ഇരുമുടി തലയിൽവെച്ച് പതിനെട്ടാംപടി കയറാൻ തയ്യാറെടുക്കുന്ന കുട്ടി. ഫോട്ടോ: ജി ശിവപ്രസാദ് ശബരിമല: ശബരിമല സന്നിധാനത്ത് നാലുദിവസമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മിക്കതും പോലീസ് പിൻവലിച്ചു. സന്നിധാനത്ത് വലിയനടപ്പന്തലിൽ വിരിവെക്കാനും വിശ്രമിക്കാനും അനുമതി നൽകി. എന്നാൽ, ഇവിടെ ഉറങ്ങാൻ അനുവദിക്കില്ലെന്ന് സന്നിധാനത്തിന്റെ ചുമതലയുള്ള ഐ.ജി. വിജയ് സാഖറെ പറഞ്ഞു. എന്നാൽ, താഴെതിരുമുറ്റം, വടക്കേനട എന്നിവിടങ്ങളിൽ നിയന്ത്രണം തുടരും. പ്രായമുള്ളവരെയും സ്ത്രീകളെയും കുട്ടികളെയും വലിയനടപ്പന്തലിൽ വിരിവെക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഉത്തരവ് ലഭിച്ചില്ലെന്നു പറഞ്ഞ് പോലീസ് ചൊവ്വാഴ്ച വൈകീട്ടുവരെ നിയന്ത്രണങ്ങൾ തുടർന്നു. ചൊവ്വാഴ്ച രാത്രി 10-നാണ് നിയന്ത്രണങ്ങൾ നീക്കിയ വിവരം ഐ.ജി. അറിയിച്ചത്. നേരത്തേ, ആയിരക്കണക്കിന് തീർഥാടകർക്ക് ഒരേസമയം വിരിവെക്കാൻ സൗകര്യമുള്ള വലിയനടപ്പന്തലിലേക്ക് കടക്കാൻപോലും പോലീസ് അനുവദിച്ചിരുന്നില്ല. സന്നിധാനത്ത് തീർഥാടകർ വർഷങ്ങളായി നെയ്യഭിഷേകത്തിന് കാത്തിരിക്കാനും വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലങ്ങളാണ് താഴെതിരുമുറ്റം, വടക്കേനട, വലിയനടപ്പന്തൽ, മാളികപ്പുറം നടപ്പന്തൽ, പാണ്ടിത്താവളത്തിലെ മാംഗുണ്ട നിലയം എന്നിവ. വലിയ നടപ്പന്തൽ, താഴെ തിരുമുറ്റം, വടക്കേനട എന്നിവിടങ്ങളിൽ നിൽക്കാൻപോലും പോലീസ് അനുവദിച്ചിരുന്നില്ല. സുരക്ഷാമേഖലയാണെന്ന കാരണം പറഞ്ഞായിരുന്നു ഇത്. ചുറ്റും ബാരിക്കേഡ് തീർത്ത് പോലീസ് കാവൽ നിൽക്കുന്ന സ്ഥിതിയായിരുന്നു. മാളികപ്പുറം നടപ്പന്തലിലും മാളികപ്പുറം ക്ഷേത്രത്തിന് താഴെയുമാണ് വിരിവെക്കാൻ അനുമതിയുണ്ടായിരുന്നത്. നടപ്പന്തൽ വലുപ്പം കുറഞ്ഞതാണ്. കൂടുതൽ പേർക്ക് അവിടെ വിരിവെക്കാൻ കഴിയില്ല. ക്ഷേത്രത്തിന് താഴെയുള്ള സ്ഥലത്ത് മേൽക്കൂരയുമില്ല. മഴയത്ത് അയ്യപ്പൻമാർക്ക് കയറിനിൽക്കാൻ മേൽപ്പാലത്തിന്റെ അടിഭാഗം മാത്രമാണുള്ളത്. വൻതിരക്കുള്ളപ്പോഴാണ് മാംഗുണ്ട നിലയത്തിലേക്ക് വിരിവെക്കാൻ തീർഥാടകർ പോകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2r5vQzz
via
IFTTT
No comments:
Post a Comment