കൊൽക്കത്ത: ആറുപതിറ്റാണ്ടിലേറെ നീണ്ട ബന്ധത്തിലൂടെ തന്റെ ഹൃദയത്തിന്റെ ഭാഗമായ നഗരം വിട്ട് പി. തങ്കപ്പൻ നായർ എന്ന കൊൽക്കത്തയുടെ ചരിത്രകാരൻ ജൻമനാട്ടിലേക്ക് മടങ്ങുന്നു. മഹാനഗരത്തിന്റെ അറിയപ്പെടാത്ത പുരാവൃത്തങ്ങളിലേക്ക് ബംഗാളികളെത്തന്നെ കൈപിടിച്ചുനടത്തിയ അദ്ദേഹം മക്കളുടെയും പേരക്കുട്ടികളുടെയും ദീർഘകാല ആവശ്യത്തിന് വഴങ്ങിയാണ് വിശ്രമത്തിന് ഒരുങ്ങുന്നത്. മദ്രാസ് മെയിൽ തീവണ്ടിയിൽ ടിക്കറ്റില്ലാ യാത്രക്കാരനായി ഒരു വ്യാഴാഴ്ച കൊൽക്കത്തയിൽ വന്നിറങ്ങിയ തങ്കപ്പൻ നായർ മറ്റൊരു വ്യാഴാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തിൽ കൊൽക്കത്ത വിടും. ജൻമനാടായ ആലുവയ്ക്കടുത്ത ചേന്ദമംഗലത്ത് ഇനി ശിഷ്ടജീവിതം. ആറുപതിറ്റാണ്ടിലേറെ നീണ്ട കൊൽക്കത്താ ജീവിതത്തിൽ നഗരത്തിന്റെ വൈവിധ്യപൂർണമായ ചരിത്രവഴികൾ അന്വേഷിച്ചുപോയ തങ്കപ്പൻ നായർ അവ രേഖപ്പെടുത്തിവെച്ചപ്പോൾ പിറവിയെടുത്തത് രണ്ടായിരത്തിലേറെ പുസ്തകങ്ങളാണ്. കൊൽക്കത്തയ്ക്കൊപ്പം ഇന്ത്യൻ മുഖ്യധാരയ്ക്ക് ഏറക്കുറെ അജ്ഞാതമായ ഉത്തരകിഴക്കൻ ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങളുമുണ്ട് ഈ ശേഖരത്തിൽ. ചരിത്രകുതുകികൾ മുതൽ കോളേജധ്യാപകർ വരെയുള്ള വിജ്ഞാനദാഹികൾക്ക് കൊൽക്കത്തയുടെ വികാസപരിണാമങ്ങൾ മനസ്സിലാക്കാനുള്ള ഉപാധിയാണ് തങ്കപ്പൻ നായരുടെ ഗ്രന്ഥശേഖരം. കൊൽക്കത്തയിലെ ദക്ഷിണേന്ത്യക്കാരെക്കുറിച്ചുള്ള പുസ്തകവുമായി തുടങ്ങിവെച്ച അദ്ദേഹത്തിന്റെ ചരിത്രരചനാതപസ്യയിൽ ഏറ്റവുമൊടുവിലത്തേത് ഇനി പുറത്തിറങ്ങാനിരിക്കുന്ന 'ഗാന്ധിജി കൊൽക്കത്തയിൽ' എന്ന പുസ്തകമാണ്. മധ്യകൊൽക്കത്തയിലെ ഭവാനിപുർ കാൻസിപാഡയിലുള്ള വാടകവീട്ടിൽ എഴുത്തും വായനയുമായി അരനൂറ്റാണ്ടിലേറെക്കാലം ഏതാണ്ട് ഏകാന്തജീവിതം തന്നെയായിരുന്നു തങ്കപ്പൻ നായരുടേത്. രാവിലെ ലഘുവായ പ്രഭാതഭക്ഷണത്തിനുശേഷം നാഷണൽ ലൈബ്രറിയിലേക്ക്. വായനയും കുറിപ്പെടുക്കലുമായി ഉച്ചവരെ അവിടെ തങ്ങും. പിന്നെ കോളേജ് സ്ട്രീറ്റിലും വില്ലിങ്ഡൺ സ്ക്വയറിലും കൊൽക്കത്തയുടെ പഴമയെക്കുറിച്ച് പരാമർശിക്കുന്ന അപൂർവപുസ്തകങ്ങൾ തേടിയുള്ള അലച്ചിലാണ്. നഗരത്തിന്റെ പുരാവൃത്തങ്ങൾ തേടിയുള്ള അന്വേഷണം കൊൽക്കത്തയുടെ സ്ഥാപകൻ എന്നറിയപ്പെടുന്ന ജോബ് ചാർനോക്കിന്റെ അനന്തരാവകാശികളെ തേടിപ്പിടിക്കുന്നതിലേക്ക് അദ്ദേഹത്തെ എത്തിച്ചു. ഇപ്പോൾ ലണ്ടനിലുള്ള അവർ അദ്ദേഹത്തിന് കത്തുകളും ആശംസകളും അയക്കാറുണ്ട്. വലിയ പ്രസാധകരെക്കാൾ കോളേജ് സ്ട്രീറ്റിലെ ചെറുകിട പ്രസാധകർക്കാണ് തങ്കപ്പൻ നായർ തന്റെ പുസ്തകങ്ങൾ നൽകിയിട്ടുള്ളത്. റോയൽറ്റി ചോദിച്ച് അവരുടെ പിന്നാലെ നടക്കാനും പോയിട്ടില്ല. 1999-ൽ കൊൽക്കത്ത ടൗൺ ഹാൾ അദ്ദേഹത്തിന്റെ 1700 പുസ്തകങ്ങൾ വാങ്ങിയപ്പോൾ നൽകിയ 10 ലക്ഷം രൂപയാണ് ഗ്രന്ഥരചനയിലൂടെ കിട്ടിയ പ്രധാന സമ്പാദ്യം. ഈയിടെ 300 പുസ്തകങ്ങൾ കൂടി നൽകി. ബാക്കിയുള്ളവയുടെ പട്ടിക തയ്യാറാക്കി അവയും കൈമാറും. ''ടൗൺഹാൾ ഇപ്പോൾ പ്രധാനമായും ലൈബ്രറിയായാണ് പ്രവർത്തിക്കുന്നത്. അവർ നന്നായി പുസ്തകങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഗവേഷകർക്ക് ഇവിടെയെത്തി എപ്പോൾ വേണമെങ്കിലും എന്റെ പുസ്തകങ്ങൾ പരിശോധിക്കാം'' -തങ്കപ്പൻ നായർ പറഞ്ഞു. കൊൽക്കത്തയിലെത്തിയശേഷം ആന്ത്രപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സ്റ്റെനോ ആയാണ് തങ്കപ്പൻ നായർ ഔദ്യോഗികജീവിതം തുടങ്ങുന്നത്. ഷില്ലോങ്ങിലേക്ക് ഇടക്കാലത്ത് സ്ഥലംമാറ്റം കിട്ടിയപ്പോൾ സായാഹ്നക്ളാസിൽ പഠിച്ച് ഗുവാഹാട്ടി സർവകലാശാലയിൽനിന്ന് ചരിത്രത്തിലും പിന്നീട് കൽക്കട്ട സർവകലാശാലയിൽനിന്ന് നിയമത്തിലും ബിരുദങ്ങൾ നേടി. എ.എസ്.ഐ.യിലെ ജോലിവിട്ട് പിന്നീട് സ്വതന്ത്രപത്രപ്രവർത്തനത്തിലേക്കും ചരിത്രരചനയിലും മുഴുകി. വിശ്രമജീവിതത്തിനെത്തുമ്പോഴും ജൻമഗ്രാമമായ ചേന്ദമംഗലത്തിന്റെ ചരിത്രം ഒന്നു ചികയണമെന്ന മോഹം ഉള്ളിലുണ്ട്. ''ഇന്ത്യയിലെ തന്നെ ആദ്യത്തെ അച്ചടികേന്ദ്രങ്ങളിലൊന്നാണത്, ആദ്യകാല ജൂത കുടിയേറ്റ കേന്ദ്രവും. അവയെക്കുറിച്ചൊക്കെ പഠിക്കണമെന്നുണ്ട്'' -തങ്കപ്പൻ നായർ പറഞ്ഞു. ഇളന്തിക്കര ഹൈസ്കൂളിൽനിന്ന് വിരമിച്ച സീതാ നായരാണ് ഭാര്യ. മായ, മനോജ്, പരേതനായ മനീഷ് എന്നിവരാണ് മക്കൾ.
from mathrubhumi.latestnews.rssfeed https://ift.tt/2qYmp4F
via
IFTTT
No comments:
Post a Comment