കണ്ണൂർ/പാലക്കാട്/ പത്തനംതിട്ട: ഹർത്താലിനോട് അനുബന്ധിച്ച് സംഘർഷം പടർന്ന മേഖലകൾ ശാന്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആസൂത്രിത ആക്രമണങ്ങൾ ഉണ്ടായില്ലെങ്കിലും കണ്ണൂരിലും പാലക്കാട്ടും അങ്ങിങ്ങ് സംഘർഷങ്ങളുണ്ടായി. പത്തനംതിട്ടയിൽ അക്രമങ്ങളുണ്ടായില്ല, എന്നാൽ ശബരിമല തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. പാലക്കാട് ബിജെപി ഓഫീസ് ആക്രമിച്ച കേസിൽ മുൻ എം.പി എൻ.എൻ കൃഷ്ണദാസിന്റെ ഡ്രൈവർ ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിൽ ശനിയാഴ്ച രണ്ടിടത്താണ് ബോംബേറുണ്ടായത്. തലശേരിയിൽ എൻ.ജി.ഒ യൂണിയൻ നേതാവ് പി.വിമൽകുമാറിന്റെ വീടിന് നേരേ പുലർച്ചെയുണ്ടായ ബോംബേറിൽ ജനലിന്റെ ചില്ല് തകർന്നു. മുറ്റത്താണ് ബോംബ് വീണത്. യുവമോർച്ച നേതാവ് റിതിന്റെ വീടിന് നേരേയും ബോംബേറുണ്ടായി. വീടിന് കേടുപാടുണ്ടായി. എന്നാൽ വ്യാപകമായ അക്രമം എവിടേയും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ അക്രമ സംഭവങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. നാളെ അർധരാത്രി വരെയാണ് തലശേരി, ന്യൂമാഹി പോലീസ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ശനിയാഴ്ച രാത്രി മുതൽ മൂന്ന് അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ചേർപ്പുളശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷബീറലിയെ മുഖം മൂടിയിട്ട നാലംഗ സംഘം വീട്ടിൽ കയറി വെട്ടി. പട്ടാമ്പിയിൽ ആർ.എസ്.പ്രവർത്തകൻ സനൂഷിനും വെട്ടേറ്റു. രണ്ട് സംഭവങ്ങൾക്ക് പിന്നിലും എസ്.ഡി.പി.ഐ പ്രവർത്തകരെയാണ് സംശയിക്കുന്നത്. അട്ടപ്പാടിയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. മൂന്നുപേരെ കോട്ടത്തറയിലെ ആശുപത്രിയിലും ഒരാളെ അഗളിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പുതിയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സേനയെ ജില്ലയിലെ സംഘർഷ സാധ്യതയുള്ള മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബോംബേറിൽ ഏഴ് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 314 പേരെയാണ് അറസ്റ്റ് ചെയ്തത്. 77 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 63 പേരെ കരുതലായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. content highlights:two house attack incidents in Kannur, violence continues in Palakkad, Pathanamthitta back to calm
from mathrubhumi.latestnews.rssfeed http://bit.ly/2Fc1ovE
via
IFTTT
No comments:
Post a Comment