ഗോർഖാഭൂമിയിൽ കരുതലോടെ മമത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

ഗോർഖാഭൂമിയിൽ കരുതലോടെ മമത

ഡാർജിലിങ്(ബംഗാൾ):ഡാർജിലിങ് കുന്നുകൾ ഏതാണ്ട് ബാലികേറാമലയായിരുന്നു ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്. ഗോർഖാലാൻഡ് എന്ന പ്രത്യേക സംസ്ഥാനവാദത്തെ രൂക്ഷമായി എതിർത്തതാണ് കാരണം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി മമതാ ബാനർജി കുന്നുകയറി വരുമ്പോൾ കേൾക്കാൻ കൂടുതലാളുണ്ട്. ബിനയ് തമാങ് നേതൃത്വംനൽകുന്ന ഗോർഖാ ജനമുക്തിമോർച്ചവിഭാഗം ഒപ്പമുള്ളതാണ് ഈ വ്യത്യാസത്തിന് കാരണം. ഡാർജിലിങ്ങിലെ മോട്ടോർസ്റ്റാൻഡിൽ പതിനൊന്നരയ്ക്ക് നിശ്ചയിച്ചിരുന്ന യോഗത്തിന് മമത വൈകുമെന്നറിഞ്ഞതോടെ പ്രാദേശികനേതാക്കൾ വിസ്തരിച്ച് പ്രസംഗം തുടങ്ങി. തൃണമൂൽ സഹായത്തോടെ രാജ്യസഭാ എം.പി.യായ തമാങ് വിഭാഗത്തിലെ ശാന്താ ഛേത്രിയും കൂട്ടരും ബി.ജെ.പി.യെയും അവരോടൊപ്പം നിൽക്കുന്ന ബിമൽ ഗുരുങ്ങിനെയും നിർത്തിപ്പൊരിക്കുകയാണ്. ബി.ജെ.പി. സ്ഥാനാർഥി രാജു ബിസ്ത നാട്ടുകാരനല്ലെന്ന ഓർമപ്പെടുത്തലുമുണ്ട്. നേപ്പാളിയിലുള്ള പ്രസംഗങ്ങളുടെ തുടക്കവും ഒടുക്കവും 'ജയ് ഗോർഖാ' വിളികളോടെയാണ്. ഏറ്റവുമൊടുവിലായി ബിനയ് തമാങ് കത്തിക്കയറുമ്പോഴേക്കും മമതയുടെ വരവായി. സമയം ഒന്നര. കുന്നുകളിൽ കുറിക്കുകൊള്ളുന്ന നിലപാട് അഭിവാദ്യങ്ങൾ സ്വീകരിച്ച് ഇരുന്നപ്പോഴേക്കും മന്ത്രിയും ഉത്തരബംഗാളിന്റെ ചുമതലക്കാരനുമായ അരൂപ് ബിശ്വാസ് ഒരു കൂട്ടം കടലാസുകൾ മമതയ്ക്ക് കൈമാറി. പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളും യോഗത്തിൽ പരാമർശിക്കേണ്ട വിഷയങ്ങളുമാണ് അവയിലുള്ളത്. ശ്രദ്ധാപൂർവം അതെല്ലാം വായിച്ചശേഷം ബിനയ് തമാങ്ങും സ്ഥാനാർഥി അമർസിങ് റായിയുമായി ആശയവിനിമയം നടത്തിയതോടെ മമത പ്രസംഗിക്കാൻ റെഡി. തുടക്കംതന്നെ നിലവിലെ എം.പി. ബി.ജെ.പി.യുടെ എസ്.എസ്.ആലുവാലിയയെ പരിഹസിച്ചുകൊണ്ടാണ്. ''എവിടെയാ നമ്മുടെ ആലുവാലിയ? ആലു വന്ന് ഹൽവയും തിന്ന് പോയി. ഗോർഖാലാൻഡ് തരാമെന്ന് പറഞ്ഞു. തന്നില്ല. ഇപ്പോൾ ബർധമാൻ പൂർബ മണ്ഡലത്തിലേക്ക് ഓടിരക്ഷപ്പെട്ടു. പകരം മണിപ്പുരിൽ നിന്നൊരാളെ ഇറക്കുമതിചെയ്തിരിക്കയാണ്. പക്ഷേ നമ്മുടെ സ്ഥാനാർഥി അമർസിങ് റായി 'ഭൂമിപുത്ര'നാണ്. അത്തരമാളുകളാണ് ഭാവിയിൽ നിങ്ങൾക്ക് ഉതകുക. നോക്കൂ, ഗോർഖാ ജനമുക്തിമോർച്ചയുടെ ആളെത്തന്നെയാണ് ഞാൻ തൃണമൂലിന്റെ സ്ഥാനാർഥിയാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിങ്ങളെന്നെ സഹായിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ജി.ജെ.എമ്മിനെ ഞാനും സഹായിക്കും. ഇത്തവണ കേന്ദ്രസർക്കാരുണ്ടാക്കാൻ പോകുന്നത് തൃണമൂൽ മുന്നിൽനിന്നുകൊണ്ടാണ്. അത് ഓർത്തുവെക്കണം''-മമത പറയുന്നു. പക്ഷേ, ഗോർഖകളുടെ ചിരകാല ആവശ്യമായ ഗോർഖാലാൻഡിനെക്കുറിച്ച് പറയാതിരിക്കാൻ മമത കരുതൽ പുലർത്തുന്നുണ്ട്. ''ഗോർഖാ സ്വത്വം സംരക്ഷിച്ചുകൊണ്ടുള്ള ഒരു പരിഹാരമുണ്ടാകുമെന്ന് ഞാൻ ഉറപ്പുതരുന്നു. ഇപ്പോഴുള്ള ജി.ടി.എ.(ഗോർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ) ഞാൻ കൊണ്ടുവന്നതല്ല. അത് ഇടതുസർക്കാർ രൂപപ്പെടുത്തിയതാണ്. അതിൽ ഞാൻ ഒപ്പുവെച്ചെന്നേയുള്ളൂ. അടുത്ത ജി.ടി.എ. തിരഞ്ഞെടുപ്പിന് മുമ്പായി ഒരു സംവിധാനമൊരുക്കാനാണ് ശ്രമിക്കുന്നത്. നാം ഒരുമിച്ചുനിന്നാൽ ഈ പ്രദേശത്തിന്റെ വികസനം സാധ്യമാകും'' -മമതയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയടിയോടെ സ്വീകരണം. ഗോർഖകൾക്കുമാത്രമായുള്ള എന്തെങ്കിലും പ്രത്യേകസംവിധാനത്തോട് പുറംതിരിഞ്ഞ് നിന്നിട്ടുള്ള മമതയുടെ സമീപനത്തിലെ മാറ്റം വാക്കുകളിൽ പ്രകടമാണ്. ചായത്തോട്ടങ്ങളിലെയും സിങ്കോണത്തോട്ടങ്ങളിലെയും താമസക്കാർക്ക് പട്ടയമില്ലെന്നത് സ്ഥിരം വിഷയമാണ് കുന്നുകളിൽ. ഇക്കാര്യവും പരാമർശിക്കാൻ മമത ശ്രദ്ധിക്കുന്നു. ''ഭൂവുടമസ്ഥതയെപ്പറ്റിയുള്ള പരാതികൾ പഠിക്കാൻ റിവ്യൂകമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വരുമ്പോൾ അതനുസരിച്ച് നടപടികളെടുക്കും. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പല കാര്യങ്ങളും ഇപ്പോൾ പറയാനാവില്ല. എങ്കിലും മനുഷ്യത്വപരമായ പ്രശ്നങ്ങളിൽ ചെയ്യാവുന്നതെല്ലാം ചെയ്യും'' -മമത ഉറപ്പുനൽകുന്നു. 'ബിനയ് എന്നോട് പറഞ്ഞിട്ടുള്ള നിങ്ങളുടെ ആവശ്യങ്ങളെല്ലാം ഞാൻ ഏറ്റിട്ടുണ്ട്' എന്നുകൂടി ഓർമപ്പെടുത്തൽ. നിർത്തുന്നതിനുമുമ്പായി 'ജയ് ഗോർഖാ' വിളി. പിന്നാലെ 'ജയ് ബാംഗ്ളാ' എന്ന് കൂട്ടിച്ചേർക്കലും. അറിയാം, അറിയാം... ഇല്ലാ, ഇല്ലാ... പ്രസംഗത്തിനിടയ്ക്കെല്ലാം ജനങ്ങളുമായി ചോദ്യോത്തരപരിപാടിയുമുണ്ട്. ഇടയ്ക്കിത് അൽപ്പം തമാശയ്ക്കിടയാക്കി. കലിംപോങ്ങിൽ അമിത് ഷാ നടത്തിയ റാലിയെക്കുറിച്ചുള്ള പരാമർശത്തിനിടെ മമത ചോദിച്ചു: ''അമിത് ഷായ്ക്ക് കലിംപോങ് എന്തെന്നറിയുമോ? കർസിയോങ് അറിയുമോ? മിറിക്ക് അറിയുമോ?' പ്രതീക്ഷിക്കുന്ന ഉത്തരം 'ഇല്ല' എന്നാണ്. പക്ഷേ, ആദ്യംവന്ന പ്രതികരണങ്ങൾ 'അറിയാം, അറിയാം...' എന്നായിരുന്നു. ഉടൻ ആരോ ഇടപെട്ടതോടെ 'ഇല്ലാ, ഇല്ലാ...' എന്നായി മറുപടികൾ. അബദ്ധംപറ്റിയത് മനസ്സിലാക്കിയ ജനക്കൂട്ടത്തിൽ ചിരിപടരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2P8zFyW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages