അബുദാബി: പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിന്റെ നിർമാണത്തിന് തുടക്കമായി. യു.എ.ഇ. മന്ത്രിമാരും പൗരപ്രമുഖരും അണിനിരന്ന പ്രൗഢമായ ചടങ്ങിൽ തറക്കല്ലിടലിന്, ക്ഷേത്രം നിർമിക്കുന്ന ബോചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥയുടെ (ബാപ്‌സ്) ആത്മീയാചാര്യൻ സ്വാമി മഹന്ത് മഹാരാജ് മുഖ്യകാർമികത്വം നൽകി. മധ്യപൂർവേഷ്യയിൽ പരമ്പരാഗതരീതിയിൽ ഉയരുന്ന ആദ്യ ഹൈന്ദവക്ഷേത്രമായിരിക്കുമിത്.മന്ത്രോച്ചാരണങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് സദസ്സിലെ വിശ്വാസിസമൂഹവും ശിലാപൂജ ചെയ്തു. പൂജാ കർമങ്ങൾക്കിടയിൽ സ്വാമി മഹന്ത് മഹാരാജാണ് ആദ്യ ശിലയിട്ടത്. തുടർന്ന് യു.എ.ഇ. കാലാവസ്ഥാവ്യതിയാന മന്ത്രി താനി അൽ സെയൂദി, ഉന്നതവിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബിൽഹോൽ അൽ ഫലാസി, അബുദാബി സാമൂഹിക വികസനമന്ത്രി ഡോ. മുഗീർ അൽ ഖൈലി, യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, സ്വാമി ബ്രഹ്മവിഹാരി ദാസ്, സ്വാമി ഈശ്വർ ചരൺ, മന്ദിർ യുണൈറ്റഡ് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി എന്നിവർ ചേർന്ന് മറ്റു ശിലകളുമിട്ടു. ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, കാവേരി എന്നീ നദികളിൽനിന്ന് ശേഖരിച്ച പുണ്യജലവും വിശിഷ്ടാതിഥികൾ ശിലയിൽ തളിച്ചു. പൂജകൾക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാസന്ദേശം ഇന്ത്യൻ സ്ഥാനപതി വായിച്ചു. യു.എ.ഇ. മന്ത്രി താനി അൽ സെയൂദിയും ആശംസ നേർന്നു.അബുദാബി-ദുബായ് പ്രധാന റോഡിനോട് ചേർന്ന് അബു മുറൈഖയിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുവദിച്ച സ്ഥലത്താണ് ക്ഷേത്രം ഉയരുന്നത്. പ്രത്യേകം നിർമിച്ച ശീതീകരിച്ച വലിയ ഹാളിൽ ഒരാൾ താഴ്ചയിൽ കുഴിയെടുത്ത സ്ഥലത്തായിരുന്നു പൂജാകർമങ്ങൾ. ഇവിടെ വിശിഷ്ടാതിഥികൾക്കായി പ്രത്യേക ഇരിപ്പിടങ്ങളും സജ്ജമാക്കിയിരുന്നു. കൂറ്റൻഹാളിലെ വലിയ സ്ക്രീനുകളിൽ ഈ പൂജകൾ തത്സമയം പ്രദർശിപ്പിച്ചു. അതിനനുസരിച്ച് സദസ്സും പൂജയിൽ പങ്കുചേർന്നു. ഓരോ വിശ്വാസിക്കും ശിലയുടെ ചെറുമാതൃകയും പൂജാദ്രവ്യങ്ങളും ലഭ്യമാക്കിയിരുന്നു. കുങ്കുമവും ചന്ദനവും വെള്ളവും ധാന്യവും പൂക്കളും ശിലയിൽ സമർപ്പിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്തവരും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ലയിച്ചു. രാവിലെ എട്ട് മണിയോടെ ആരംഭിച്ച പൂജകൾ പതിനൊന്ന് മണി വരെ നീണ്ടു. തുടർന്നായിരുന്നു പൊതുസമ്മേളനം. അയ്യായിരത്തിലേറെ വിശ്വാസികളാണ് വിവിധ എമിറേറ്റുകളിൽ നിന്നായി എത്തിയത്. പൂജാകർമങ്ങൾക്കായി സ്വാമി മഹന്ത് മഹാരാജ് വ്യാഴാഴ്ച രാത്രിയാണ് യു.എ.ഇ.യുടെ വിശിഷ്ടാതിഥിയായി ദുബായിൽ എത്തിയത്. സ്വാമി മഹന്ത് മഹാരാജിന് മുന്നിൽ കുനിഞ്ഞിരുന്നാണ് യു.എ.ഇ. ഭരണരംഗത്തെ പ്രമുഖർ ഹാരങ്ങൾ സ്വീകരിച്ചത്. ക്ഷേത്രനിർമിതിക്കായി ഉപയോഗിക്കുന്ന മണൽക്കല്ലിന്റെ മുകളിൽ യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മാർബിളിൽ കൊത്തിയ രൂപം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. യു.എ.ഇ. എന്ന രാഷ്ട്രത്തോട് ഇന്ത്യയുടെ ആദരമെന്ന വിശേഷണത്തോടെയാണ് ഈ ചടങ്ങ് നടന്നത്. ഏഴ് മണൽക്കല്ലുകൾ തമ്മിൽ ഒന്നിച്ച് ചേർത്താണ് ഇതിന്റെ അടിത്തറയുണ്ടാക്കിയത്. ഏഴ് എമിറേറ്റുകളെ ഒന്നിച്ചുചേർത്ത് മഹത്തായ രാഷ്ട്രം രൂപവത്കരിച്ച ശൈഖ് സായിദിന്റെ മഹത്വം ക്ഷേത്രത്തിന്റെ നിർമിതിയിലും പ്രതിഫലിക്കുമെന്ന് സംഘാടകർ വിശദമാക്കി. ഇരുപത്തിയാറരയേക്കർ സ്ഥലത്ത് 55,000 ചതുരശ്ര മീറ്ററിലാണ് ക്ഷേത്രസമുച്ചയം ഉയരുന്നത്. 700 കോടി രൂപ ചെലവിൽ രണ്ട് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂവായിരത്തോളം വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ പൗരാണികക്ഷേത്ര മാതൃകയിലായിരിക്കും നിർമാണം. ക്ഷേത്രത്തിനാവശ്യമായ പ്രത്യേക കല്ലുകളും കൊത്തുപണികൾ നടത്തിയ ശിലകളും രാജസ്ഥാനിൽനിന്ന് കപ്പൽമാർഗം അബുദാബിയിലെത്തിക്കും. അതിന്റെ നിർമാണം മാസങ്ങൾക്കുമുമ്പ് തന്നെ ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ലൈബ്രറി, ഭക്ഷണശാലകൾ, സാംസ്‌കാരിക-കായിക കേന്ദ്രം, പൂന്തോട്ടം എന്നിവയ്ക്ക് പുറമെ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുനരാവിഷ്‌കാരവും ക്ഷേത്രത്തോട് ചേർന്നുണ്ടാവും. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴ് ഗോപുരങ്ങളോടെയാണ് ക്ഷേത്രം ഉയരുന്നത്. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, അക്ഷർധാം തുടങ്ങിയ ഒട്ടേറെ പ്രശസ്ത ക്ഷേത്രങ്ങളുടെ ശില്പഭംഗികളുടെ സമന്വയമായിരിക്കും അബുദാബിയിലെ ക്ഷേത്രമെന്ന് സംഘാടകർ അറിയിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2VgzhE0
via
IFTTT
No comments:
Post a Comment