പൊതുതിരഞ്ഞെടുപ്പിനു മൂന്നുമാസംമുമ്പ് മോദി സർക്കാരിന്റെ അപ്രതീക്ഷിത രാഷ്ട്രീയനീക്കം. മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുക എളുപ്പമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതവതരിപ്പിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയത്തട്ടിപ്പായിവേണം കാണാൻ. 16-ാം ലോക്സഭയുടെ അവസാനസമ്മേളനത്തിന്റെ അവസാനദിവസം ബിൽ കൊണ്ടുവരാനുള്ള നീക്കത്തിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയലക്ഷ്യമാണുള്ളത്. സാമ്പത്തികസംവരണം ബി.ജെ.പി.യുടെ പ്രഖ്യാപിത നയമാണെങ്കിലും ഇത്രയുംകാലം മിണ്ടാതിരുന്നിട്ട് വൈകിയവേളയിൽ ഭരണഘടനാഭേദഗതി കൊണ്ടുവരുന്നതിന് പിന്നിലെ ഉദ്ദേശ്യമാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്. മുന്നാക്ക സംവരണത്തെ പ്രതിപക്ഷം എതിർക്കില്ലെന്ന് വ്യക്തമാണ്. അതേസമയം, ബില്ല് കൊണ്ടുവരുന്ന രീതിയും സമയവും അവർ ചോദ്യംചെയ്യുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളിലേതിനേക്കാൾ മുന്നാക്കവിഭാഗങ്ങൾ കൂടുതലുള്ള യു.പി.യിൽ അവരുടെ പിന്തുണ ഉറപ്പാക്കുക നിർണായകമാണ്. സമാജ്വാദി പാർട്ടിയും ബി.എസ്.പി.യും സഖ്യവും സീറ്റുധാരണയും പരസ്യമാക്കിയതിന് പിന്നാലെയാണ് സർക്കാരിന്റെ സുപ്രധാന നീക്കമെന്നത് ശ്രദ്ധേയമാണ്. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാനുള്ള സാവകാശമോ ഭൂരിപക്ഷമോ ഇപ്പോൾ സർക്കാരിനില്ല. രാജ്യസഭയിൽ മാത്രമല്ല, ലോക്സഭയിൽതന്നെ സർക്കാരിന് ഇപ്പോൾ വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയാണ്. ഭരണഘടനാ ഭേദഗതിക്കാവശ്യമായ മൂന്നിൽരണ്ടു ഭൂരിപക്ഷത്തിന് എല്ലാ പ്രതിപക്ഷപാർട്ടികളുടെയും സഹായം വേണ്ടിവരും. മുന്നാക്ക സംവരണത്തോട് എതിർപ്പില്ലെങ്കിലും, ഭരണഘടനാ ബില്ലിനെ പിന്തുണച്ച് സർക്കാരിനു രാഷ്ട്രീയനേട്ടം ഉണ്ടാക്കിക്കൊടുക്കാൻ പ്രതിപക്ഷം തയ്യാറാവില്ല. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് സർക്കാർ ഈ ബിൽ കൊണ്ടുവരുന്നത്. ബിൽ പാസാക്കാൻ പ്രതിപക്ഷം സഹായിച്ചില്ലെന്ന പ്രചാരണത്തിലേക്കാവും ബി.ജെ.പി. കടക്കുക. ഭരണഘടനയനുസരിച്ച് സംവരണം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് മാത്രമാണ്. മണ്ഡൽ കമ്മിഷനുൾപ്പെടെയുള്ള കേസുകളിൽ കോടതി വ്യക്തമാക്കിയതും അതാണ്. സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലാത്തനിലയ്ക്ക് അതിനായുള്ള നിയമനിർമാണം സ്വാഭാവികമായും കോടതിയിൽ ചോദ്യംചെയ്യപ്പെടും. വാജ്പേയ് സർക്കാരിന്റെ കാലത്ത് ഇതുപോലൊരു നീക്കം ഉണ്ടായിരുന്നെങ്കിലും ബിൽ അവതരിപ്പിക്കുന്നത് അവസാനനിമിഷം മാറ്റിവെച്ചു. സാമ്പത്തികസംവരണം കൊണ്ടുവരാൻ അന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഇപ്പോൾ മുന്നാക്കവിഭാഗക്കാരുടെ വിവിധ സംഘടനകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്തിലും ബി.ജെ.പി.ക്കെതിരേ തിരിഞ്ഞ പശ്ചാത്തലത്തിൽകൂടിയാണ് മോദി സർക്കാർ തങ്ങളുടെ പ്രഖ്യാപിതനയം പൊടിതട്ടിയെടുക്കുന്നത്. സംവരണത്തിനനുകൂലമായും എതിരായും ആർ.എസ്.എസ്. നേതാക്കൾ പലതരത്തിൽ സംസാരിക്കാറുണ്ട്. സംവരണനയം പുനഃപരിശോധിക്കണമെന്ന് മോഹൻ ഭാഗവത് രണ്ടുകൊല്ലംമുമ്പ് പ്രസ്താവിച്ചത് ബി.ജെ.പി.യിൽ ഏറെ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. എന്നാൽ, സംവരണനയത്തിൽ മാറ്റമുണ്ടാവില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി മോദി സ്വീകരിച്ചത്. Content Highlights: Reservation
from mathrubhumi.latestnews.rssfeed http://bit.ly/2Fdqvz2
via
IFTTT
No comments:
Post a Comment