പത്തനംതിട്ട: ശബരിമലയിൽ നടക്കുന്നത് ഗുരുതര ആചാര ലംഘനമാണെന്ന ആരോപണവുമായി കോൺഗ്രസ്. മണ്ഡലകാലം ആരംഭിച്ചുവെങ്കിലും ശബരിമലയിൽ സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഞായറാഴ്ച നിലയ്ക്കലെത്തിയ മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ് എന്നിവർ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. പമ്പയിലും നിലയ്ക്കലിലും പ്രാഥമികസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതായി അടൂർ പ്രകാശ് ആരോപിച്ചു. പ്രളയത്തിൽ വന്നടിഞ്ഞ മണൽ നീക്കാനുള്ള പ്രവർത്തനങ്ങൾ ഇതുവരെ നടത്തിയില്ല. പ്രളയത്തിൽ തകർന്ന ശൗചാലയങ്ങൾ പോലും പുനർനിർമിച്ചിട്ടില്ല. അടിസ്ഥാനസൗകര്യം ഇല്ലാത്തതു കൊണ്ടാണ് തീർഥാടകർക്ക് നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ നടക്കുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് മുൻദേവസ്വം മന്ത്രി വി.എസ്.ശിവകുമാർ പറഞ്ഞു. തീർഥാടകർക്ക് പകൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് തെറ്റാണ്. രാത്രിയിൽ ഏർപെടുത്തിയ നിയന്ത്രണം കൂടാതെയാണിത്. ജനങ്ങളോട് കാണിക്കേണ്ട മര്യാദ പുലർത്താത്ത സർക്കാർ പരാജയമാണ്. രാഷ്ട്രീയാടിസ്ഥാനത്തിൽ ആളെ തടയുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടികളാണ് പോലീസ് നടത്തുന്നത്. പമ്പയിൽ വരുന്ന ആളുകൾക്ക് മഴയത്ത് നനയാതെ കയറിനിൽക്കാനുള്ള സംവിധാനം പോലും ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനായിട്ടില്ല. പ്രളയം പിന്നിട്ടതോടെ ആകെ താറുമാറായ പമ്പയിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ മൂന്നുമാസത്തിനുള്ളിൽ സർക്കാരിന് കഴിഞ്ഞിട്ടില്ല.ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് പോലീസ് രാജാണെന്നും നേതാക്കൾ ആരോപിച്ചു. 12.5 ഹെക്ടർ സ്ഥലത്ത് 15,000 പോലീസിനെ നിയോഗിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ സംഗതിയാണെന്നും ഇവർ പറഞ്ഞു. നിലയ്ക്കലിൽ പോലും വേണ്ടത്ര സൗകര്യങ്ങളില്ല. ആശുപത്രികളോ മറ്റ് മെഡിക്കൽ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്നും വിമർശിച്ച കോൺഗ്രസ് നേതാക്കൾ ശബരിമലയിൽ ആചാരങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ഇടതു സർക്കാർ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. പമ്പയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അടൂർ പ്രകാശും വി.എസ്.ശിവകുമാറും സന്നിധാനത്തേക്ക് തിരിച്ചു. Sabarimala, UDF Leaders, Thiruvanchur Radhakrishnan, Adoor Prakash, V S Sivakumar
from mathrubhumi.latestnews.rssfeed https://ift.tt/2Q7LtnY
via
IFTTT
No comments:
Post a Comment