ചങ്ങനാശ്ശേരി:സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എൻ.എസ്.എസ്. സംസ്ഥാനത്ത് നടന്ന അക്രമങ്ങൾക്കും കലാപങ്ങൾക്കും മുഴുവൻ കാരണം സർക്കാർ തന്നെയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കുറ്റപ്പെടുത്തി. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സർക്കാർ നിരീശ്വരവാദം നടപ്പാക്കുകയാണ്. സുപ്രീംകോടതി വിധിയുടെ മറവിൽ നവോത്ഥാനത്തിന്റെ പേരിൽ യുവതീപ്രവേശനത്തിലൂടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കി. നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും നടന്നുവരുന്നത്. ജനങ്ങൾ നൽകിയ അധികാരം കൈയിൽ വച്ചുകൊണ്ട് ഏത് ഹീനമാർഗവും ഉപയോഗിച്ച് പാർട്ടിയുടെ നയം നടപ്പാക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് സംശയിക്കുന്നതിൽ തെറ്റ് പറയാനാകില്ലെന്നും സുകുമാരൻ നായർ പ്രസ്താവനയിലൂടെ വിമർശിക്കുന്നു. ഇതിന്റെ പേരിൽ നടക്കുന്ന കലാപങ്ങൾക്കെല്ലാം കാരണക്കാർ സംസ്ഥാന സർക്കാരാണെന്നാണ് ജനം വിധിയെഴുതുന്നത്. ആദ്യം മുതൽ തന്നെ സമാധാനപരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം ഇത്രയും സങ്കീർണമാക്കിയതും സർക്കാരാണെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തുന്നു. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസിൽ കുടുക്കി ജയിലിലടക്കുക, നാട്ടിൽ മുഴുവൻ അരാജകത്വം സൃഷ്ടിക്കുക, ഏത് കള്ളവും മാറി മാറി പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാൻ ശ്രമിക്കുക. ഹൈന്ദവ ആചാര്യന്മാരെ നികൃഷ്ടമായി അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക ഇതെല്ലാമാണ് സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു. ഇതൊരു ജനാധിപത്യ സർക്കാരിന് യോജിച്ചതാണോ എന്നും അദ്ദേഹം ചോദിക്കുന്നു. നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ച് ഈശ്വര വിശ്വാസം നിലനിർത്തേണ്ടത് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആവശ്യമാണ്. അത് സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. സർക്കാർ അത് നിറവേറ്റിയില്ലെങ്കിൽ വിശ്വാസികൾ അതിനായി രംഗത്തിറങ്ങുന്നത് തെറ്റാണെന്ന് പറയാനാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇതിന് രാഷ്ട്രീയ നിറം നൽകി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഏത് മതത്തിന്റേതായാലും വിശ്വാസം സംരക്ഷിക്കേണ്ടതാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിന് ഇതാവശ്യമാണ്. അവിടുത്തെ വിശ്വാസം തകർക്കാൻ ആരേയും അനുവദിക്കാൻ കഴിയില്ല. എല്ലാ സമുദായത്തിൽ പെട്ട വിശ്വാസികളും സമാധാനപരമായി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സുകുമാരൻ നായർ പറയുന്നു. Content Highlights: Nss against Pinarayi government, Sukumaran nair
from mathrubhumi.latestnews.rssfeed http://bit.ly/2RgJeAo
via
IFTTT
No comments:
Post a Comment