മോത്തിലാൽ നെഹ്രുവിന്റെ മകനെന്ന വിശേഷണം ജവഹർലാലിന് അലങ്കാരമായിരുന്നു. ചന്ദനത്തിന് സുഗന്ധമെന്നതുപോലെ അത് ജവഹറിൽ ഉൾച്ചേരുകയും കരുത്തും തുണയുമാവുകയും ചെയ്തു. ഇന്ദിരയ്ക്കും സഞ്ജയിനും രാജീവിനും ഈ കുടുംബ മഹിമ വലിയ പിൻബലമായിരുന്നു. 1984 ൽ ഇന്ദിര കൊല്ലപ്പെട്ടപ്പോൾ മകൻ രാജീവ് പ്രധാനമന്ത്രിയാവുന്നതിൽ ഇന്ത്യൻ ജനത അസ്വാഭാവികമായൊന്നും തന്നെ കണ്ടില്ല. പക്ഷേ, രാഹുൽഗാന്ധിയിലേക്കെത്തുമ്പോൾ കുലവും കുടുംബവും അടിത്തറയ്ക്കൊപ്പം തന്നെ ബാദ്ധ്യതയുമാവുന്നു. നെഹ്രു കുടുംബാംഗം എന്ന സവിശേഷ അസ്തിത്വമാണ് കോൺഗ്രസ് പ്രസിഡന്റിന്റെ പദവിയിലേക്ക് രാഹുലിനെ എത്തിച്ചതെന്നതിൽ തർക്കമില്ല. പക്ഷേ, നരേന്ദ്രമോദിയുടെ ഈ വല്ലാത്ത കാലത്ത് രാഹുലിന് പൈതൃകവും തറവാട്ടുമഹിമയും ചുമടും ഭാരവുമാവുകയാണ്. ഈ നിഴലിൽ നിന്ന് പുറത്തുകടക്കാനുള്ള പോരാട്ടത്തിലാണ് രാഹുൽ ഇപ്പോൾ. മോദിക്കും ബിജെപിക്കുമെതിരെയുള്ള പോരാട്ടം മാത്രമല്ല അത്. കെണിയും പ്രലോഭനവുമാവുന്ന സ്വന്തം പ്രതിച്ഛായയ്ക്കെതിരെയുള്ള ആന്തരീകമായൊരു കലഹം കൂടി രാഹുലിന്റെ ഈ പോരാട്ടത്തെ നിർണ്ണയിക്കുകയും നിർവ്വചിക്കുകയും ചെയ്യുന്നുണ്ട്. രാഹുലിനെതിരെ നിലയുറപ്പിക്കുമ്പോൾ അത് കുടുംബത്തിനെതിരെയുള്ള പോരാട്ടമാക്കി മാറ്റാനാണ് മോദി ഇഷ്ടപ്പെടുക. വളരെ എളുപ്പത്തിൽ ഏറ്റെടുക്കാവുന്ന പോരാട്ടമാണത്. കെ കരുണാകരനെതിരെയുള്ള പോരാട്ടം മക്കളായ മുരളിക്കും പത്മജയ്ക്കുമെതിരെയാവുന്നതിലെ സാദ്ധ്യതകൾ സിപിഎം തിരിച്ചറിഞ്ഞതുപോലെയാണത്. ഡൈനാസ്റ്റിയുടെ പ്രതിനിധിയാണ് എന്ന ആക്ഷേപം പോലെ ജനാധിപത്യത്തിൽ ഒരു നേതാവിനെ എളുപ്പത്തിൽ തകർക്കാൻ കഴിയുന്ന മറ്റൊരായുധമില്ല. കൂടുതൽ വിശദീകരണം വേണമെന്നുണ്ടെങ്കിൽ നീണ്ട 40 കൊല്ലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിപ്പുറവും തമിഴ്നാട് മുഖ്യമന്ത്രിക്കസേര കിട്ടാക്കനിയായി തുടരുന്ന എം കെ സ്റ്റാലിനോട് ചോദിച്ചാൽ മതിയാവും. 2004 ൽ ആദ്യമായി എംപിയാവുമ്പോൾ രാഹുലിന് 34 വയസ്സാണ് പ്രായം. 40 ാമത്തെ വയസ്സിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായ ആളാണ് പിതാവ് രാജീവ്. സോണിയാഗാന്ധി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്നുവെച്ചപ്പോൾ 2004 ൽ രാഹുലിന്റെ പേര് എവിടെയും ഉയർന്നു വന്നില്ല. അതേസമയം മൻമോഹന്റെ മന്ത്രിസഭയിൽ ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം രാഹുലിന് എളുപ്പമായിരുന്നു. പക്ഷേ, ആ കെണിയിൽ രാഹുൽ വീണില്ല. രണ്ടാം യുപിഎ സർക്കാരിൽ നിന്നും രാഹുൽ ഒഴിഞ്ഞു നിന്നു. ഈ പത്തു വർഷങ്ങൾ രാഹുൽ കളഞ്ഞുകുളിക്കുകയായിരുന്നുവെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഭരണപരമായ പരിചയത്തിനുള്ള വലിയൊരു അവസരമാണ് രാഹുൽ നഷ്ടപ്പെടുത്തിയതെന്ന വാദമാണിത്. കുടുംബ മഹിമയുടെ പിൻബലത്തിൽ കാര്യങ്ങൾ എളുപ്പമാവുമ്പോൾ തന്നെ കാലത്തിനും ചരിത്രത്തിനും മുന്നിൽ അതൊരു വിഷമസന്ധിയാവുമെന്ന തിരിച്ചറിവ് രാഹുലിനുണ്ടായി എന്നത് ചെറിയ കാര്യമല്ല. ഇന്നിപ്പോൾ രാഷ്ട്രീയ ജീവിതത്തിലെ 15 വർഷങ്ങൾക്കിപ്പുറവും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ രാഹുലിന് ഉറപ്പൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ലക്ഷ്യം പ്രധാനമന്ത്രി പദമല്ലെന്നും ബിജെപിയെയും മോദിയെയും പുറത്താക്കലാണെന്നും രാഹുലിന് വ്യക്തമാക്കേണ്ടി വരുന്നത്. ദേശീയ തലത്തിൽ ബിജെപിയുടെ മുഖ്യ എതിരാളിയാവുമ്പോഴും ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ മിക്കയിടത്തും കോൺഗ്രസ്സല്ല പ്രബലശക്തിയെന്ന യാഥാർത്ഥ്യം അറിഞ്ഞുകൊണ്ടുള്ള കളിയാണത്. 2024 ആയിരിക്കാം രാഹുലിന്റെ വർഷമെന്ന നിരീക്ഷണം ഉയരുന്നത് ഈ പരിസരത്തിലാണ്. മൂന്നു മൂഹൂർത്തങ്ങൾ രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്ന മൂന്നു മുഹൂർത്തങ്ങളുണ്ട്. 2013 സപ്തംബറിൽ ഡെൽഹിയിലെ പ്രസ് ക്ലബ്ബ് ഒഫ് ഇന്ത്യയിൽ നടത്തിയ നാടകീയ നീക്കമാണ് ആദ്യത്തേത്. അന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ നടത്തിയ പത്രസമ്മേളനത്തിലേക്ക് കയറിവന്നശേഷം രാഹുൽ മൻമോഹൻ സർക്കാരിന്റെ ഓർഡിനൻസ് വലിച്ചുകീറിയെറിയുകയായിരുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിച്ചെടുക്കുന്നതിനാണ് മൻമോഹൻസിങ് സർക്കാർ അന്നാ ഓർഡിനൻസ് കൊണ്ടുവന്നത്. അധാർമ്മികതയുടെ വലിയൊരു നിഴൽ അതിനു മേലുണ്ടായിരുന്നു. പക്ഷേ, ഓർഡിനൻസിന്റെ കോപ്പികൾ കീറിയെറിഞ്ഞ രാഹുലിന്റെ പ്രവൃത്തി വാഴ്ത്തപ്പെടുകയല്ല ഇകഴ്ത്തപ്പെടുകയാണുണ്ടായത്. കുലമഹിമയുടെ തണലിൽ നിന്നുകൊണ്ട് ഒരു ചെറുപ്പക്കാരൻ നടത്തിയ ധാർഷ്ട്യം നിറഞ്ഞ പ്രകടനമായാണ് ഇന്ത്യൻ ജനത അതിനെ കണ്ടത്. വർഷങ്ങൾക്കു മുമ്പ് ഹൈദരാബാദ് വിമാനത്താവളത്തിൽ ആന്ധ്ര മുഖ്യമന്ത്രി ടി അഞ്ജയ്യയെ രാജീവ്ഗാന്ധി അപമാനിച്ചതിന്റെ കയ്പുനിറഞ്ഞ ഓർമ്മകൾ ഈ പ്രകടനം മടക്കിക്കൊണ്ടുവന്നു. നരേന്ദ്ര മോദിയെന്ന ശക്തനായ നേതാവിനെ അനുകരിക്കാനുള്ള പ്രവണത രാഹുലിന്റെ ഈ നീക്കത്തിലുണ്ടായിരുന്നു. താനാണ് നേതാവ് എന്ന ധാർഷ്ട്യം നിറഞ്ഞൊരു പ്രഖ്യാപനമായിരുന്നു അത്. 1983 ൽ ആന്ധ്ര ജനത രാജീവിന് മറുപടി നൽകിയത് എൻ ടി രാമറാവു എന്ന സിനിമാതാരത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ടാണ്. 2014 ൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് തെറിച്ചതിന് പിന്നിലുള്ള ഒട്ടേറെ കാരണങ്ങളിൽ ഒന്ന് ഡെൽഹി പ്രസ്ക്ലബ്ബിലെ മുഹൂർത്തമായിരുന്നെന്ന് പറഞ്ഞാൽ തള്ളിക്കളയാനാവില്ല. അഹങ്കാരവും ധാർഷ്ട്യവും ജനാധിപത്യത്തിൽ പറഞ്ഞിട്ടുള്ളതല്ല. ഇന്നിപ്പോൾ നരേന്ദ്ര മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പുറത്തു നിന്നല്ല അകത്തു നിന്നുതന്നെയാണെണന്ന് പറയേണ്ടി വരുന്നത് ഇതുകൊണ്ടാണ്. ഡൽഹി പ്രസ്ക്ലബ്ബ് പകർന്നു നൽകിയ ഈ പ്രതിച്ഛായയിൽ നിന്ന് രാഹുൽ പുറത്തു കടന്നത് 2017 സപ്തംബറിൽ കാലിഫോർണിയ സർവ്വകലാശാലയിലെ യോഗത്തിലൂടെയാണ്. അന്നവിടെ വെച്ച് വിദ്യാർത്ഥികളുമായി നടത്തിയ സംവാദം ലോകത്തിന് മറ്റൊരു രാഹുലിനെ കാട്ടിക്കൊടുത്തു. സൗമ്യനും ശാന്തനുമായ രാഹുൽ. കടുത്ത വിമർശനങ്ങളോട് ക്രോധമില്ലാതെ പ്രതികരിക്കുന്ന രാഹുൽ. അതൊരു മേക്കോവറായിരുന്നു. നരേന്ദ്രമോദിയുടെ ധാർഷ്ട്യത്തിനു ബദൽ മറ്റൊരു ധാർഷ്ട്യമല്ലെന്നും എളിമ എന്നുമെപ്പോഴും കൊണ്ടുനടക്കേണ്ട സ്വഭാവ സവിശേഷതയാണെന്നുമുള്ള തിരിച്ചറിവ് കാലിഫോർണിയ സർവ്വകാലാശായിൽ രാഹുലിനൊപ്പമുണ്ടായിരുന്നു. അതിനും ഒരു വർഷമിപ്പുറം ഇക്കഴിഞ്ഞ ജൂലായിലാണ് മൂന്നാം മുഹൂർത്തമുണ്ടായത്. പാർലമെന്റിൽ പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുലായിരുന്നു ആ മുഹൂർത്തത്തിലെ നായകൻ. ബിജെപിക്കെതിരെ പോരാടുമ്പോൾ വെറുപ്പല്ല തന്നെ നയിക്കുന്നതെന്ന സവിശേഷമായ പ്രഖ്യാപനമാണ് രാഹുൽ അതിലൂടെ നടത്തിയത്. കെട്ടിപ്പിടിക്കുന്നതിൽ മോദിയും പിന്നിലല്ല , പക്ഷേ, ആ ആലിംഗനങ്ങളിൽ ഏറെയും വിദേശങ്ങളിലാണ്. ഇതര രാഷ്ട്രങ്ങളുടെ ഭരണകർത്താക്കളുമായുള്ള ആ കെട്ടിപ്പിടിത്തങ്ങളിൽ ഔപചാരികതയുടെ ഒരു തലമുണ്ട്. സഹാനുഭൂതിയുടെ തണലും കുളിർമ്മയും നിറയുന്ന അമൃതാനന്ദമയിയുടെയും മദർ തെരേസയുടെയും ആലിംഗനങ്ങളുടെ ഭൂമിക വ്യത്യസ്തമാണ്. ഉപചാരങ്ങളില്ലാത്ത സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഴങ്ങളിലേക്ക് കൊണ്ടുപോവുന്ന ആലിംഗനങ്ങൾ. മോദിക്കെതിരെ രാഹുൽ നടത്തുന്ന പോരാട്ടം തീർച്ചയായും പഴങ്കഥയിലെ മുയലിനെയും ആമയേയും ഓർമ്മിപ്പിക്കുന്നുണ്ട്. പതുക്കെ, വളരെ പതുക്കെയാണ് രാഹുൽ മുന്നേറുന്നത്. ഒരർത്ഥത്തിൽ ബിജെപിക്കെതിരെയുള്ള പോരാട്ടം മാത്രമല്ലിത്. മമതയോടും മായാവതിയോടും ശരദ്പവാറിനോടും അഖിലേഷ് യാദവിനോടും ചന്ദ്രബാബുനായിഡുവിനോടും നവീൻ പട്നായിക്കിനോടും തേജസ്വി യാദവിനോടും സ്റ്റാലിനോടുമൊക്കെയുള്ള പോരാട്ടം കൂടിയാണത്. സങ്കീർണ്ണമായ ഈ പോരാട്ടങ്ങളിൽ ഇന്നിപ്പോൾ അടിപതറാതെ നിൽക്കാൻ രാഹുലിനാവുന്നുണ്ടെങ്കിൽ അതിന് രാഹുൽ നന്ദി പറയേണ്ടത് അധികാരത്തിന്റെ പ്രലോഭനങ്ങളിൽ അകപ്പെടാതെ ഒഴിഞ്ഞു നിന്ന ആ പത്തു വർഷങ്ങൾക്കാണ്. കോൺഗ്രസ്സിന്റെ ചുമടും ഭാരവുമായി പരിഹസിക്കപ്പെട്ട പപ്പുവിൽ നിന്ന് ബിജെപിയുടെ ട്രോളർമാർക്കുപോലും വലിച്ചുതാഴെയിടാനാവാത്ത ഇന്നത്തെ രാഹുലിലേക്കുള്ള വളർച്ചയാണത്. പ്രിയങ്കയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഇന്നിപ്പോൾ ഒരിടത്തുമില്ല. ബാദ്ധ്യതയുടെ ഭാണ്ഡക്കെട്ടുകളല്ല വാഗ്ദാനങ്ങളുടെ പ്രകാശം നിറയുന്ന പുതിയ ആകാശവും ഭൂമിയുമാണ് ഇന്നിപ്പോൾ രാഹുലിന്റെ മുന്നിലുള്ളത്. ഈ യാത്രയിൽ രാഹുൽ എത്രമാത്രം മുന്നേറിയിട്ടുണ്ടെന്ന് ഡിസംബർ പതിനൊന്നിന് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നമ്മോട് പറയും. #WATCH Rahul Gandhi walked up to PM Narendra Modi in Lok Sabha and gave him a hug, earlier today #NoConfidenceMotion pic.twitter.com/fTgyjE2LTt — ANI (@ANI) July 20, 2018 Content Highlights: Rahul the image and the future, Raga the makeover
from mathrubhumi.latestnews.rssfeed https://ift.tt/2DQrYui
via
IFTTT
No comments:
Post a Comment