കോതമംഗലം: ഊന്നുകല്ലിനു സമീപം നമ്പൂരിക്കൂപ്പിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അച്ഛൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുന്നത് മക്കൾക്ക് കണ്ടു നിൽക്കേണ്ടി വന്നു. നമ്പൂരിക്കൂപ്പ് പള്ളിക്ക് സമീപം കാപ്പിച്ചാൽ ഭാഗത്ത് ആമക്കാട്ട് സജി ആന്റണി (42) ഭാര്യ പ്രിയ (38) യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനാണ് കൃത്യം നടന്നതെന്ന് പോലീസ് അറിയിച്ചു. സജി ഒളിവിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈൽ ഫോണും സ്ഥലത്ത് കിടപ്പുണ്ട്. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തിൽ മുറിവേറ്റതായി പോലീസ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. അടുക്കള ഭാഗത്തു വച്ചാണ് സജി പ്രിയയെ വെട്ടിയത്. അച്ഛൻ അമ്മയെ വാക്കത്തിക്ക് വെട്ടുന്നതു കണ്ട് മക്കളായ എബിനും (12) ഗോഡ്വിനും (10) ഉറക്കെ നിലവിളിച്ച് പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഗോഡ്വിൻ ഓടി ഉദ്ദേശം 200 മീറ്റർ മാറിയുള്ള ഒരു വീട്ടിലെത്തി അമ്മയെ അപ്പൻ വാക്കത്തിക്ക് വെട്ടുന്നു രക്ഷിക്കണേ...യെന്ന് കരഞ്ഞ് പറഞ്ഞു. ഇവർ സമീപത്തെ ചിലരെയും കൂട്ടി സ്ഥലത്തെത്തിയപ്പോൾ രക്തംവാർന്ന് ചലനമറ്റ് കിടക്കുന്ന പ്രിയയെയാണ് കണ്ടത്. ആളുകൾ അറിയിച്ചതനുസരിച്ച്, തടിക്കുളം ഭാഗത്ത് താമസിക്കുന്ന പ്രിയയുടെ പിതാവ് ഔസേഫും സഹോദരൻ പ്രജുലും എത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലം ധർമഗിരി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രിയ ഊന്നുകൽ ടൗണിൽ തയ്യൽജോലി ചെയ്തുവരികയായിരുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സംഭവശേഷം കുട്ടികളെ പ്രിയയുടെ സഹോദരൻ പ്രജുലിന്റെ വീട്ടിലാക്കിയിരിക്കുകയാണ്. സജിയെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കി. റൂറൽ എസ്.പി. രാഹുൽ ആർ. നായർ, ഡിവൈ.എസ്.പി. കെ. ബിജുമോൻ, ഊന്നുകൽ എസ്.ഐ. എൽ. നിയാസ് എന്നിവർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തും. Content Highlight: woman hacked to death by husband front of her children
from mathrubhumi.latestnews.rssfeed http://bit.ly/2R12n97
via
IFTTT
No comments:
Post a Comment