അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ തീയതി അടുത്തവർഷം പ്രയാഗ് രാജിൽ (അലഹാബാദ്) നടക്കുന്ന കുംഭമേളയിൽ പ്രഖ്യാപിക്കുമെന്ന് നിർമോഹി അഖാഡയിലെ മഹന്ദ് രാംജി ദാസ്. അയോധ്യയിൽ വി.എച്ച്.പി. ഞായറാഴ്ച സംഘടിപ്പിച്ച 'ധരംസഭ'യിലാണ് പ്രഖ്യാപനം. കുറച്ചുദിവസത്തേക്ക് എല്ലാവരും ക്ഷമകാണിക്കണമെന്നും രാംജി ദാസ് പറഞ്ഞു. രാമക്ഷേത്രം പണിയാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിനായാണ് ഞായറാഴ്ച അയോധ്യയിൽ വൻറാലിയും ധരംസഭയും സംഘടിപ്പിച്ചത്. മൂന്നുലക്ഷത്തോളം പേർ പരിപാടിക്കെത്തിയെന്നാണ് വി.എച്ച്.പി. നേതാക്കൾ അവകാശപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വി.എച്ച്.പി., ശിവസേനാ പ്രവർത്തകരാണ് കാവിവസ്ത്രങ്ങളിഞ്ഞ് കാവിക്കൊടിയുമായി പരിപാടികളിൽ പങ്കെടുത്തത്. 'ജയ് ശ്രീറാം' വിളികൾ മുഴക്കി ശ്രീരാമന്റെ ചിത്രവും ഉയർത്തിപ്പിടിച്ചായിരുന്നു റാലി. നഗരത്തിന്റെ വിവിധഭാഗങ്ങളിൽ രാമഭജനകളും അരങ്ങേറി. 1992-ൽ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്കുശേഷം രാമക്ഷേത്രമെന്ന ആവശ്യവുമായി ഇത്രയധികം ആളുകൾ അയോധ്യയിലെത്തുന്നത് ആദ്യമാണ്. അതിനിടെ നാഗ്പുരിലും വി.എച്ച്.പി.യുടെ നേതൃത്വത്തിൽ യോഗം നടന്നു. ക്ഷമ നശിച്ചെന്നാണ് യോഗത്തിൽ പങ്കെടുത്ത ആർ.എസ്.എസ്. സർസംഘചാലക് മോഹൻ ഭാഗവത് വിഷയത്തോട് പ്രതികരിച്ചത്. സുപ്രീംകോടതി രാമക്ഷേത്രനിർമാണത്തിന് പ്രാധാന്യം നൽകുന്നില്ലെങ്കിൽ അതിനായി നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രനിർമാണത്തിനായി ഓർഡിനൻസ് കൊണ്ടുവരണമെന്ന് വിവിധ സന്ന്യാസിമാർ ഉൾപ്പെട്ട ധരംസഭ ആവശ്യപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച പ്രമേയമൊന്നും പാസാക്കിയില്ല. ഡിസംബർ 11-ന് ശേഷം ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും തീരുമാനമെടുക്കുമെന്ന് സഭയിൽ ചിത്രകൂടിലെ സ്വാമി രാമഭദ്രാചാര്യ പ്രഖ്യാപിച്ചു. മുതിർന്ന ഒരു കേന്ദ്രമന്ത്രി ഇക്കാര്യം തനിക്ക് ഉറപ്പുനൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ഥലം മുഴുവനായും ക്ഷേത്രം നിർമിക്കാൻ വേണമെന്ന് മുതിർന്ന വി.എച്ച്.പി. നേതാവ് ചംപത് റായ് പറഞ്ഞു. കോടതിയെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയിലും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിലും വിശ്വാസമുണ്ടെന്നും രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് നൃത്യ ഗോപാൽദാസും വ്യക്തമാക്കി. രാമക്ഷേത്ര നിർമാണത്തിനുള്ള അവസാനത്തെ ധരംസഭയാണിതെന്ന് വി.എച്ച്.പി.യുടെ ഭോലേന്ദ്ര പറഞ്ഞു. അയോധ്യ ജില്ലാപരിഷത്ത് അംഗം ബബ്ലൂ ഖാന്റെ നേതൃത്വത്തിൽ ഏതാനും മുസ്ലിം മതവിശ്വാസികളും സഭയിൽ പങ്കെടുത്തു. അയോധ്യയിലെ മുസ്ലിങ്ങൾ ക്ഷേത്രനിർമാണം ആഗ്രഹിക്കുന്നെന്ന് വിശ്വസിക്കുന്നയാളാണ് ഖാൻ. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും രണ്ടു ദിവസമായി അയോധ്യയിലുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലക്ഷ്മൺ ഖിലയിലും പ്രചാരണപരിപാടികൾ നടന്നു. content highlights;Ayodhya tense ahead of Dharma Sabha
from mathrubhumi.latestnews.rssfeed https://ift.tt/2P1KoJO
via
IFTTT
No comments:
Post a Comment