മൂന്നാർ: വട്ടവടയിൽ അടച്ചുറപ്പുള്ള ആ വീടൊരുങ്ങുകയാണ്; പഠിച്ചു നല്ല ജോലി വാങ്ങിയിട്ടു വെക്കണമെന്ന് അഭിമന്യു ആഗ്രഹിച്ച വീട്. അവസാനവട്ട മിനുക്കുപണികൾകൂടി പൂർത്തിയായാൽ മുഖ്യമന്ത്രിയെത്തി കേരളത്തിന്റെ സ്വന്തം അഭിമന്യുവിൻറെ കുടുംബത്തിനു താക്കോൽ കൈമാറും.മഹാരാജാസ് കോളേജിലെ ബിരുദവിദ്യാർഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന അഭിമന്യുവിനെ ജൂലായ് രണ്ടിനു പുലർച്ചെയാണ്, എസ്.ഡി.പി.ഐ.-പോപ്പുലർ ഫ്രണ്ട്-ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊല്ലുന്നത്. ‘നാൻപെറ്റ മകനേ’ എന്നുപറഞ്ഞ് ദീനമായി നിലവിളിക്കുന്ന അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ ചിത്രം മലയാളികളുടെ മനസ്സാക്ഷിയെ വല്ലാതെ മുറിപ്പെടുത്തി. അഭിമന്യുവിന്റെ വട്ടവടയിലെ വീടിന്റെ ദൈന്യം പിന്നീടാണു പുറത്തറിയുന്നത്. എത്രത്തോളം ത്യാഗം സഹിച്ചാണ് ആ ചെറുപ്പക്കാരൻ വട്ടവടയിൽനിന്ന് മഹാരാജാസ് വരെയെത്തിയതെന്ന് അന്നാണ് എല്ലാവരും അറിഞ്ഞത്. അവിടംമുതൽ അഭിമന്യു കേരളത്തിന്റെ സ്വന്തം മകനാകുകയായിരുന്നു.അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുത്ത സി.പി.എമ്മാണ് അവർക്കു വീടും വെച്ചുനൽകുന്നത്. കൊട്ടാക്കമ്പൂരിനു സമീപം പാർട്ടി വിലകൊടുത്തു സ്ഥലം വാങ്ങി. സെപ്റ്റംബർ അഞ്ചിന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീടിനു തറക്കല്ലിട്ടു. 1256 ചതുരശ്രയടി വിസ്തീർണമുള്ള വീട് മൂന്നുമാസംകൊണ്ടാണ് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. മൂന്നു കിടപ്പുമുറിയോടുകൂടിയ വീട്ടിൽ എല്ലാവിധ ആധുനികസൗകര്യങ്ങളുമുണ്ട്. ഡിസംബർ ഇരുപതിനകം പെയിന്റിങ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാകും. മുഖ്യമന്ത്രിയുടെ സൗകര്യാർഥം ഡിസംബർ അവസാനമാണ് താക്കോൽദാനമെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു.സഹോദരന് ബാങ്കിൽ ജോലി നൽകിഅഭിമന്യുവിന്റെ സഹോദരൻ പരിജിത്തിന് സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കിൽ ജോലി നൽകി. മൂന്നാർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രധാന ശാഖയിൽ താത്‌കാലികജീവനക്കാരനായാണു നിയമിച്ചിരിക്കുന്നത്. പരിജിത് അവിവാഹിതനാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2PV22Ev
via
IFTTT
No comments:
Post a Comment