുള്ള വിശ്വാസമാണ് തന്നെ രക്ഷിച്ചതെന്നും പിന്നീട് 'മാതൃഭൂമി'ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. തടവിൽ കഴിയവെ ഭാര്യ റുഖ്യബി ഷംനാടിന് പലതവണ കത്തയച്ചെങ്കിലും ഒന്നുംകിട്ടിയില്ല. പക്ഷേ, മോചനദിവസം നിശ്ചിതസ്ഥലത്തെത്താൻ റുഖിയാബിക്ക് പുലികൾ കത്ത് കൊടുത്തു. അതുപ്രകാരം അവിടെയെത്തി അവർ കൂട്ടിക്കൊണ്ടുപോന്നു. പിന്നീട് ശ്രീലങ്കയിലെ ബിസിനസ് മകൻ ബഷീറിനെ ഏൽപ്പിച്ച് മംഗളുരൂ കുദ്രോളിയിലെ വീട്ടിലേക്ക് മടങ്ങിയ അബ്ദുള്ള ഹാജി 2015-ലാണ് അന്തരിച്ചത്. 1962 മുതൽ വാവുനിയ മുനിസിപ്പാലിറ്റിയിൽ കൗൺസിലറായിരുന്നു അബ്ദുള്ള ഹാജി. സാമൂഹികസേവനത്തിന് ശ്രീലങ്കാ സർക്കാരിന്റെ ജസ്റ്റിസ് ഓഫ് പീസ് ബഹുമതി നേടിയ അദ്ദേഹം അവിടെ കേരള അസോസിയേഷന്റെയും ഭാരവാഹിയായിരുന്നു. തമിഴ് വംശീയ പ്രശ്നം കത്തിക്കാളുമ്പോൾ തമിഴർക്ക് തന്റെ വീട്ടിൽ അദ്ദേഹം അഭയം നൽകി. ഒരുഘട്ടത്തിൽ പത്തുകുടുംബങ്ങളെ വീട്ടിൽ പാർപ്പിച്ചു. പിതാവ് സൈനുദ്ദീനെ ബിസിനസിൽ സഹായിക്കാനാണ് 1949-ൽ 15-ാം വയസ്സിൽ മൊഗ്രാൽ പുത്തൂരിൽനിന്ന് ശ്രീലങ്കയിലേക്ക് (അന്നത്തെ സിലോൺ) കുടിയേറിയത്. അവിടെ ചുരുങ്ങിയ കാലംകൊണ്ട് പൊതുരംഗത്ത് ശ്രദ്ധേയനായി. അബ്ദുള്ള ഹാജി ഉപാധ്യക്ഷനായ സിറ്റിസൺസ് കമ്മിറ്റിയാണ് സിംഹളരുടെയും ശ്രീലങ്കൻ സൈന്യത്തിന്റെയും അതിക്രമങ്ങളിൽനിന്ന് വാവുനിയയിലെ നിരപരാധികളായ തമിഴരെ രക്ഷിച്ചുപോന്നത്. അന്നത്തെ തട്ടിക്കൊണ്ടുപോകലിന്റെ വേദനയും ഉത്കണ്ഠയും തീക്ഷ്ണമായി അനുഭവിച്ച റസീനയെ ശ്രീലങ്കയിൽ മറ്റൊരു ദുരന്തം കാത്തിരിക്കുകയായിരുന്നു. അതാണ് ഞായറാഴ്ച സംഭവിച്ചത്. Content Highlights:malayali woman raseena khader from kasargod killed in srilanka bomb blast


from mathrubhumi.latestnews.rssfeed http://bit.ly/2GqvV83
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages