ഹർത്താൽ പ്രഖ്യാപനം അസ്ഥാനത്തായി; ബി.ജെ.പി.യിൽ ‘മുറുമുറുപ്പ്’ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

ഹർത്താൽ പ്രഖ്യാപനം അസ്ഥാനത്തായി; ബി.ജെ.പി.യിൽ ‘മുറുമുറുപ്പ്’

കൊച്ചി: ശബരിമല സമരത്തെച്ചൊല്ലി ബി.ജെ.പി.യിൽ അമർഷവും മുറുമുറുപ്പും. ഒാരോ ജില്ലകൾക്കും ചുമതല നൽകി സമരം ഇതുവരെ നീട്ടിക്കൊണ്ടുപോകാൻ സാധിച്ചെങ്കിലും ദിവസം കഴിയുന്തോറും സെക്രട്ടേറിയറ്റിനുമുന്നിലെ സമരം ജനങ്ങളിൽനിന്ന് അകലുന്നതിന്റെ അതൃപ്തി നേതാക്കളിലും പ്രവർത്തകരിലുമുണ്ട്. ജനകീയമായിരുന്ന ഒരു സമരം അടിക്കടിയുള്ള ഹർത്താൽ പ്രയോഗത്തിലൂടെ ജനവിരുദ്ധമായി മാറിയെന്ന ചർച്ചകളും പാർട്ടിക്കുള്ളിലുണ്ട്. ഇതേച്ചൊല്ലി ഗ്രൂപ്പുതിരിഞ്ഞുള്ള കുറ്റപ്പെടുത്തലുകളും ശക്തമായി. മതിയായ കാരണമില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളുടെ എതിർപ്പു പിടിച്ചുപറ്റിയെന്ന ആക്ഷേപമാണ് പാർട്ടിക്കുള്ളിൽ പരസ്പരം പഴിചാരലിലേക്കെത്തിയിരിക്കുന്നത്. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുതിർന്ന നേതൃത്വം എതിരായിരുന്നെങ്കിലും ചിലർ നടത്തിയ പക്വതയില്ലാത്ത ഇടപെടലുകളാണ് അതിനുപിന്നിലെന്ന് നേതാക്കൾ കുറ്റപ്പെടുത്തുന്നു. സമരപ്പന്തലിനുമുന്നിൽ നടന്ന ആത്മഹത്യശ്രമത്തെ ആദ്യം തള്ളുകയും പിന്നെ തങ്ങളുടെ ആളാണെന്ന പ്രഖ്യാപനത്തോടെ ഹർത്താലിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തത് ചിലരുടെ ഗൂഢമായ ഇടപെടലുകളാണെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നടത്തിയ മൂന്നു ഹർത്താലുകളും അനവസരത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റുചെയ്ത് വിവിധ കോടതികളിൽ കൊണ്ടുനടന്നപ്പോൾ അനങ്ങാതിരുന്ന പാർട്ടിനേതൃത്വം പിന്നീട്, അനവസരത്തിൽ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. സുരേന്ദ്രനെ അറസ്റ്റുചെയ്തപ്പോഴായിരുന്നു ഹർത്താൽ വേണ്ടിയിരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അപകട മരണവും ആത്മാഹുതിയുമെല്ലാം ഏറ്റെടുത്ത് മൈലേജുണ്ടാക്കാൻ ശ്രമിക്കുമ്പോൾ, പാർട്ടി പരിഹാസ്യമായെന്നും ഇവർ പറയുന്നു. പാർട്ടിവേദികളിൽ ഈ അഭിപ്രായങ്ങൾ പരസ്യമായിട്ടില്ല. ശബരിമല സമരത്തെ, മലയിറക്കി സെക്രട്ടേറിയറ്റ് നടയിൽ കൊണ്ടുവന്നത് സംഘത്തിന്റെ അറിവോടെയാണെങ്കിലും പിന്നീടുള്ള സംഭവവികാസങ്ങൾ ആർ.എസ്.എസ്. അറിഞ്ഞല്ലെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടി അനുഭാവികൾപോലുമല്ലാതിരുന്ന വിശ്വാസികളായ വനിതകളെ തെരുവിലിറക്കി തുടങ്ങിയ സമരം പാർട്ടിക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. 'സുവർണാവസര'മായി സംസ്ഥാന പ്രസിഡന്റുതന്നെ പരസ്യമായി പറഞ്ഞ സാഹചര്യം ഉണ്ടായിരുന്നിട്ടും അത് വേണ്ടവണ്ണം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും അവസരം കളഞ്ഞുകുളിച്ചെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. ശബരിമലയിൽ പ്രശ്നങ്ങൾ ശാന്തമാകുകയും സർക്കാർ ഗൗനിക്കാതിരിക്കുകയും ചെയ്യുമ്പോൾ സമരം എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യം പാർട്ടി നേതൃത്വത്തെ ഉലയ്ക്കുന്നുണ്ട്. Content Highlights:bjp hartal-kerala bjp


from mathrubhumi.latestnews.rssfeed https://ift.tt/2rDeom7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages