കണ്ണൂർ:രാഹുൽഗാന്ധിയെ കാണാത്ത നാതാന്റെ സങ്കടം പ്രയങ്കാഗാന്ധിയുടെ കെട്ടിപ്പിടിച്ചുമ്മയിൽ അലിഞ്ഞു. അവർ ഒരു കൂട് ചോക്ലേറ്റ് കൊടുത്തപ്പോൾ രണ്ടാംക്ലാസുകാരന്റെ ചുറ്റുംനിന്ന് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കെ.സി. ജോസഫും അടക്കമുള്ള നേതാക്കൾ കൈയടിച്ചു. ഇഷ്ടനേതാവായ രാഹുലിനെ കാണാനാകാത്ത സങ്കടത്തിൽ വീട്ടുകാരെ കരഞ്ഞ് വട്ടംകറക്കിയ ഏഴുവയസ്സുകാരനാണ് നാതാൻ ജോയ്സ്. തളിപ്പറന്പ് സ്വദേശിയായ സന്തോഷ് കാവിലിന്റെയും സ്മിതയുടെയും മകൻ. കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെ 11.30-നായിരുന്നു രാഹുൽഗാന്ധിയുടെ നിർദേശപ്രകാരം പ്രിയങ്ക നാതാനെ കണ്ടത്. തന്നെ കാണാൻ സാധിക്കാത്തതിൽ പൊട്ടിക്കരഞ്ഞ നാതാനെക്കുറിച്ചറിഞ്ഞ രാഹുൽ, പ്രിയങ്ക കണ്ണൂരിലെത്തുമ്പോൾ കാണാൻവരാൻ നാതാനെ ക്ഷണിക്കുകയായിരുന്നു. പെസഹാ വ്യാഴം ദിവസം നാതാനെ ഫോണിൽ വിളിച്ചാണ് രാഹുൽ ക്ഷണിച്ചത്. വിമാനത്താവളത്തിൽ മാതാപിതാക്കളും സഹോദരൻ ജോനാഥനും ഒപ്പമുണ്ടായിരുന്നു. രാഹുലിന്റെ കൈയൊപ്പുള്ള ഫോട്ടോ പ്രിയങ്ക നാതാനു കൈമാറി. ഇതെവിടെവയ്ക്കുമെന്ന പ്രയങ്കയുടെ ചോദ്യത്തിന് ഉത്തരം പറയാനാകാത്തത്ര അമ്പരപ്പിലായിരുന്നു അവൻ. വയനാട്ടിലേക്കുള്ള അടുത്തവരവിൽ രാഹുൽ വീട്ടിൽവന്ന് കാണുമെന്ന് പ്രിയങ്ക പറഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ നാതാൻ. ഫെയ്സ്ബുക്കിൽ ഇനി അവൻ പുതിയ പോസ്റ്റിടും. നെയ്മറെപ്പോലെ ആരാധിക്കുന്ന സ്വന്തം രാഹുലിന് നന്ദിയറിയിച്ച്. content highlights:priyanka gandhi meets nathan
from mathrubhumi.latestnews.rssfeed http://bit.ly/2Do4haU
via
IFTTT
No comments:
Post a Comment