'കൊച്ചി പഴയ കൊച്ചിയായിരിക്കില്ല. പക്ഷേ, ബിലാൽ പഴയ ബിലാൽ തന്നെയാണ്' - എന്ന ബിലാൽ ജോൺ കുരിശിങ്കലിന്റെ ഡയലോഗ് ശരി തന്നെ. 'ഈ അധോലോകമെന്നത് ഹോളിവുഡിലും മുംബൈയിലും മാത്രമല്ല, കൊച്ചിയിലുമുണ്ട്'. സിനിമയിൽ പഞ്ചിനു വേണ്ടി പറഞ്ഞ ഡയലോഗുകളാണെങ്കിലും കൊച്ചുകൊച്ചി ഈ പറഞ്ഞതുപോലെ മാറി, സിനിമയിൽ കാണുന്നതിനെക്കാൾ കൂടുതൽ. വ്യവസായവും വ്യാപാരവും റിയൽ എസ്റ്റേറ്റും സിനിമാ നിർമാണവും എല്ലാം കൊച്ചിയിൽ തഴച്ചുവളർന്നപ്പോൾ ഒരു അധോലോകം വളരാനുള്ള മണ്ണായി മാറുകയായിരുന്നു ഈ 'ചോട്ടാ മുംബൈ'. കടൽത്തീരമുള്ള, വിമാനത്താവളമുള്ള കൊച്ചി ലഹരി - സ്വർണം കടത്തിന്റെയും ഹവാല ഇടപാടിന്റെയും ഹബ്ബായി മാറിയിരിക്കുകയാണ്. കേരള എക്സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട കൊച്ചിയിൽ നടന്നത് മൂന്ന് മാസം മുമ്പാണ്. 200 കോടിയുടെ ന്യൂജെൻ ലഹരിമരുന്ന്, എം.ഡി.എം.എ ആണ് എക്സൈസ് പിടികൂടിയത്. മലേഷ്യയിലേക്ക് കടത്താനുള്ളതായിരുന്നു ഇത്. സുരക്ഷിതമായി ലഹരി കയറ്റിയയക്കാനുള്ള സ്ഥലമായി കൊച്ചി മാറിയെന്ന തിരിച്ചറിവാണ് ചെന്നൈയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയയെ കൊച്ചിയിലേക്ക് എത്തിച്ചത്. കോടികളുടെ പണമിടപാടാണ് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്നത്. കോടിയിൽ കുറയാത്ത പണം പലിശയ്ക്ക് കൊടുക്കുന്ന മഹാരാജ മഹാദേവനെയും വേലായുധനെയും കൊച്ചിയിലേക്ക് അടുപ്പിച്ച ഘടകമെന്താണ്? പണം തിരിച്ചുപിടിക്കാനും പലിശ നൽകാത്തവരെ ശരിപ്പെടുത്താനുമുള്ള ഗുണ്ടാ സംഘങ്ങൾ കൊച്ചിയിൽ ഉണ്ടെന്ന ചിന്തതന്നെ. വാതുവെപ്പും ചൂതാട്ടവും ഐ.എസ്.എൽ. മത്സരങ്ങളോടനുബന്ധിച്ചുള്ള വാതുവെപ്പ് വരെ രഹസ്യമായി കൊച്ചിയിൽ നടന്നിരുന്നു. കൂടെയാണ് ലക്ഷങ്ങൾ വെച്ചുള്ള ചീട്ടുകളികൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലെത്തി പണംവെച്ച് ചീട്ടുകളി നടത്തിയവരുണ്ട്. ഗുണ്ടാ സംഘങ്ങളായിരുന്നു ഇത്തരം ചീട്ടുകളികൾ കൊച്ചി നഗരത്തിൽ നടത്തിയിരുന്നത്. കളിയോടൊപ്പം ലഹരിയും വരും. വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ചായിരുന്നു ചീട്ടുകളി നടത്തിയത്. വന്നതും നിസാരക്കാരായിരുന്നില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസുകാരായിരുന്നു. ചൂതാട്ടത്തിന് വരുന്നവർക്ക് പണം കടം കൊടുക്കാൻ വരെ സംവിധാനമുണ്ട്. ഇത്തരത്തിൽ ചൂതാട്ട കേന്ദ്രമായും വളരുകയാണ് കൊച്ചി. ചിറ്റൂർ റോഡ് ചുവക്കുന്നു പെൺവാണിഭം ചില നടിമാരെ കേന്ദ്രീകരിച്ചുവരെ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിൽ നിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസിന് ലഭിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ 30 ഓളം പെൺവാണിഭ ഇടനിലക്കാരുമായി അശ്വതി ബാബുവിന് ബന്ധമുണ്ടായിരുന്നു. കൂടെ കേരളത്തിന് പുറത്തുനിന്നും പെൺകുട്ടികളെ ഇവർ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. പെൺവാണിഭത്തിനൊപ്പമാണ് ഇവർ ന്യൂജെൻ ലഹരി വിൽപ്പനയും നടത്തിയിരുന്നത്. ഇത്തരം വൻകിട പെൺവാണിഭ സംഘങ്ങളോടൊപ്പം തന്നെ നഗരത്തിൽ പലയിടത്തും ചെറുകിട പെൺവാണിഭ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, നോർത്ത് റെയിൽവേ മേൽപ്പാലം, എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, വളഞ്ഞമ്പലം, സൗത്ത് റെയിൽവേ മേൽപ്പാലം എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം. കച്ചേരിപ്പടി മുതൽ വളഞ്ഞമ്പലം വരെയുള്ള ചിറ്റൂർ റോഡ് ഒരു ചുവന്ന തെരുവ് പോലെ അർദ്ധരാത്രി മാറും. ഇവിടെ വലിയ ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിക്കാൻ വരെ ഇവിടെ സംവിധാനമുണ്ട്. സ്ഥിരം കക്ഷികൾ ചിലർ പുതിയതായി എത്തിയവരോട് പിരിവ് ചോദിക്കും. പണം തരാത്തവരെ രാത്രിയിൽ ഓട്ടോ ഓടിക്കുന്ന ക്രിമിനൽ കേസിൽപ്പെട്ട ചിലരെ കാട്ടി ഭയപ്പെടുത്തുകയും ചെയ്യും. ഇടപ്പള്ളി, കലൂർ എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. രഹസ്യമായി വീഡിയോ എടുത്ത് പിന്നീട് യുവാക്കളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഭവങ്ങളും ഇവിടെ അരങ്ങേറുന്നുണ്ട്. മാനനഷ്ടം ഭയന്ന് ആരും കേസിനു പിറകെ പോകാറില്ലെന്നു മാത്രം. സ്കൂൾ പരിസരങ്ങളിലെ ക്വട്ടേഷൻ സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികൾ വൈകുന്നേരങ്ങളിൽ ഗ്രൂപ്പ് ചേർന്ന് കോർക്കുന്നതു സ്ഥിരം സംഭവമാണ്. കൈയിൽ പണമുള്ള കുട്ടികൾ ചില കുട്ടിഗുണ്ടകളെ സ്കൂളിനു പുറത്ത് സെറ്റ് ചെയ്യും. അടി പൊട്ടുന്നതോടെ നാട്ടുകാർ എല്ലാരേയും പിടിച്ചൊതുക്കും. കാര്യം തിരക്കുമ്പോൾ തല്ലിയവനും തല്ലുകൊണ്ടവനും എന്താ കാര്യം എന്ന് മാത്രം അറിയില്ല. ഇതോടെയാണ് ഇതൊരു ചെറിയ ക്വട്ടേഷൻ ആണെന്ന് തിരിച്ചറിയുന്നത്. ഇത്തരം ക്വട്ടേഷൻ ബന്ധങ്ങളാണ് പിന്നീട് കുട്ടികളെ ലഹരി കടത്തിലേക്കും ലഹരിയുടെ ഉപയോഗത്തിലേക്കും വന്നെത്തിക്കുന്നത്. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയ്ക്ക് താത്കാലിക ആശ്വാസം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയ്ക്ക് കുറവുണ്ടെങ്കിലും അതെന്ന് വേണമെങ്കിലും തല പൊക്കാം. ഇന്ന് രണ്ട് പ്രമുഖ ഗുണ്ടാത്തലവന്മാരും അകത്തായതിനാൽ കുടിപ്പകയിലേക്ക് പോകാതെ അവർ കഴിയുകയാണ്. സിനിമ ആണെങ്കിലും രാഷ്ട്രീയം ആണെങ്കിലും ഗുണ്ടാ സംഘങ്ങൾ ഇല്ലാതെ പിടിച്ചുനിൽക്കാൻ പറ്റില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജില്ലയുടെ മലയോര മേഖലയിൽ പോസ്റ്റർ കീറുന്നവരെ ഒതുക്കാനും സംഘർഷം ഉണ്ടായാൽ പിടിച്ചു നിൽക്കാനുമെല്ലാം ഗുണ്ടകൾ വേണം സ്ഥാനാർഥികൾക്ക്. മുൻപ് സിനിമ തീയേറ്ററിൽ ഒന്നാംദിവസം ബ്ലാക്കിൽ ടിക്കറ്റ് വിൽക്കാൻ നിന്നിരുന്ന ഗുണ്ടകൾക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വന്നതോടെ ജോലിപോയി. എന്നാൽ ഇവർ സിനിമാസെറ്റുകളിൽ ആളെ ഒതുക്കുന്ന പണികളിലേക്ക് പിന്നീട് തിരിഞ്ഞു. 11 കൊലപാതകങ്ങൾ കഴിഞ്ഞ വർഷം ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കിൽ മെട്രോപോളിറ്റിൻ നഗരങ്ങളിലെ ഐ.പി.സി. കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചി, ഡൽഹിക്ക് പിന്നിൽ രണ്ടാമതായിരുന്നു. അതിൽ ഈ വർഷവും വലിയ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. കൊച്ചി സിറ്റി പോലീസിന്റെ പരിധിയിൽ 11 കൊലപാതകങ്ങളാണ് നവംബർ വരെയുള്ള കണക്ക് പ്രകാരം നടന്നത്. വധശ്രമക്കേസുകൾ 28 കഴിഞ്ഞു. തട്ടിപ്പുകേസുകൾ നാന്നൂറിനടുത്തെത്തി. ഈ വർഷം നവംബർ വരെയുള്ള കണക്ക് പ്രകാരം 18,616 ഐ.പി.സി. കേസുകളാണ് കൊച്ചി സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അധോലോക നായകൻ രവി പൂജാരിയുടെ ബന്ധം പനമ്പിള്ളി നഗറിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക് പട്ടാപ്പകൽ നടന്ന വെടിവെപ്പ് നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതിനു പിറകെ പോയ അന്വേഷണമാണ് മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ ബന്ധത്തിലേക്ക് എത്തിച്ചത്. രവി പൂജാരിയുടെ ക്വട്ടേഷനായിരുന്നു പനമ്പിള്ളി നഗറിൽ അരങ്ങേറിയത്. മുംബൈ അധോലോക നായകന് കൊച്ചിയിലെ പ്രാദേശിക ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. കൂടെ ലീന മരിയ പോളിന്റെ കോടികളുടെ സാമ്പത്തിക ബന്ധങ്ങളുടെ രഹസ്യം ഒന്നൊന്നായി അഴിയുകയാണ്. റേവ് പാർട്ടികളുടെ കേന്ദ്രം ലഹരി പാർട്ടിയുടെ ഇഷ്ടകേന്ദ്രമായി മാറി കൊച്ചി. ഗോവയിലും ബെംഗളൂരുവിലും കേന്ദ്രീകരിച്ച് നടന്നിരുന്ന റേവ് ലഹരി പാർട്ടികൾ കൊച്ചിയിലേക്ക് വന്നു തുടങ്ങിയത് കഴിഞ്ഞ വർഷത്തോടെയാണ്. ഈ വർഷത്തോടെ അത് വ്യാപിച്ചു. കൊച്ചിയിൽ വൻ ലഹരി പാർട്ടികൾ നടത്താൻ ലഹരിമാഫിയ സംഘങ്ങൾ പ്ലാനിട്ടു. ഇതിനായി കോടികളുടെ ലഹരിയാണ് കൊച്ചിയിലേക്ക് മാഫിയകൾ കടത്തുന്നത്. കേരളത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ആളുകൾ എത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളും വരെ ലഹരി പാർട്ടികളിൽ എത്തുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. കൊച്ചിയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ചെറിയ ലഹരി പാർട്ടികൾ വാരാന്ത്യത്തിൽ നടക്കുന്നുണ്ട്. പാർട്ടികളിലെ ഈ ന്യൂജെൻ ലഹരിയുടെ ആവശ്യമാണ് കൊച്ചിയിലേക്ക് ലഹരി ഒഴുക്ക് കൂടാനുള്ള ഒരു കാരണം. ആറ് മാസത്തിനിടെ 600 കോടിയാണ് കേരളത്തിലേക്ക് എത്തിയത്. അതിൽ നല്ലൊരു പങ്കും കൊച്ചിയിലേക്കായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 200 കോടിയുടെ എം.ഡി.എം.എ. കടത്തിയ സംഘത്തിലെ അലിയും ഇവിടെ നിന്നു തന്നെയുള്ള ലഹരി സംഘത്തലവൻ ഇബ്രാഹിം ഷായും കൊച്ചിയിലേക്ക് കോടികളുടെ ലഹരി കടത്താൻ പദ്ധതിയിടുന്നുണ്ട്. പോലീസ് അന്വേഷണം ശക്തമാക്കിയതോടെ വിവിധ മാർഗങ്ങളാണ് ഇവർ ലഹരി കടത്തിനായി അവലംബിക്കുന്നത്. Content Highlight: kochi and underworld
from mathrubhumi.latestnews.rssfeed http://bit.ly/2F3SuQH
via IFTTT
Wednesday, January 2, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
'അധോലോകമെന്നത് ഹോളിവുഡിലും മുംബൈയിലും മാത്രമല്ല, കൊച്ചിയിലുമുണ്ട്'
'അധോലോകമെന്നത് ഹോളിവുഡിലും മുംബൈയിലും മാത്രമല്ല, കൊച്ചിയിലുമുണ്ട്'
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment