തിരുവനന്തപുരം: യുവതീപ്രവേശ വിധിക്കുശേഷം ശബരിമലയിലെ സംഭവങ്ങൾ തീർഥാടനകാലം മുഴുവൻ ലൈവാക്കി നിർത്താൻ രാഷ്ട്രീയ പാർട്ടികൾ തന്ത്രം മെനയുന്നു. ഒരിഞ്ചും പിന്നോട്ടില്ലെന്ന് സമരത്തിലുള്ള ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും പറയുന്നു. യു.ഡി.എഫാകട്ടെ, അടുത്ത നടപടികളെക്കുറിച്ച് ചൊവ്വാഴ്ച തീരുമാനിക്കും. ഇരുകൂട്ടരേയും പ്രതിരോധിക്കാൻ ഇടതുമുന്നണിയാകും ഇനി രംഗത്തിറങ്ങുക. മണ്ഡല-മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ജനുവരി 20-നാണ് ശബരിമല നട അടയ്ക്കുക. ഇതിനിടെ മണ്ഡലപൂജ നടക്കുന്ന 27 കഴിഞ്ഞാൽ 30-നേ തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. ജനുവരി 20 വരെ പ്രക്ഷോഭം സജീവമാക്കി നിർത്തുകയെന്നത് സമരത്തിലുള്ളവർക്കും അതിനെ പ്രതിരോധിക്കുകയെന്നത് സർക്കാരിനും അത്ര എളുപ്പമല്ല. വിഷയം ചൂടാക്കി നിലനിർത്താനുള്ള തന്ത്രങ്ങളാണ് പാർട്ടികൾ ആലോചിക്കുന്നത്. ഇതിനിടെ തിരുവിതാംകൂർ ദേവസ്വംബോർഡ് നൽകിയ സാവകാശഹർജിയിൽ അനുകൂല തീരുമാനമുണ്ടായാൽ താത്കാലികമായെങ്കിലും ആശ്വാസമാകും. ബി.ജെ.പി. ശബരിമലയിലെ പ്രതിസന്ധി ദേശീയ വിഷയമാക്കുക എന്നതാണ് അജൻഡ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് മുതിർന്ന നേതാക്കളും എം.പി.മാരും വരുംദിവസങ്ങളിൽ ശബരിമലയിലെത്തും. ഡിസംബർ പതിനൊന്നിനുശേഷം കൂടുതൽ കേന്ദ്രമന്ത്രിമാർ വരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കെ. സുരേന്ദ്രന്റേയും മറ്റു പ്രവർത്തകരുടേയും അറസ്റ്റിനെതിരേയുള്ള നിയമപോരാട്ടമാകും മറ്റൊന്ന്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും നീക്കുന്നതുവരെ സന്നിധാനത്തും പരിസരത്തും നാമജപ പ്രതിഷേധം തുടരുകയും ചെയ്യും. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് തിങ്കളാഴ്ച മാർച്ച് നടത്തുന്നുണ്ട്. ഡിസംബർ അഞ്ചുമുതൽ പത്തുവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ അയ്യപ്പസഭ ചേരും. ശബരിമല പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒപ്പുശേഖരണത്തിനാണിത്. തീർഥാടകർ കുറയുന്നതിൽ ബി.ജെ.പി.ക്കും ആശങ്കയുണ്ട്. യു.ഡി.എഫ്. നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. ഇപ്പോൾ സന്നിധാനത്ത് യുവതികൾ വരുന്നില്ല. അതിനാൽ നിരോധനാജ്ഞയുടെയോ സമരത്തിന്റെയോ ആവശ്യമില്ലെന്ന് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെ യഥാർഥഭക്തർ വരാതിരിക്കാനും ആളുകളെ കുറയ്ക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നു യു.ഡി.എഫ്. കുറ്റപ്പെടുത്തുന്നു. അടുത്ത യോഗത്തിൽ വിശദചർച്ചയുണ്ടാകും. എൽ.ഡി.എഫ്. ഇടതുമുന്നണിയും സർക്കാരും ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും നീക്കങ്ങളെ പ്രതിരോധിക്കുന്നത് തുടരും. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം സർക്കാർ വിളിച്ചിട്ടുണ്ട്. സി.പി.എം. ഇതിനകം ജാഥകൾ നടത്തുകയും മഹിളാസംഘടനകൾ നവോത്ഥാന സദസ്സുകൾ നടത്തുകയും ചെയ്തിരുന്നു. വർഗബഹുജന സംഘടനകളുടെ ഇത്തരം പരിപാടികൾ ഗുണംചെയ്തു എന്നാണ് പാർട്ടി കരുതുന്നത്. കുടുംബയോഗങ്ങളുമായാണ് സി.പി.ഐ. പ്രതിരോധിക്കാനിറങ്ങുന്നത്. അടുത്ത ഇടതുമുന്നണി യോഗത്തിൽ പ്രതിരോധതന്ത്രങ്ങൾ ചർച്ചയാകും.
from mathrubhumi.latestnews.rssfeed https://ift.tt/2RdViy3
via
IFTTT
No comments:
Post a Comment