മൂത്രമൊഴിക്കേണ്ടിവന്നത് ലോറിയുടെ മറവിൽ; കല്ലട ബസിലെ ദുരനുഭവം പങ്കുവെച്ച് അധ്യാപികയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

മൂത്രമൊഴിക്കേണ്ടിവന്നത് ലോറിയുടെ മറവിൽ; കല്ലട ബസിലെ ദുരനുഭവം പങ്കുവെച്ച് അധ്യാപികയും

തിരുവനന്തപുരം: 'ഒരു പരിചയവും ഇല്ലാത്ത ആ ഉൾനാടൻ തമിഴ് ഗ്രാമത്തിലെ ഇരുട്ടിൽ ഞങ്ങൾ... വല്ലാതെ ഭയപ്പെട്ടുപോയിരുന്നു. മൂത്രമൊഴിക്കാൻ ആശ്രയിക്കേണ്ടിവന്നത് കാളകൾ മേഞ്ഞുനടന്ന തുറസ്സായ സ്ഥലത്ത് പാർക്കുചെയ്തിരുന്ന ലോറിയുടെ മറവിൽ. ആർത്തവാവസ്ഥയിൽ ഇത് എത്രത്തോളം ഭീകരം എന്ന് പറയേണ്ടല്ലോ...' കല്ലട ബസ് ജീവനക്കാരിൽനിന്ന് നേരിടേണ്ടിവന്ന ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അധ്യാപിക മായാ മാധവന്റെ കുറിപ്പിലെ വരികളാണിത്. ബെംഗളൂരുവിലേക്കുള്ള സുരേഷ് കല്ലട എന്ന സ്വകാര്യ ബസിലെ യാത്രക്കാരെ കഴിഞ്ഞദിവസം ബസ് ജീവനക്കാർ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇതേബസിലെ യാത്ര ഒരിക്കൽ തനിക്കും മകൾക്കും നൽകിയ തിക്താനുഭവം അധ്യാപിക വെളിപ്പെടുത്തുന്നത്. ഡിസംബറിൽ തമിഴ്നാട്ടിൽനിന്നുള്ള രാത്രിയാത്രയിലാണ് കല്ലട ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇടയാകേണ്ടിവന്നതെന്ന് ഇവർ കുറിപ്പിൽ പറയുന്നു. രാത്രി 11-ന് എത്തേണ്ട ബസ് എത്തിയത് പുലർച്ചെ അഞ്ചിന്. അതുവരെ വില്ലുപുരത്തിനടുത്ത വിജനഗ്രാമത്തിൽ മകളുമായി ഭയപ്പെട്ട് ഇരിക്കേണ്ടിവന്നു. കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും പാതിരാത്രി ഒന്നു മൂത്രമൊഴിക്കാൻ ബാത്ത്റൂം തുറന്നുതാരാൻപോലും മാനേജർ തയ്യാറായില്ല. പുലർച്ചയോടടുത്ത് ഒരു വാഹനം വന്ന് അതിൽ കയറിയെങ്കിലും അതിലെ ജീവനക്കാർ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. ഭക്ഷണത്തിനും പ്രാഥമികാവശ്യങ്ങൾക്കും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ചു -മറക്കാനാകാത്ത ആ രാത്രി അനുഭവം മായ ഇങ്ങനെ വിശദീകരിക്കുന്നു. ജീവനക്കാരുടെ പെരുമാറ്റം ചോദ്യംചെയ്തതോടെ അവർ ബസ് ആളൊഴിഞ്ഞ ഒരിടത്ത് നിർത്തിയിട്ട് പ്രതികാരംചെയ്തു. 'എന്നാൽ ഇനി ഒരിടത്തേക്കും പോകണ്ട.... ബസ് ഇവിടെ കിടക്കട്ടെ, പിന്നെ നിങ്ങൾ എന്ത് ചെയ്യും എന്ന് കാണട്ടെ' എന്ന ആക്രോശത്തോടെയായിരുന്നു ഇത്. ഒടുവിൽ യാത്രക്കാർ മാപ്പുപറഞ്ഞ് കാലുപിടിച്ചപ്പോഴാണ് യാത്ര തുടരാൻ കൂട്ടാക്കിയത്. ബസിലുണ്ടായിരുന്ന വൃദ്ധനായ റിട്ടയേഡ് അധ്യാപകന് മരുന്നുകഴിക്കാനുള്ള സൗകര്യംപോലും ചെയ്തുകൊടുത്തില്ല. ഭക്ഷണംപോലും കിട്ടാതെ ബസിലും പുറത്തുമായി 13 മണിക്കൂറിലേറെയാണ് യാത്രക്കാർ വലഞ്ഞത്. സംഭവത്തിന്റെപേരിൽ ഉപഭോക്തൃകോടതിയെ സമീപിക്കാൻ തീരുമാനിച്ചെങ്കിലും പരാതിയും വയ്യാവേലിയും മറ്റുമോർത്ത് പിൻവാങ്ങുകയായിരുന്നുവെന്ന് ഇവർ 'മാതൃഭൂമി'യോട് പറഞ്ഞു. കല്ലട ബസിൽ യാത്രക്കാരായ ചെറുപ്പക്കാർക്ക് കഴിഞ്ഞ ദിവസം ജീവനക്കാരുടെ ക്രൂരമർദനം ഏൽക്കേണ്ടിവന്ന വാർത്ത പുറത്തുവന്ന സാഹചര്യത്തിലാണ് മായാ മാധവന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നത്. നിരവധിപേരാണ് ഈ കുറിപ്പ് ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നത്. കല്ലട ബസിൽ മുൻ എം.എൽ.എ.യ്ക്കും ദുരനുഭവം കോട്ടയ്ക്കൽ: തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്കിടെ കല്ലട ബസിൽനിന്ന് ദുരനുഭവമുണ്ടായതായി മുൻ എം.എൽ.എ. അബ്ദുറഹ്മാൻ രണ്ടത്താണി. മാർച്ച് ഒന്നിന് സ്മോൾ മീഡിയം എന്റർപ്രൈസ് ഓർഗനൈസേഷന്റെ (എസ്.എം.ഇ.ഒ.) യോഗത്തിനായി തിരുവനന്തപുരത്തുപോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തീവണ്ടിയിൽ ടിക്കറ്റ് ലഭിക്കാതിരുന്നപ്പോൾ പെട്ടെന്ന് നാട്ടിലെത്താനായാണ് ചാർജ് കൂടുതൽ കൊടുത്ത് സ്വകാര്യ ബസ് ടിക്കറ്റ് എടുത്തത്. എസ്.എം.ഇ.ഒ. ട്രഷറർ രമേഷ് നടുത്തൊടിയും കൂടെയുണ്ടായിരുന്നു. എ.സി. തകരാറായതുകാരണം ഒരുമണിക്കൂർ കഴിഞ്ഞേ ബസ് പുറപ്പെടുകയുള്ളൂവെന്ന് ജീവനക്കാർ പറഞ്ഞു. നേരത്തേ പുറപ്പെടുന്ന ബസെന്ന് പറഞ്ഞ് കൂടുതൽ ചാർജ് വാങ്ങിയിട്ടും യാത്ര തുടങ്ങാത്തത് ചോദ്യംചെയ്തപ്പോൾ ഇങ്ങനെയൊക്കെ പോവാനേ സാധിക്കൂവെന്നും സൗകര്യമുണ്ടെങ്കിൽ കയറിയാൽ മതിയെന്നുമുള്ള മറുപടിയാണ് കിട്ടിയതെന്ന് രമേഷ് നടുത്തൊടി പറഞ്ഞു. മറ്റുയാത്രക്കാർ ആരും പ്രതികരിച്ചതുമില്ല. content highlights:kallada bus


from mathrubhumi.latestnews.rssfeed http://bit.ly/2VhPsRr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages