തിരുവനന്തപുരം: സ്ത്രീധന നിരോധനനിയമം നടപ്പാക്കുന്നതിൽ കേരളം പൂർണപരാജയമെന്ന് ഭരണപരിഷ്കരണ കമ്മിഷൻ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കിൽ 2008 മുതൽ 2017 വരെ കേരളത്തിൽ ഈ നിയമപ്രകാരം ആകെയെടുത്തത് 49 കേസ് മാത്രം. എന്നാൽ, ഇക്കാലയളവിൽ സ്ത്രീധനപീഡനത്തിൽ മരിച്ചത് 233 സ്ത്രീകളും. നിയമം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ സ്ത്രീധനം കൊടുക്കുന്നവരെ കുറ്റവാളികളായല്ലാതെ ഇരകളായി കണക്കാക്കണമെന്നും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ കമ്മിഷൻ സർക്കാരിന് ശുപാർശ ചെയ്തു. ജില്ലതോറും സ്ത്രീധനനിരോധന ഓഫീസർമാരെ നിയമിക്കുന്നതിന്റെ സാധ്യത ആരായണമെന്നും കമ്മിഷൻ നിർദേശിച്ചു. ഇപ്പോൾ മൂന്ന് മേഖലാ ഓഫീസർമാരാണുള്ളത്. നിയമപ്രകാരമുള്ള ഉപദേശകസമിതി ഇത്രയും കാലമായിട്ടും രൂപവത്കരിച്ചിട്ടില്ല. കമ്മിഷന്റെ മൂന്നാമത്തെ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ. സ്ത്രീധനം നൽകുന്നവരും കുറ്റവാളികൾ സ്ത്രീധനം നൽകുന്നവരെയും കുറ്റവാളികളായിക്കാണുന്നതിലെ വൈരുധ്യമാണ് നിയമം പരാജയപ്പെടാൻ കാരണങ്ങളിലൊന്നെന്ന് കമ്മിഷൻ വിലയിരുത്തുന്നു. സ്ത്രീധനം നൽകേണ്ടിവരുന്നവരാണ് ഈ തിന്മയ്ക്കെതിരേ പരാതിപ്പെടേണ്ടത്. പരാതിപ്പെട്ടാൽ, അവർ കുറ്റവാളികളാവും. ഇതാണ് കേസുകൾ കുറയാൻ കാരണം. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇതിനായി പ്രേരിപ്പിക്കുകയോ ചെയ്താൽ അഞ്ചുവർഷത്തിൽ കുറയാത്ത തടവും 15,000 രൂപയോ, സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണ് വലുത് അത്രയുംവരെ പിഴയോ ആണ് ശിക്ഷ. വ്യക്തമായ കാരണമുണ്ടെങ്കിൽ ആറുമാസംമുതൽ രണ്ടുവർഷംവരെയായി കോടതികൾക്ക് ശിക്ഷകുറയ്ക്കാം. പരാതിപ്പെടുന്നവർ കുറവ് 2013-ൽ വെറും മൂന്ന് കേസാണ് ഈ നിയമപ്രകാരം എടുത്തത്. എന്നാൽ, ആ വർഷം സ്ത്രീധനപീഡനത്തിൽ 32 പേർ മരിച്ചു. 2016-ലും മൂന്ന് കേസ് മാത്രം. മരിച്ചത് 25 പേർ. എട്ടു കേസുണ്ടായ 2017-ലും 13 പേർ മരിച്ചു. സ്ത്രീധനത്തിന്റെപേരിൽ മരണത്തിലും ആത്മഹത്യയിലും എത്താവുന്ന ഒട്ടേറെ സംഭവങ്ങൾ നടക്കുമ്പോഴും തുടക്കത്തിലേ പരാതിപ്പെടാൻ ആരും തയ്യാറല്ല. വിവാഹമോചനക്കേസിൽ വാദം കേൾക്കുമ്പോൾ കുടുംബകോടതികളാണ് ചുരുക്കം കേസുകളെങ്കിലും കൈമാറുന്നത്. നിയമത്തിലെ വൈരുധ്യം 1961-ലാണ് നിയമം നിലവിൽവന്നത്. ഇതിലൂടെ സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഈ തിന്മ സമൂഹത്തിൽ കൂടുതൽ വ്യവസ്ഥാപിതമാകുകയാണ് ചെയ്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനുകാരണം നിയമത്തിലെ വൈരുധ്യങ്ങളും നിയമം നടപ്പാക്കുന്നതിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ്. വിവാഹസമയത്ത് ആവശ്യപ്പെടാതെ കിട്ടുന്ന സമ്മാനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന് നിയമത്തിലുണ്ട്. ഇത് സമ്മാനമെന്നപേരിൽ സ്ത്രീധനത്തെ വെള്ളപൂശുകയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ചട്ടങ്ങളായത് 2004-ൽ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് 2004-ൽ ചട്ടങ്ങൾ രൂപപ്പെടുത്തി. ഇതനുസരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്നുമേഖലകളിൽ സ്ത്രീധന നിരോധന ഓഫീസർമാരെ നിയോഗിച്ചു. ഇവർ സ്ത്രീധനത്തിനെതിരേ ബോധവത്കരണം നടത്തണം. ഓരോ പരാതിയെ സംബന്ധിച്ചും വെവ്വേറെ ഫയലും ഇവർ സൂക്ഷിക്കണം. എന്നാൽ, ഈ ഉദ്യോഗസ്ഥർക്കാവശ്യമായ പ്രത്യേക സൗകര്യങ്ങളൊന്നും സർക്കാർ നൽകിയിട്ടില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. മൂന്ന് റിപ്പോർട്ടുകൾ, നടപടിയില്ല വി.എസ്. അച്യുതാനന്ദനെ അധ്യക്ഷനാക്കുന്നതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കുശേഷം രൂപംകൊണ്ട ഭരണപരിഷ്കരണ കമ്മിഷൻ ഇതിനകം മൂന്ന് റിപ്പോർട്ടുകൾ നൽകിയെങ്കിലും സർക്കാർ ഒന്നിൽപ്പോലും നടപടിയെടുത്തിട്ടില്ല. നടപടിയെന്തായെന്ന് ചോദിച്ച് സർക്കാരിന് വീണ്ടും വീണ്ടും കത്തയച്ച് കാത്തിരിക്കുകയാണ് കമ്മിഷൻ. വിജിലൻസ് സംവിധാനങ്ങളുടെ പരിഷ്കാരം, സർക്കാർ ജീവനക്കാരുടെ കാര്യശേഷി വർധിപ്പിക്കൽ എന്നിവയിലായിരുന്നു ആദ്യ രണ്ട് റിപ്പോർട്ടുകൾ. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളുടെ ക്ഷേമവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ നൽകിയ റിപ്പോർട്ടിലാണ് സ്ത്രീധനനിരോധന നിയമം ഉൾക്കൊള്ളിച്ചിട്ടുള്ളത്. വി.എസിനുപുറമേ, മുൻ ചീഫ് സെക്രട്ടറിമാരായ സി.പി. നായരും നീലാ ഗംഗാധരനുമാണ് സമിതിയംഗങ്ങൾ. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാതോമസാണ് മെമ്പർ സെക്രട്ടറി. Content Highlights:Dowry system
from mathrubhumi.latestnews.rssfeed https://ift.tt/2RWBCPK
via
IFTTT
No comments:
Post a Comment