"ഈ സ്ഥാപനമാണ് പ്രത്യാശയുടെ അവസാന കോട്ട. എന്തു വന്നാലും നീതി കിട്ടുമെന്ന് പൗര സമൂഹം വിശ്വസിക്കുന്ന ഇടം. ജുഡീഷ്യറിയിൽ സമൂഹത്തിന് വിശ്വാസമുണ്ട്. ഇതാണ് ജുഡീഷ്യറിക്ക് വിശ്വാസ്യത നൽകുന്നത്. ഈ വിശ്വാസ്യതയാണ് ജുഡീഷ്യറിക്ക് സാധുത നൽകുന്നത്. സ്വതന്ത്രവും നിർഭയവുമായിരിക്കണം ജുഡീഷ്യറി. അതിന്റെ വിശ്വാസ്യതയ്ക്ക് ഒരിക്കലും കളങ്കമുണ്ടാവരുത്." 2018 ജൂലായിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നടത്തിയ പ്രസംഗത്തിൽ നിന്നുള്ളതാണീ വാക്കുകൾ. ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ആഭിമുഖ്യത്തിൽ രാമനാഥ് ഗോയങ്ക സ്മാരക പ്രഭാഷണം നടത്തവെയാണ് ജസ്റ്റിസ് ഗൊഗൊയ് ജുഡീഷ്യറിയുടെ കാതലിലേക്ക് വിരൽചൂണ്ടിയത്. അന്നദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നില്ല. ഇന്നിപ്പോൾ ജസ്റ്റിസ് ഗൊഗൊയ് ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ അമരക്കാരനാണ്. അശരണർക്കും നിരാലംബർക്കും നീതി ലഭിക്കുമെന്ന ഉറപ്പും വിശ്വാസവുമാണ് കോടതിയെ കോടതിയാക്കുന്നതെന്ന തന്റെ വാക്കുകൾ ഇപ്പോൾ ജസ്റ്റിസ് ഗൊഗൊയ് ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടോയെന്നറിയില്ല. തനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ് സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ വലിയൊരു വിഷമസന്ധിയിൽ നിന്ന് മോചിതനായതിന്റെ സാന്ത്വനത്തിൽ മുന്നോട്ട് നോക്കാൻ മാത്രമായിരിക്കാം അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത്. പക്ഷേ, ഭൂതകാലത്തിൽ നിന്ന് തന്റെ വാക്കുകൾ തന്നെ തേടി വരുമ്പോൾ ജസ്റ്റിസ് ഗൊഗൊയ് അവയെ എങ്ങിനെ നേരിടുമെന്നത് ഒരു ധാർമ്മിക പ്രശ്നമാകുന്നു. നീതി ലഭ്യമാക്കിയാൽ മാത്രം പോര അത് അനുഭവപ്പെടുകയും വേണമെന്നത് നീതിന്യായ വ്യവഹാരത്തിലെ സുപ്രധാന ആശയസംഹിതകളിലൊന്നാണ്. ജസ്റ്റിസ് ഗൊഗൊയ്ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ് ജസ്റ്റിസ് ബോബ്ദെ അദ്ധ്യക്ഷനായ സമിതി തിങ്കളാഴ്ച തള്ളിക്കളഞ്ഞു. സമിതിയുടെ റിപ്പോർട്ട് പൊതു ജനത്തിന് ലഭ്യമാവില്ല. ചീഫ് ജസ്റ്റിസ് ഗൊഗൊയ്ക്കും സീനിയോറിറ്റിയിൽ നാലാമനായ ജസ്റ്റിസ് അരുൺ മിശ്രയ്ക്കും മാത്രമാണ് റിപ്പോർട്ടിന്റെ കോപ്പി സമിതി കൈമാറിയിരിക്കുന്നത്. സുപ്രീംകോടതിയിൽ സിനിയോറിറ്റിയിൽ രണ്ടാമനാണ് ജസ്റ്റിസ് ബോബ്ദെ. മൂന്നാമൻ ജസ്റ്റിസ് രമണയാണ്. അന്വേഷണ സമിതിയിൽ നിന്ന് സ്വയം മാറിയതിനാലാണ് അദ്ദേഹത്തിന് കോപ്പി നൽകാത്തത്. അങ്ങിനെ വരുമ്പോൾ സമിതിക്ക് പുറമെ റിപ്പോർട്ടിന്റെ കോപ്പി കിട്ടാൻ അർഹതയുള്ളത് സീനിയോറിറ്റിയിൽ തൊട്ടടുത്ത് വരുന്ന ജഡ്ജിയാണെന്നും അതുകൊണ്ടാണ് ജസ്റ്റിസ് മിശ്രയ്ക്ക് കോപ്പി നൽകിയതെന്നുമാണ് വിവരം. കേസിൽ പ്രതി സ്ഥാനത്തുണ്ടായിരുന്നത് ചീഫ് ജസ്റ്റിസാണ്. അദ്ദേഹത്തിന് റിപ്പോർട്ടിന്റെ കോപ്പി നൽകിയിട്ടുണ്ട്. എന്നാൽ പരാതിക്കാരിക്ക് കോപ്പി കിട്ടിയിട്ടില്ല. പരാതിക്കാരി സമിതിയുമായി സഹകരിക്കാതിരുന്നതുകൊണ്ടാവാം റിപ്പോർട്ടിന്റെ കോപ്പി നൽകാതിരുന്നത്. സമിതിയുമായി സഹകരിക്കാനാവില്ലെന്ന് പരാതിക്കാരി പറഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഒരു സ്ഥാപനത്തിലെ ജീവനക്കാരി ആ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി നൽകിയാൽ അക്കാര്യം അന്വേഷിക്കുന്നതിനുള്ള സമിതിയിൽ സ്ഥാപനത്തിന് പുറത്തു നിന്നൊരു വനിത വേണമെന്നത് സുപ്രീംകോടതിയുടെ തന്നെ നിലപാടാണ്. പക്ഷേ, ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിൽ സുപ്രിംകോടതിക്ക് പുറത്തു നിന്നാരും ഉണ്ടായിരുന്നില്ല. ഇതു ശരിയല്ലെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ അന്തഃസ്സത്തയ്ക്ക് നിരക്കുന്നതല്ലെന്നും നിരവധി അഭിഭാഷകരും പൊതു പ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചന്ദ്രചൂഡ് സമിതിക്ക് കത്തെഴുതുകയും ചെയ്തു. സുപ്രീംകോടതിയിലെ 17 ജഡ്ജിമാരുമായി സംസാരിച്ചതിനു ശേഷമാണ് താൻ കത്തെഴുതുന്നുതെന്നും പുറത്തു നിന്നൊരാളില്ലാതെ സമിതി അന്വേഷണവുമായി മുന്നോട്ടു പോകരുതന്നെും ജസ്റ്റിസ് ചന്ദ്രചൂഡ് കത്തിൽ പറഞ്ഞിരുന്നു. 2022 ൽ ചീഫ്ജസ്റ്റിസാകുമെന്ന് കരുതപ്പെടുന്ന ജഡ്ജിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. സമിതി പക്ഷേ, ഈ പ്രതിഷേധങ്ങളൊന്നും കണക്കിലെടുത്തില്ല. പരാതിക്കാരിയെ കേൾക്കാതെ തന്നെ റിപ്പോർട്ട് തയ്യാറാക്കുകയും പരാതി തള്ളുകയും ചെയ്തു. തനിക്ക് നീതി നിഷേധപ്പെട്ടിരിക്കുകയാണെന്ന് പരാതിക്കാരി പ്രതികരിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ സമിതി പരാതി തള്ളിയ നിലയ്ക്ക് ഇനിയെങ്ങിനെയാണ് ഈ കേസുമായി മുന്നോട്ടു പോവേണ്ടതെന്നറിയില്ലെന്നും പരാതിക്കാരി പറയുന്നു. ജസ്റ്റിസ് ഗൊഗൊയ്ക്കെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടോയെന്ന് നമുക്കറിയില്ല. പരാതിക്കാരി പറയുന്നത് സത്യമാണോയെന്നും നമുക്കറിയില്ല. പക്ഷേ, പരാതിക്കാരിയുടെ പരാതി കൈകാര്യം ചെയ്ത രീതിയിൽ നീതിനിഷേധമുണ്ടോ എന്നതാണ് പ്രശ്നം. ആദർശം ഒരു മൗലിക തത്വം പോലെ പിന്തുടരണമെന്നും ആദർശം അഡിക്ഷനാവണമെന്നും ജസ്റ്റിസ് ഗൊഗൊയ് രാമനാഥ് ഗോയങ്ക പ്രഭാഷണത്തിൽ പറഞ്ഞിരുന്നു. കാലം ഈ വാക്കുകൾ ഇപ്പോൾ ജസ്റ്റിസ് ഗൊഗൊയ് യുടെ കാതുകളിൽ ആവർത്തിക്കുന്നുണ്ടാവണം. മനസ്സാക്ഷിയുടെ കോടതിയിൽ ഈ വാക്കുകൾക്ക് മുഖാമുഖം നിൽക്കേണ്ടി വരിക തീർച്ചയായും വിഷമകരമായിരിക്കും. സുപ്രീംകോടതിക്ക് മേൽ ഒരു സ്ത്രീയുടെ വിലാപം മുഴങ്ങുന്നുണ്ട്. തിങ്കളാഴ്ച സുപ്രീംകോടതിയിൽ നടന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഒരിക്കലും ശുഭകരമായ വാർത്തയാവുന്നില്ല
from mathrubhumi.latestnews.rssfeed http://bit.ly/2vK7DB8
via
IFTTT
No comments:
Post a Comment