തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലുള്ള പ്രതിഷേധങ്ങൾക്കിടെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം തിങ്കളാഴ്ച സന്നിധാനത്തെത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പമ്പയിലെത്തുമെന്ന് അദ്ദേഹം ഐ.എ.എൻ.എസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ശബരിമലയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്താനാണ് കേന്ദ്രമന്ത്രി എത്തുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രണ്ടുമാസം മുമ്പ് താൻ ശബരിമലയിൽ സന്ദർശനം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രളയംമൂലം അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന സ്ഥിതിയാണ് അന്ന് കാണാൻ കഴിഞ്ഞത്. തീർഥാടന കാലത്തിനു മുമ്പായി നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് അന്ന് താൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നുംഅദ്ദേഹം പറഞ്ഞു. ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലിൽനിന്ന് പോലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ ബിജെപി സംസ്ഥാനത്തെ ദേശീയപാതകൾ ഉപരോധിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി തിങ്കളാഴ്ച എത്തുമെന്ന പ്രഖ്യാപനം. അറസ്റ്റുചെയ്ത് ചിറ്റാർ പോലീസ് സ്റ്റേഷനിലെത്തിയ കെ സുരേന്ദ്രനെ പിന്നീട് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെയും പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രണ്ടു നേതാക്കളെയും അറസ്റ്റു ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2FqH7Et
via
IFTTT
No comments:
Post a Comment