തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ കലാപ ആഹ്വാനമുള്ളതും മതസ്പർധയുണ്ടാക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നൂറുകണക്കിന് പ്രൊഫൈലുകൾ പോലീസ് നിരീക്ഷിക്കുന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന അറുനൂറോളം സന്ദേശങ്ങളാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ പോലീസ് കണ്ടെത്തിയത്. ഇത്തരത്തിൽ പ്രചാരണം നടത്തിയ 40 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇവർ നിരീക്ഷണത്തിലാണ്. ശബരിമലപ്രശ്നം വിവാദമായി നിൽക്കുന്നതിനാൽ തത്കാലം ഇവരുടെ പേരിൽ കേസെടുത്തിട്ടില്ല. ഓരോരുത്തരും പ്രചരിപ്പിച്ച സന്ദേശങ്ങളുടെ ഗൗരവം നോക്കിയാവും ഐ.ടി. നിയമപ്രകാരം കേസെടുക്കുക. സംസ്ഥാന പോലീസിലെ സൈബർ സെല്ലാണ് ഇതുസംബന്ധിച്ച പരിശോധന നടത്തുന്നത്. ശബരിമലയിൽ പോലീസ് സ്വീകരിക്കാത്ത നടപടികളും നൽകാത്ത നിർദേശങ്ങളും പോലീസ് കൈക്കൊണ്ടുവെന്ന പേരിൽ പ്രചരിപ്പിക്കുന്നതാണ് ഇതിൽ പ്രധാനം. പണ്ടുനടന്ന ലാത്തിച്ചാർജിന്റെയും മറ്റും ചിത്രമെടുത്ത് ശബരിമലയിൽ പോലീസ് അയ്യപ്പന്മാരെ മർദിക്കുന്നു എന്നനിലയിൽ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളാണധികവും. ചില സന്ദേശങ്ങൾ പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്നു. മറ്റുചിലതാകട്ടെ ഇതര മതങ്ങളുമായി താരതമ്യംചെയ്ത് വിദ്വേഷ പ്രചാരണം നടത്തുന്നു.സാമൂഹികമാധ്യമങ്ങളിൽ ഇത്തരത്തിൽ വരുന്ന സന്ദേശങ്ങൾ പലതും ഒരേ പ്രൊഫൈലുകളിൽനിന്നാണ് പിറവിയെടുക്കുന്നത്. ചിലത് ഇവിടെ തയ്യാറാക്കിയശേഷം വിദേശത്തേക്ക് വാട്‌സാപ്പ് വഴി അയച്ചുനൽകുന്നു. അവിടെയുള്ളവർ അവ വ്യാജ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നു. കേരളത്തിലിരുന്നും വ്യാജ അക്കൗണ്ടുകൾ വഴി തീവ്രസ്വഭാവമുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഘടിത ശ്രമമാണ് ഇവയ്ക്കു പിന്നിലുള്ളതെന്ന് പോലീസ് കരുതുന്നു. ഓരോ ജില്ലയിലും ഇത്തരത്തിൽ പ്രചാരണം നടത്തുന്ന നാലും അഞ്ചും പേരടങ്ങുന്ന സംഘങ്ങളുണ്ട്. രാജ്യദ്രോഹകരമായതും മതസ്പർദ്ധയുണ്ടാക്കുന്നതുമായ പ്രചാരണം നടത്തുന്നത് ഐ.ടി. നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. അഞ്ചുവർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഇവരുടെമേൽ ചുമത്തുക. 40 പേരെ കണ്ടെത്തിയെങ്കിലും ശക്തമായ ഈ വകുപ്പ് എത്ര പേർക്കെതിരേ ചുമത്താമെന്ന പരിശോധന പോലീസ് നടത്തിവരികയാണ്.കർശനനടപടിയെടുക്കും സമൂഹത്തിൽ മതസ്പർദ്ധയും വിദ്വേഷവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ഗ്രൂപ്പുകളിൽ ഇവ നിർമിച്ച് ചങ്ങലപോലെ കോർത്തിണക്കിയിരിക്കുന്ന തങ്ങളുടെ ആളുകൾ വഴിയാണ് പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരേ ഐ.ടി. നിയമപ്രകാരം കേസെടുക്കും. കർശന നടപടിയാകും ഇക്കാര്യത്തിൽ സ്വീകരിക്കുക.-ലോക്നാഥ് െബഹ്‌റ, സംസ്ഥാന പോലീസ് മേധാവി
from mathrubhumi.latestnews.rssfeed https://ift.tt/2FvXnnH
via
IFTTT
No comments:
Post a Comment