ബ്രിസ്ബെയ്ൻ: വിക്കറ്റിനുപിന്നിൽ ധോനിയില്ല. നായകനായി കോലിയുണ്ട്. രണ്ടുമാസത്തോളം നീളുന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച ട്വന്റി 20 മത്സരത്തോടെ തുടക്കം. മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.20 മുതൽ. 12 അംഗ ടീമിനെ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും ദിനേഷ് കാർത്തിക്കും ടീമിലുണ്ട്. ഓൾ റൗണ്ടർ ക്രുണാൽ പാണ്ഡ്യയും മൂന്നു പേസ് ബൗളർമാരും ടീമിൽ ഇടംപിടിച്ചപ്പോൾ സ്പിന്നർമാരായ കുൽദീപ്/ചാഹൽ എന്നിവരിൽ ഒരാളേ ഇലവനിലുണ്ടാകൂ എന്നാണ് സൂചന. പരിമിത ഓവർ മത്സരത്തിൽ മുൻനായകൻ ധോനി ഇല്ലാതെ ഇന്ത്യ ഇറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന പ്രത്യേകത. ടെസ്റ്റിൽനിന്ന് വിരമിച്ചെങ്കിലും ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ ഒരു ദശകത്തിലേറെയായി ധോനി ടീമിനൊപ്പമുണ്ട്. ഇതിനിടെ ധോനിയെ ഉൾപ്പെടുത്താത്ത ഇന്ത്യൻ ടീം അപൂർവമായിരുന്നു. ബാറ്റിങ്ങിൽ പരാജയപ്പെട്ടാലും വിക്കറ്റിനുപിന്നിൽ വിശ്വസ്തനായി നിലകൊള്ളുന്ന ധോനി, വിലപ്പെട്ട ഉപദേശങ്ങൾകൊണ്ടും നിർണായക തീരുമാനങ്ങൾകൊണ്ടും ടീമിനൊപ്പമുണ്ടായിരുന്നു. ഇനി അധികകാലം അതുണ്ടാകില്ല എന്ന് ഓർമിപ്പിക്കാൻ കൂടിയാണ് ക്രിക്കറ്റ് ബോർഡ് ധോനി ഇല്ലാത്ത ടീമിനെ പ്രഖ്യാപിച്ചത്. അടുത്ത ലോകകപ്പ് വരെ ധോനി കളിച്ചേക്കും. പക്ഷേ, അപ്പോഴേക്കും വിക്കറ്റിനുപിന്നിൽ ഒരാളെ വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിനായി കണ്ടുവെച്ചിരിക്കുന്ന ഋഷഭ് പന്ത് മാറ്റുതെളിയിച്ചതോടെ ഓസ്ട്രേലിയയിൽ ഒരു പരീക്ഷണത്തിന് ടീം മാനേജ്മെന്റ് തയ്യാറായി. വിൻഡീസുമായുള്ള മത്സരം തൂത്തുവാരിക്കഴിഞ്ഞാണ് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. ഇനി രണ്ടുമാസത്തോളം നീളുന്ന ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിൽ ട്വന്റി 20, ഏകദിന, ടെസ്റ്റ് മത്സങ്ങളുണ്ട്. ഓസീസിനെതിരേ എന്നതിനേക്കാൾ, അടുത്തവർഷം ജൂണിൽ നടക്കുന്ന ലോകകപ്പിനുള്ള ഒരുക്കം എന്നനിലയിലാണ് ടീം ഇന്ത്യ ഈ പര്യടനത്തെ കാണുന്നത്. അന്തിമ ഇലവനും അതിനനുസരിച്ചായിരിക്കും. ട്വന്റി 20-യിൽ ഓസീസിനെതിരേ ഇന്ത്യയ്ക്ക് വ്യക്തമായ മേധാവിത്തമുണ്ട്. ആകെ 15 തവണ ഏറ്റുമുട്ടിയപ്പോൾ പത്തുമത്സരങ്ങളിൽ ജയം ഇന്ത്യയ്ക്കൊപ്പംനിന്നു. ലോകറാങ്കിങ്ങിൽ ഇന്ത്യ രണ്ടാമതും ഓസീസ് നാലാമതുമാണ്. വിൻഡീസിനെതിരായ ജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ, ടീം എന്നനിലയിൽ സമീപകാലത്തെ ഏറ്റവും മോശം അവസ്ഥയിലാണ് ഓസ്ട്രേലിയ. പന്തുചുരണ്ടൽ വിവാദത്തിൽപ്പെട്ട് മുൻനായകൻ സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും ടീമിന് പുറത്തായതിന്റെ ക്ഷീണം മാറിയിട്ടില്ല. ഈയിടെ പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയിൽ 3-0ത്തിന് തോറ്റു. മുൻനിര താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, നേഥൻ ലയൺ എന്നിവരില്ലാതെയാണ് ഓസ്ട്രേലിയ ട്വന്റി 20-യ്ക്കിറങ്ങുന്നത്. പരിമിത ഓവറിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഇന്ത്യയുടെ ജസ്പ്രീത് ബുംറ 2016-ൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെയാണ് പേരെടുത്തത്. ഇന്ത്യയുടെ ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് റിസർവ് ബെഞ്ചിലായിരിക്കും സ്ഥാനം. ബ്രിസ്ബെയ്നിലെ പിച്ച് പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാകുമെന്ന് കരുതുന്നു. ടീം-ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി (ക്യാപ്റ്റൻ), ലോകേഷേ് രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്/യുസ്വേന്ദ്ര ചാഹൽ, ബുംറ, ഖലീൽ അഹമ്മദ്. ഓസ്ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഡാർസി ഷോട്ട്, ക്രിസ് ലിൻ, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയ്നിസ്, മക്ഡെർമോട്ട്, അലക്സ് കാരി, കൂൾട്ടർ നൈൽ, ആൻഡ്രൂ ടൈ, ബെഹ്റൻഡോർഫ്, സ്റ്റാൻലേക്ക്. Content Highlights: india vs australia series starts with t20 match
from mathrubhumi.latestnews.rssfeed https://ift.tt/2OZu2Sc
via
IFTTT
No comments:
Post a Comment