ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തു അടക്കമുള്ളവർക്കെതിരേ ഉയർന്ന 'മീ ടൂ' ആരോപണങ്ങളെ പിന്തുണച്ച നർത്തകിയും നടിയുമായ സ്വർണമാല്യയെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതായി ആരോപണം. ഡിസംബർ 11, 12 തീയതികളിൽ കോയമ്പത്തൂരിൽ നടക്കുന്ന പരിപാടിയിൽ ഭരതനാട്യത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതിനും നൃത്താവതരണത്തിനും തന്നെ ക്ഷണിച്ചിരുന്നെന്നും എന്നാൽ, പിന്നീട് ഒഴിവാക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു. ഇതേസമയം സ്വർണമാല്യയെ നേരത്തേ പരിപാടിയിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്ന് അക്കാദമി അംഗവും പരിപാടിയുടെ സംഘടനാ ചുമതലക്കാരനുമായ സിർപ്പി ബാലസുബ്രഹ്മണ്യം പറഞ്ഞു. ആരോപണം നിഷേധിച്ച സംഘാടകർ നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളുടെ ക്രമീകരണം പുറംകരാർ പ്രകാരം മറ്റൊരാളെ ഏൽപ്പിച്ചിരിക്കുകയായിരുന്നെന്നും വിശദീകരിച്ചു. പരിപാടിയുടെ ചുമതല ഏറ്റെടുത്തിരുന്ന പ്രൊഫ. എൻ. മമ്മദ് ക്ഷണിച്ചിരുന്നെന്നും സെമിനാറിൽ അവതരിപ്പിക്കേണ്ട പ്രബന്ധത്തിന്റെ പകർപ്പുവരെ അയച്ചുനൽകിയിരുന്നെന്നുമാണ് സ്വർണമാല്യ പറയുന്നത്. സ്വർണമാല്യയെ ക്ഷണിച്ചിരുന്നെന്ന് സമ്മതിച്ച പ്രൊഫ. മമ്മദ് പിന്നീട് ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്താൻ തയ്യാറായില്ല. മീ ടൂ വെളിപ്പെടുത്തലുകളെ പരസ്യമായി പിന്തുണച്ച സ്വർണമാല്യ കർണാടക സംഗീതമേഖലയിൽ ലൈംഗികചൂഷണങ്ങൾ നടക്കുന്നതായി ആരോപിച്ചിരുന്നു. content highlights:MeToo activist Swarnamalya asked not to turn up at Sahitya Akademi event
from mathrubhumi.latestnews.rssfeed https://ift.tt/2DXzgNg
via
IFTTT
No comments:
Post a Comment