തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പി.യുടെ വിജയപ്രതീക്ഷ കൂട്ടുന്നത് വിശ്വാസസംരക്ഷണത്തിനെടുത്ത നിലപാടുകൾ. തിരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടിടത്തും ഇത് പ്രധാന വിഷയമായി ഉയർത്താനായതിന്റെ ഗുണം വോട്ടുവിഹിതം ഉയർത്തുമെന്നും അതുവഴി വിജയം ഉറപ്പിക്കാമെന്നുമാണ് വിലയിരുത്തൽ. വോട്ടെടുപ്പടുത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പത്തനംതിട്ടയിൽ പാർട്ടി അധ്യക്ഷൻ അമിത്ഷായുടെയും സന്ദർശനം ശബരിമലവിഷയത്തിൽ ഗുണംചെയ്തെന്നും പാർട്ടി നിരീക്ഷിക്കുന്നു. രണ്ടുദിവസംമുമ്പ് കൊച്ചിയിൽ ചേർന്ന ആർ.എസ്.എസ്.-ബി.ജെ.പി. യോഗം ഈ രണ്ട് മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ, കൂട്ടിക്കിഴിക്കലിലെ കണ്ടെത്തൽ ഇതാണെങ്കിലും രണ്ടിടത്തും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകകരണം എങ്ങനെ ബാധിക്കുമെന്ന ആശങ്ക അതിശക്തവുമാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ഇരുപതിനായിരത്തിൽ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് കണക്കുകൂട്ടൽ. എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളിലെ പരമ്പരാഗത ഹിന്ദുവോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്നും അത് കുമ്മനത്തിന്റെ അക്കൗണ്ടിലെത്തുമെന്നുമാണ് കണക്കുകൂട്ടൽ. നേമത്ത് ഒരു നിയമസഭാംഗമുള്ള ബി.ജെ.പി., ഇവിടെയടക്കം പല മണ്ഡലങ്ങളിലും ശക്തമായ ലീഡാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കഴക്കൂട്ടത്തും കോവളത്തും വലിയപ്രതീക്ഷ വെച്ചിട്ടുകാര്യമില്ലെന്ന് രഹസ്യമായി സമ്മതിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ശശി തരൂരിന്റെ ഭൂരിപക്ഷം 15,470 മാത്രമാണ്. ബി.ജെ.പി.യുടെ ഒ. രാജഗോപാലാണ് രണ്ടാമതെത്തിയത്. അന്നത്തെക്കാൾ അനുകൂല സാഹചര്യമാണ് ഇപ്പോഴെന്നും ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനെടുത്ത നിലപാടാണ് ഇതിന് കാരണമെന്നും പാർട്ടി കരുതുന്നു. വിശ്വാസ സംരക്ഷണ നിലപാടുകൾക്കനുകൂലമായി തിരുവനന്തപുരത്തെക്കാൾ വോട്ടർമാരുടെ കുറെക്കൂടി ശക്തമായ പ്രതികരണമുണ്ടായത് കെ. സുരേന്ദ്രൻ മത്സരിച്ച പത്തനംതിട്ടയിലാണ്. ജനപക്ഷത്തെ പി.സി. ജോർജ് മുന്നണിക്കൊപ്പം വന്നത് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ഗുണകരമായിട്ടുണ്ട്. വിശ്വാസസംരക്ഷണം ഹിന്ദുക്കളെമാത്രം ബാധിക്കുന്നതല്ലെന്ന ബോധ്യം പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരിൽ ഉണ്ടായിരുന്നതായും സുരേന്ദ്രൻ ജയിക്കുമെന്നതിൽ സംശയമില്ലെന്നും പത്തനംതിട്ടയിലെ പ്രചാരണച്ചുമതല വഹിച്ച പാർട്ടി വക്താവ് എം.എസ്. കുമാർ പറയുന്നു. പത്തനംതിട്ടയിൽ 44 ശതമാനമാണ് ന്യൂനപക്ഷ വോട്ട്. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന ഇവിടെ ഹിന്ദുവോട്ടുകളുടെ ഏകീകരണമുണ്ടായിട്ടുണ്ട്. കഴിഞ്ഞതവണ എം.ടി. രമേശ് മത്സരിച്ചപ്പോൾ 1,38,954 വോട്ടുനേടിയ ഈ മണ്ഡലത്തിലും അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഇത്തവണ വോട്ടുചെയ്യാൻ സ്ത്രീകൾ കൂട്ടത്തോടെയെത്തിയതും എട്ടുശതമാനത്തോളം പോളിങ് ശതമാനം ഉയർന്നതും സുരേന്ദ്രന് അനുകൂലമാകുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. Content Highlights:bjp hope about thiruvananthapuram and pathanamthitta loksabha constituency
from mathrubhumi.latestnews.rssfeed http://bit.ly/2IMc8n9
via
IFTTT
No comments:
Post a Comment